കോഴിക്കോട്: ഗെയിൽ സമരത്തിന് ചൂട് പകരാൻ വിവധ രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളും ജന പ്രതിനിധികളും മുക്കത്തെത്തുന്നു. ഇവരുമായി കൂടിയാലോചിച്ച് ഭാവി സമരപരിപാടികൾക്ക് രൂപം നൽകാനാണ് സമരക്കാരുടെ പദ്ധതി. അതേസമയം പൊലീസ് വീട്ടിൽ കയറി ബലമായി വിവിധ രേഖകൾ പിടിച്ചെടുക്കുന്നതായി ഗെയിൽ സമര സമിതി നേതാക്കൾ ആരോപിച്ചു.

കോൺഗ്രസ് നേതാക്കളായ വി എം സുധീരൻ, എംപി മാരായ എംകെ രാഘവൻ, എം ഐ ഷാനവാസ് എന്നിവർ നാളെ മുക്കത്തെത്തുന്നുണ്ട്. മലപ്പുറത്തു നിന്നുള്ള ജനപ്രതിനിധികളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെ ഇവർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തും. മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടിയും സമരസമിതി നേതാക്കളെ സന്ദർശിക്കാനായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുമായി കൂടിയാലോചിച്ചതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിച്ചാൽ മതിയെന്നാണ് സമരസമിതിയുടെ തീരുമാനം. അതുവരെ ഗെയിൽ വിരുദ്ധ സമരം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് നേതാക്കൾ പറയുന്നുണ്ട്.

പൊലീസും ഗെയിൽ ഉദ്യോഗസ്ഥരും ഇരകളുടെ വീടുകളിൽ കയറി രേഖകൾ ബലമായി പിടിച്ചുക്കൊണ്ടു പോവുകയാണെന്ന് സമരസമിതി നേതാവ് സിപി ചെറിയ മുഹമ്മദ് മറുനാടൻ മലയാളിയോട് പറഞ്ഞു. വീടിന്റെ രേഖകൾ, ആധാർ കാർഡ്് തുടങ്ങിയ രേഖകളാണ് പിടിച്ചെടുത്ത്ക്കൊണ്ടു പോവുന്നത്. ജനങ്ങൾ ഈ പദ്ധതിക്കെതിരാണ് എന്നതാണ് രേഖകൾ ബലമായി പിടിച്ചുക്കൊണ്ടുപോവുന്നതിലൂടെ വ്യക്തമാവുന്നത്. സർക്കാർ പറയുന്നത് ജനങ്ങൾ പദ്ധതിക്ക് അനുകൂലമാണ് എന്നതാണ്. എന്നാൽ അനുകൂലമായിരുന്നെങ്കിൽ ഇങ്ങനെ ബലമായി രേഖകൾ പിടിച്ചെടുക്കേണ്ട സാഹചര്യം വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാർക്കെതിരെ അക്രമം അഴിച്ചു വിടാൻ പൊലീസും സിപിഎമ്മും ഗൂഢാലോചന നടത്തി. കുറേ ദിവസമായി ഇതിനായുള്ള ആസൂത്രണം നടക്കുന്നു. സി.പി.എം പല സ്ഥലങ്ങളിലും നടത്തിയ പ്രസംഗങ്ങളിൽ ഇതിന്റെ സൂചന ഉണ്ടായിരുന്നു. പൊലീസ് ലാത്തിക്കൊണ്ട് സമരക്കാരുടെ തലയ്ക്കാണ് അടിക്കുന്നത്. മിക്കവരുടേയും തലയും മുഖവും പൊട്ടിയിട്ടുണ്ട്. നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. വഴിയെ നടന്നു പോവുന്നവരെ പോലും അടിച്ചോടിച്ചു. ജനപ്രതിനിധികളെ പോലും പൊലീസ് വെറുതെ വിട്ടില്ല. കുട്ടികൾക്കും പൊലീസിന്റെ മർദ്ധനമേറ്റു. കരുതലിന്റെ ഭാഗമായി കുട്ടികളെ രാത്രി മുഴുവൻ പിടിച്ചു വെച്ചു.

രാവിലെയാണ് അവരെ വിട്ടയച്ചത്. പൊലീസ് സ്റ്റേഷനിൽ ഷാനവാസ് എംപി ഉണ്ടെന്ന് അറിഞ്ഞ് അദ്ദേഹത്തോട് സംസാരിക്കാനാണ് അങ്ങോട്ട് പോയത്. എന്നാൽ മാരാകായുധങ്ങൾ കൈയിൽ വെച്ചെന്ന് ആരോപിച്ച് സമരക്കാരെ പൊലീസ് തല്ലി ചതക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങളിൽ ഉണ്ടാവും യാതൊരുവിധ ആയുധവും ഇല്ലാതെ ആണ് സമരക്കാർ സ്റ്റേഷനിലേക്ക് ചെന്നതെന്ന്. സമാധാനപരമായ സമരമാർഗമാണ് സമരസമിതി സ്വീകരിച്ചു പോന്നത്. പൊലീസാണ് സമരത്തിനിടയിലേക്ക് അക്രമം അഴിച്ചു വിട്ടതെന്നും സിപി ചെറിയ മുഹമ്മദ് പറഞ്ഞു.

അതേ സമയം സർക്കാർ പറയുംവരെ സമരക്കാർക്കെതിരെ നടപടിയുമായി മുന്നോട്ട് പോവാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന അക്രമസമരങ്ങൾക്കു പിന്നിൽ തീവ്രവാദ സംഘടനകളുടെ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രാത്രി പൊലീസ് സ്റ്റേഷനിലേക്ക് വന്ന സമരക്കാർക്കിടയിൽ സ്റ്റേഷൻ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വന്നവരും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്നും സമരക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസിനു നേരെയുള്ള കല്ലേറും സമരക്കർക്കെതിരെയുള്ള ലാത്തിചാർജ്ജും ഇടക്കിടെ ഇപ്പോഴും ഉണ്ട്. അക്രമ സംഭവങ്ങളിൽ പങ്കുള്ളവരെ പൊലീസ് വീട്ടിൽ കയറിയും പിടികൂടുന്നുണ്ട്. അതേ സമയം പദ്ധതിയുമായി മുന്നോട്ടു പോവുമെന്ന തീരുമാനത്തിൽ തന്നെയാണ് ഇപ്പോഴും ഗെയിൽ അധികൃതർ ഉള്ളത്.