- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടങ്ങൾ തകർത്തും മരങ്ങൾ കടപുഴക്കിയും ഗജ കൊടുങ്കാറ്റ് തമിഴ്‌നാട്ടിൽ താണ്ഡവം തുടങ്ങി; അവധി പ്രഖ്യാപിച്ചും ആളുകളെ മാറ്റിപ്പാർപ്പിച്ചും സർക്കാർ പ്രതിരോധത്തിന് ; വേളാങ്കണ്ണി തീർത്ഥാടകർ കരുതലെടുക്കുക; ഇന്നലെ രാത്രി തമിഴ്നാടിനെ സ്തംഭിപ്പിച്ച കൊടുങ്കാറ്റും പേമാരിയും കേരളത്തിലെ തെക്കൻ ജില്ലകളേയും ബാധിച്ചേക്കും; കേരളത്തിലും രാത്രി മുഴുവൻ മഴ തുടരുന്നു
ചെന്നൈ: ശക്തമായ മഴയും പേമാരിയുമായി ഗജ ചുഴലിക്കാറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകളായി തമിഴ്‌നാട്ടിൽ സംഹാര താണ്ഡവം തുടരുകയാണ്. ഇവിടെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ കനത്ത നാശമാണ് ഗജ വിതച്ചിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കനത്ത നാശം സംഭവിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്. തമിഴ്‌നാട്ടിലെ മിക്ക സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല കൊടുങ്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വ്യാഴാഴ്‌ച്ച അർധരാത്രി 12.30 തോടെയാണ് ഗജ സംഹാര താണ്ഡവം ആരംഭിച്ചത്.ആദ്യം രണ്ട് മണിക്കൂറിലേറെയാണ് കാറ്റ് നാശം വിതച്ചത്. ഇതിന് പിന്നാലെ ചെന്നൈ ഉൾപ്പടെ തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ മുതൽ കേരളത്തിലും മഴ ശക്തമായിരിക്കുകയാണ്. രാത്രി ആരംഭിച്ച മഴ ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർ
ചെന്നൈ: ശക്തമായ മഴയും പേമാരിയുമായി ഗജ ചുഴലിക്കാറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകളായി തമിഴ്‌നാട്ടിൽ സംഹാര താണ്ഡവം തുടരുകയാണ്. ഇവിടെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ കനത്ത നാശമാണ് ഗജ വിതച്ചിരിക്കുന്നത്. ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കനത്ത നാശം സംഭവിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നത്.
തമിഴ്‌നാട്ടിലെ മിക്ക സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല കൊടുങ്കാറ്റ് നാശം വിതയ്ക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. വ്യാഴാഴ്‌ച്ച അർധരാത്രി 12.30 തോടെയാണ് ഗജ സംഹാര താണ്ഡവം ആരംഭിച്ചത്.ആദ്യം രണ്ട് മണിക്കൂറിലേറെയാണ് കാറ്റ് നാശം വിതച്ചത്.
ഇതിന് പിന്നാലെ ചെന്നൈ ഉൾപ്പടെ തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട ജില്ലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇന്നലെ മുതൽ കേരളത്തിലും മഴ ശക്തമായിരിക്കുകയാണ്. രാത്രി ആരംഭിച്ച മഴ ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കേരളത്തിനും മുന്നറിയിപ്പ് തെക്കൻ ജില്ലകളിൽ മഴ
തമിഴ്‌നാട്ടിൽ ഗജ സംഹാര താണ്ഡവം ആരംഭിച്ചതിന് പിന്നാലെ കേരളത്തിനും മുന്നറിയിപ്പ് ലഭിച്ചിരുന്നു. സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച് മണിക്കൂറുകൾക്കകം മഴ ശക്തമായി.
ചെന്നൈയിൽനിന്ന് 925 കിലോ മീറ്ററോളം അകലെ ബംഗാൾ ഉൾക്കടലിൽ ഒരാഴ്‌ച്ച മുൻപാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്‌നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. പിന്നീട് കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂർ തീരത്തേക്ക് നീങ്ങി.
