തിരൂർ: കൽപകഞ്ചേരി പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി തിരൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ പി.ലില്ലീസ്. വ്യാപക അവഗണനയാണ് തങ്ങൾ നേരിടുന്നതെന്നും നാട്ടുകാർ സ്ഥാനാർത്ഥിയോട് പറഞ്ഞു. നാട്ടുകാരുടെ പ്രശ്നങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞ് നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകുമെന്നും തന്നെ തെരഞ്ഞെടുത്താൽ അർഹമായ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ ഇടപെടുമെന്നും ഗഫൂർ പി.ലില്ലീസ് നാട്ടുകാർക്കു ഉറപ്പുനൽകി. കൽപകഞ്ചേരി പഞ്ചായത്തിനോട് സിറ്റിങ് എംഎ‍ൽഎ ഉൾപ്പെടെയുള്ളവർ മുഖംതിരിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. കൽപകഞ്ചേരിക്കാരുടെ വികസന മുരടിപ്പുകൾ നാട്ടുകാർ സ്ഥാനാർത്ഥിക്കുമുന്നിൽ അക്കമിട്ട് നിരത്തി. പഞ്ചായത്തിലെ പല സർക്കാർ എൽ.പി.സ്‌കൂളുകളും ഇന്നു വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്, കൽപകഞ്ചേരിയിലെ ഹൃദയഭാഗത്തുള്ള എൽ.പി.സ്‌കൂളിന് 93 സെന്റ് സ്ഥലമുണ്ട്. അവിടെ കെട്ടിടം നിർമ്മിക്കാനുള്ള നടപടി ഇതുവരെയുണ്ടായിട്ടില്ല. ഇവിടെ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാത്തത് കാരണം തൊട്ടടുത്ത പ്രദേശത്തുള്ള മദ്രസാകെട്ടിടത്തിൽ വാടകക്കാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

നൂറുവർഷത്തിലധികം പഴക്കമുള്ള കൽപകഞ്ചേരി ചിന്നംപടി സ്‌കൂൾ ഇന്നും 22സെന്റ് സ്ഥലത്ത് പൊട്ടിപ്പൊളിഞ്ഞു വീഴാറായ പഴയൊരുകെട്ടിത്തിലാണു പ്രവർത്തിക്കുന്നത്. ഇതുവരെ കെട്ടിടം നിർമ്മിക്കാനുള്ള ഒരുസംവിധാനമോ, പുതുക്കിപ്പണിയാനോ ജനപ്രതിനിധികൾ ആരും തെയ്യാറായില്ല.
വളരെ ശോചനീയമായ അവസ്ഥയാണ് ഇവിടെയെന്നും നാട്ടുകാർ പറഞ്ഞു.
മുസ്ലിംലീഗ് മുൻ എംഎ‍ൽഎകൂടിയായ അബ്ദുറഹിമാൻ രണ്ടത്താണി ഉൾപ്പെടെ പഠനം നടത്തിയ സ്‌കൂൾ ഇന്നും കെട്ടിമേഞ്ഞ ഒരുഷെഡിലാണു പ്രവർത്തിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു രംഗത്തിറങ്ങിയിരുന്നു. കേരളത്തിലെ മുഴുവൻ അംഗൻവാടികളും ഹൈടെക് സംവിധാനത്തിലേക്കു പോയിക്കൊണ്ടിരിക്കുമ്പോൾ കൽപകച്ചേരി പഞ്ചായത്തിലെ അംഗൻവാടികൾ വളരെ ശോചനീയാവസ്ഥയിലാണ് ഇപ്പോഴും പ്രവർത്തിച്ചുവരുന്നത്.

ഈ അവസ്ഥകാരണം കുട്ടികളെ മനസ്സില്ലാ മനസ്സോടെയാണ് രക്ഷിതാക്കൾ പറഞ്ഞയക്കുന്നതു പോലും. മിക്ക അംഗൻവാടികൾക്കും കെട്ടിടങ്ങളില്ല. വീടിന്റെ വിറകുപുരകൾ, കടമുറികളൽനിന്നും ടാർപോയ വലിച്ചുകെട്ടിയും മറ്റുമാണ് ഇവിടുത്തെ അംഗൻവാടികളിൽ പലതും പ്രവർത്തിക്കുന്നത്.
കൽപകഞ്ചേരി പഞ്ചായത്തിലെ പി.എച്ച്.സിയും അതുപോലെ സബ്സെന്ററുകളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലാണ്. ഇവിടുത്തെ പി.എച്ച്.സിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. സ്റ്റാഫ് പാറ്റേൺ പ്രകാരം മൂന്നുഡോക്ടർമാരെവരെ ഇവിടെ നിയമിക്കാൻ സാധിക്കും. അതുപോലെ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങളും ഏറെ ശോചനീയമാണ്. നിലവിലുള്ള ഡോക്ടർക്കു തന്നെ ആഴ്‌ച്ചയിൽ മൂന്നുദിവസം മാത്രമെ രോഗികളെ പരിശോധിക്കാൻ കഴിയുന്നുള്ളു. ബാക്കി മൂന്നു ദിവസം കുത്തിവെപ്പിനായിട്ട് സബ് സെന്ററുകളിൽപോകേണ്ടതുണ്ട്.

