ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ബിജെപിക്കോ പോഷക സംഘടനകൾക്കോ പങ്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കർണാടക ഭരിക്കുന്നത് കോൺഗ്രസ് ആണെന്നും ക്രമസമാധാന നില പാലിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും ഗഡ്കരി പ്രതികരിച്ചു. 

സംഘപരിവാറിനെതിരെ ഉയരുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ഗൗരി ലങ്കേഷിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് നിതിൻ ഗഡ്കരി പറഞ്ഞത്. പ്രധാനമന്ത്രിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ഒരു പാർട്ടിയുടെ പ്രധാനമന്ത്രിയല്ലെന്ന് ഓർക്കണമെന്നും ഗഡ്കരി പറഞ്ഞു.

ബിജെപിക്കും ആർഎസ്എസിനുമെതിരെ സംസാരിക്കുന്നവരെ കൊല്ലാൻ പോലും മടിക്കില്ലെന്നാണ് ബിജെപിയുടെ നിലപാടെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് ഗഡ്കരിയെ ചൊടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തില്ലെന്ന് പോലും ഓർക്കാതെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ അദ്ദേഹത്തിനെതിരായി ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും ഗഡ്കരി ആരോപിച്ചു.