തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ യുവാക്കൾ തമ്മിലുണ്ടായ പകയെ തുടർന്ന് ഇരു സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി. സംഘർഷത്തിനിടെ വീടുകയറി നടത്തിയ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അതിക്രമം.

സൂരജ്, വിഷ്ണു എന്നീ യുവാക്കൾ തമ്മിൽ ഒരു വർഷത്തോളം നീണ്ട വൈരാഗ്യമാണ് സംഘർഷത്തിന് ഇടയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരൂർ സ്വദേശികളായ സൂരജും വിഷ്ണും തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ട്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിന് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്നു. സൂരജും അപ്പോൾ ഈ വീട്ടിലുണ്ടായിരുന്നു.

സൂരജും അഫ്‌സലും ചേർന്ന് വിഷ്ണുവിനോട് തട്ടികയറിയും ഒടുവിൽ കയ്യാങ്കളിലെത്തുകയും ചെയ്തു. മർദ്ദനത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മർദ്ദിക്കുന്നറിഞ്ഞ എട്ട് സുഹൃത്തുക്കൾ സ്ഥലത്തെത്തി.

തുടർന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോൾ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടിൽ കയറി സൂരജിനെയും അഫ്‌സലിനെയും അടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകൾക്കും മർദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൂട്ടത്തല്ലിൽ പ്രതികൾക്കെല്ലാം പരിക്കുകളുണ്ട്.

രണ്ടു തവണയാണ് സംഘർഷമുണ്ടായത്. ഇതിൽ ആദ്യത്തേത് നടന്നത് വെള്ളല്ലൂർ സ്വദേശി ഗാർഗിയുടെ വീടിനു മുന്നിൽവച്ചായിരുന്നു. സംഘർഷം കനത്തപ്പോൾ ഇതിൽ ഒരാൾ ഗാർഗിയുടെ വീടിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ മറ്റുള്ളവരും വീട്ടിലേക്ക് കടന്ന് ഏറ്റുമുട്ടുകയായിരുന്നു. ഈ രണ്ടുസംഘവുമായും യാതൊരു ബന്ധവുമില്ലാത്ത വീടാണ് ഗാർഗിയുടേത്.

ആദ്യ സംഘർഷത്തെ തുടർന്ന് രണ്ടു സംഘവും പിരിഞ്ഞുപോവുകയും അഫ്സൽ, സമീപത്തെ തന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ വീണ്ടും വിഷ്ണുവും സംഘവും മടങ്ങിയെത്തുകയും അഫ്സലിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും ചെയ്തു.

ഈ സമയം അഫ്സലിന്റെ സുഹൃത്തുക്കളും ഇവിടേക്ക് എത്തി. തുടർന്ന് ഇരുസംഘവും ഏറ്റുമുട്ടി. എതിർസംഘത്തിൽപ്പെട്ടവർ അഫ്സലിനെയും മാതാവിനെയും മർദിക്കുകയും ചെയ്തു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ നഗരൂർ പൊലീസ് സ്ഥലത്തെത്തുകയും അക്രമികളെ പിടികൂടി. കൗമാരക്കാർ അടക്കം 14 പേരാണ് അറസ്റ്റിലായത്.