ഇതോടെ ഡോക്ടർ ഒരുദിവസം 250ഓളം രോഗികളെ പരിശോധിക്കേണ്ട ദുരവസ്ഥയാണു നിലനിൽക്കുന്നത്. കൽപകഞ്ചേരിയിലെ ഹെൽത്ത്സബ്സെന്ററുകളിൽ ആവശ്യത്തിന് നേഴ്സുമാരില്ല. ഇതുകാരണം കെട്ടിടം ഉണ്ടായിട്ടും ഇവ പൂട്ടിയിടേണ്ട അവസ്ഥയാണുള്ളത്. അഞ്ച് ഹെൽത്ത്സെന്ററുകളിൽ മൂന്നെണ്ണത്തിന് മാത്രമാണ് സ്വന്തംകെട്ടിടം ഉള്ളത്. ഇതിൽ രണ്ടുകെട്ടിം വളരെ ശോചനീയാവസ്ഥയിലുമാണ്്. എന്നിട്ടും ഇവ പുനർനിർമ്മിക്കുന്ന കാര്യത്തിൽ അധികൃതരുടെ ഇടപെടലുകളുണ്ടായില്ല. ആദ്യഗർഭിണികൾക്കു സർക്കാർ നൽകുന്ന അയ്യായിരംരൂപയുടെ ധനസഹായപോലും അർഹർക്കു കൈമാറാൻ ഇവിടെ നിന്നും കഴിയാത്ത സാഹചര്യമുണ്ടെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

നിലവിൽ കൽപകഞ്ചേരി പഞ്ചായത്തിലുള്ള സ്റ്റേഡിയം വളരെ ശോചനീയാവസ്ഥയിലാണ്.50ലക്ഷത്തോളം രൂപചെലവഴിച്ച ഇവിടെ വികസനം നടത്തി എന്നു പറയുന്നുണ്ടെങ്കിലും ആകെയുള്ളത് മൂന്നു സ്റ്റെപ്പുള്ള ഒരു കോൺക്രീറ്റിന്റെ ഗ്യാലറിയാണ്. അതും 50മീറ്റർ പോലുമില്ലാത്തതുമാണ്. ഇവിടേക്ക് എത്തിപ്പെടാൻ തന്നെ ഏറെ കഷ്ടപ്പെടണം. കുടിവെള്ളവും ഇവിടെ വലിയ പ്രശ്നമാണ്. പതിറ്റാണ്ടുകൾക്കു മുമ്പു തുടങ്ങിവെച്ച പദ്ധതികൾ ഇതുവരെ യാഥാർഥ്യമായിട്ടില്ല. ഇപ്പോഴും ആളുകൾ ദൈന്യംദിന ആവശ്യങ്ങൾക്കായി പണം നൽകിയാണ് കുടിവെള്ളം വാങ്ങുന്നത്. ഇനിവരൾച്ചവരാനുള്ള സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മേഖലയിൽ മഴവെള്ള സംരംഭം, ഭൂചല റീചാർജിങ് പോലുള്ള പദ്ധതകളുടെ ആവശ്യകത ഉന്നയിച്ചിട്ടും ജനപ്രതിനിധികൾ ചെവിക്കൊണ്ടില്ല. പ്രദേശത്തെ ചോലകളേയും തോടുകളേയും സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചു ശാസ്ത്രീയമായി പഠനം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും നിലവിലുള്ള ജനപ്രതിനിധി തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഭാരതപ്പുഴ വറ്റിവിരണ്ടാൽ മേഖലയാകെ ഇതിലും വലിയ പ്രത്യാഘാതംനേരിടേണ്ടിവരുമെന്നും നാട്ടുകാർ പറഞ്ഞു.

ഏറ്റവുംകൂടുതൽ പ്രവാസികളുള്ള പഞ്ചായത്തുകൂടിയാണ് കൽപകഞ്ചേരി. നാടിന്റെ ഇന്നത്തെ പുരോഗതിക്കു കാരണംപ്രവാസികൾ വഴി എത്തുന്ന വിദേശനാണ്യം മാത്രമാണെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ ഒരു പഞ്ചായത്ത് എന്ന നിലയിൽ ഇവർക്കു സംസ്ഥാന, കേന്ദ്ര സർക്കാറുകളിൽനിന്നും ലഭിക്കേണ്ട യാതൊരുഫണ്ടും വാങ്ങിയെടുക്കാൻ യു.ഡി.എഫ് ഭരണ സമിതിക്ക് സാധിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. അർഹിക്കുന്ന പദ്ധതികളൊന്നും പഞ്ചായത്തിന് ലഭിച്ചില്ല. ഇടങ്ങിയ റോഡുകളും സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതം സൃഷ്ടിക്കുന്നു.

പൊതുജനാരോഗ്യം, വിദ്യാഭ്യാസം, മറ്റു അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം, പാർപ്പിടം ഈ വിഷയങ്ങളിലൊക്കെ തന്നെ പഞ്ചായത്ത് പിറകിൽപോയി. അതുപോലെ മണ്ഡലത്തിൽ ഏറ്റുവും കൂടുതൽ വിദ്യാർത്ഥികൾ ബന്ധപ്പെടുന്ന മേഖലയാണ് കുടങ്ങാത്ത്കുണ്ട്, കൽപകഞ്ചേരി മേഖലകൾ. ഇവിടെ ഹയർസെക്കൻഡറി സ്‌കൂൾ, ബി.എഡ് കോളജ്, ഐ.ടി.സി, എയ്ഡഡ് കോളജ് ഉൾപ്പെടെ നിരവധി സംരംഭങ്ങളുണ്ട്. പക്ഷെ അവിടെ വിദ്യാർത്ഥികൾക്കായി ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ല. കംഫർട്ട് സ്റ്റേഷൻ, ബസ്വെയ്റ്റിങ് ഏരിയ തുടങ്ങിയ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്നും നാട്ടുകാർ പറഞ്ഞു.