- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കുക പ്രയാസകരം; പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു; ഭാവി വികസനത്തിൽ ഗ്യാസ് പൈപ്പ് ലൈൻ നിർണായകമെന്ന് പ്രധാനമന്ത്രി; ഗെയിൽ ഉദ്ഘാടനത്തിൽ താരമായി പിണറായി
കൊച്ചി : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്ത് നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ്ധതി പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പ്രധാനമന്ത്രി ഗെയിൽ പദ്ധതി കമ്മിഷൻ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഗവർണർ വാജുഭായ് വാല, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗെയിൽ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങൾക്ക് ഇത് സുപ്രധാന ദിനമാണെന്ന് പദ്ധതി നാടിനായി സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കുക പ്രയാസകരമാണ്. എന്നാൽ ഗ്യാസ് ലൈൻ പദ്ധതി യഥാർത്ഥ്യമാക്കാനുള്ള പ്രതിബന്ധങ്ങളെ എല്ലാവരും ഒരുമിച്ച് നിന്ന് മറികടന്നു. രണ്ട് സംസ്ഥാനങ്ങളുടേയും ഭാവി വികസനത്തിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നിർണായകമായി മാറും.
സിറ്റിഗ്യാസ് പദ്ധതിയിലൂടെ എല്ലായിടത്തും സിഎൻജി ഗ്യാസ് എത്തിയാൽ പിന്നെ കൂടുതൽ വാഹനങ്ങൾ സിഎൻജി ഇന്ധനത്തിലേക്ക് മാറും. ജനങ്ങൾക്കും വ്യവസായങ്ങൾക്കും ഇത് വലിയ നേട്ടമാകും. കാർബൺ ഡൈ ഓക്സൈഡ് പുറത്തു വിടുന്നത് തടയുക വഴി പ്രകൃതിയോട് നാം ചെയ്യുന്ന വലിയ സേവമായിരിക്കുമിത്. സ്വച്ഛ് ഭാരതിനും ഈ പദ്ധതി വലിയൊരു ആശ്വാസമാണ്. പ്രകൃതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ സിഎൻജി ഗ്യാസിന്റെ ലഭ്യത വിവിധ വ്യവസായങ്ങൾക്ക് ചെലവ് കുറഞ്ഞ ഇന്ധനമായിരിക്കും. ഗാർഹിക ആവശ്യത്തിന് കുറഞ്ഞചെലവിൽ ഗ്യാസ് എത്തിച്ചു നൽകാൻ സാധിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കേരളത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിൽ ഗെയിൽ പദ്ധതി യാഥാർഥ്യം ആകില്ലായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും പറഞ്ഞു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം സംസ്ഥാനത്തിന് നന്ദി രേഖപ്പെടുത്തിയത്. ഫെഡറലിസത്തിന്റെ ഭാഗമായി, സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ക്ലാസിക് ഉദാഹരണമാണ് ഗെയിൽ പദ്ധതി യാഥാർഥ്യമായതിലൂടെ കാണാനാകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നുവെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി
പ്രളയത്തിനും കോവിഡ് വ്യാപനത്തിനും ഇടയിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പ്രയ്ത്നിച്ച ഉദ്യോഗസ്ഥരേയും തൊഴിലാളികളേയും അനുമോദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പദ്ധതിക്കായി കേരള പൊലീസ് നിസ്വാർത്ഥ സേവനമാണ് കാഴ്ചവെച്ചത്. കുറഞ്ഞ വിലയിൽ കേരളമെങ്ങും പ്രകൃതി വാതകം എത്തിക്കാൻ സാധിച്ചാൽ സംസ്ഥാനത്ത് വൻ വികസനമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏലൂരിൽ നിന്ന് മംഗലാപുരം വരെ ഏഴ് ജില്ലകളിലൂടെയാണ് ഗെയിൽ പദ്ധതി കടന്നുപോകുന്നത്. 450 കിലോമീറ്റർ പൈപ്പ് ലൈൻ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്നത്. 3226 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 12 എംഎംഎസ് സിഎംഡി വാതക നീക്കശേഷിയുള്ളതാണ് പൈപ്പ് ലൈൻ. രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ച് പൈപ്പുലൈൻ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ തെളിയുന്നത് ഇടതു് സർക്കാരിന്റെ ഇഛാശക്തിയാണ്. കേരളത്തിലൂടെ പോകുന്ന ബംഗളൂരു--കൊച്ചി 510 കിലോമീറ്റർ പൈപ്പുലൈനിൽ യുഡിഎഫ് പൂർത്തിയാക്കിയത് 40 കിലോമീറ്റർമാത്രം. രണ്ടാംഘട്ടമായാണ് കൊച്ചി--മംഗലാപുരം ലൈൻ പൂർത്തിയാക്കിയത്. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്--വാളയാർ ലൈനും (94 കിലോമീറ്റർ) കമ്മിഷൻ ചെയ്തു. സിംഗിൾ വിൻഡോ ക്ലിയറൻസ് കൊടുത്തത് വി എസ് സർക്കാരാണ്. ആദ്യഘട്ടം 2010ൽ തുടങ്ങി.
രണ്ടാംഘട്ടം യുഡിഎഫ് സർക്കാർ 2012 ജനുവരിയിൽ തുടങ്ങി. സ്ഥലമേറ്റെടുക്കൽതടസ്സംമൂലം 2013 നവംബറിൽ പണി നിർത്തി. 2016ൽ ഭൂമിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി എൽഡിഎഫ് സർക്കാർ സ്ഥലമേറ്റെടുത്തു. ഗെയിൽ പുതിയ കരാറിലൂടെ നിർമ്മാണം പുനരാരംഭിച്ചു. 2019 ജൂണിൽ തൃശൂർവരെയും 2020 ആഗസ്തിൽ കണ്ണൂർവരെയും ഗ്യാസ് എത്തി. വാഹനങ്ങൾക്ക് സിഎൻജി ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനം കുറയും. ടാക്‌സി ഡ്രൈവർമാർക്ക് മാസം 5000 രൂപവരെയും ഓട്ടോ ഡ്രൈവർമാർക്ക് 3000 രൂപവരെയും ലാഭമുണ്ടാകും. 5000 കിലോ എൽപിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകൾക്ക് 85,000 രൂപയുടെ ലാഭവുമുണ്ടാകും.
5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവൻശേഷിയിൽ പ്രവർത്തിച്ചാൽ നികുതിവരുമാനം 500 മുതൽ 720 കോടിവരെ ലഭിക്കാം. കൂറ്റനാട്ടുനിന്ന് കാസർകോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളിൽ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതൽ ഇടങ്ങളിലെത്തും.
മറുനാടന് മലയാളി ബ്യൂറോ