ബുധനാഴ്ച വൈകീട്ട് നാഗപട്ടണത്തിൽ നിന്ന് 510 കിലോമീറ്റർ അകലെ എത്തിച്ചേർന്ന കാറ്റ് വ്യാഴാഴ്ച പകൽ കരുത്താർജിക്കുകയായിരുന്നു. മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലായിരുന്ന കാറ്റിന്റെ ശക്തി 25 കിലോമീറ്ററിലെത്തി. വൈകുന്നേരം തീരത്തിന് 135 കിലോമീറ്റർ അടുത്തെത്തിയതോടെ മഴ കനത്തു. വേഗം കുറഞ്ഞും കൂടിയും നിന്നതിന് ശേഷം അർധരാത്രിക്കുശേഷം കരയിലേക്ക് വീശുകയായിരുന്നു.
നാഗപട്ടണം അടക്കം കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയത് ദുരിതത്തിന്റെ തീവ്രത കുറച്ചു. ദേശീയ ദുരന്തര നിവാരണസേനയും സംസ്ഥാന റവന്യൂ, പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളും മുൻ കരുതൽ നടപടികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. റവന്യൂ വകുപ്പ് മന്ത്രി ആർ.ബി. ഉദയകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകട സാധ്യത മുൻകൂട്ടിക്കണ്ട് 63,203 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
നാഗപട്ടണം, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്കുള്ള തീവണ്ടി സർവീസുകൾ റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചത് കൂടാതെ സ്വകാര്യകമ്പനികൾ അടക്കം എല്ലാ ഓഫീസുകളിലെയും ജീവനക്കാർ വൈകീട്ടോടെ വീടുകളിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. വാഹനഗതാഗതവും നിർത്തിവെച്ചു.
ഗജ ചുഴലിക്കാറ്റിനെ തുടർന്ന് രാമനാഥപുരം, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ കാരയ്്ക്കലിലും വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല, തിരുവാരൂർ കേന്ദ്ര സർവകലാശാല, ചിദംബരം അണ്ണാമലൈ സർവകാശാല, തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലകൾ എന്നിവ ഈ ദിവസം നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്തെ പോളിടെക്നിക് പരീക്ഷകളും മാറ്റി.
മുന്നൊരുക്കങ്ങളുമായി തമിഴ്‌നാട്
ഗജ തീരത്തോടടുക്കുന്നതിനു മുന്നോടിയായി നാഗപട്ടണം, കടലൂർ ജില്ലകളിൽ മൂവായിരത്തോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചിരുന്നു. തീരപ്രദേശത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവർ ചെറിയ കുടിലുകളിലും ഉറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിലും താമസിക്കുന്നവർ എന്നിവരെയാണ് ഒഴിപ്പിച്ചത്. രണ്ടു ജില്ലകളിലുമായി മുന്നൂറിലേറെ താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങൾ സജ്ജമാക്കി. ആവശ്യമെങ്കിൽ കൂടുതൽപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
തമിഴ്‌നാട്ടിലാകെ 35,000 രക്ഷാപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് ടോൾ ഫ്രീ നമ്പർ - 1077 ൽ വിളിക്കാം.അൻപതിലധികം ലോങ് റേഞ്ച് ടോർച്ച് ലൈറ്റുകൾ, ആയിരത്തിലധികം ടോർച്ച് ലൈറ്റുകൾ, 1000 ലൈഫ് ജാക്കറ്റുകൾ, 600 ജെസിബികൾ, 500 ജനറേറ്ററുകൾ, 550 ഈർച്ചവാളുകൾ, ഒരുലക്ഷം മണൽച്ചാക്കുകൾ എന്നിവ മുന്നൊരുക്കങ്ങളുടെ ഭാഗമായി സജ്ജീകരിച്ചു കഴിഞ്ഞു. മാത്രമല്ല കടലൂർ, നാഗപട്ടണം ജില്ലകളിൽ മാത്രമായി 1056 ടൺ പഞ്ചസാര, 7504 ടൺ അരി,28 ഷെൽട്ടറുകൾ, 14 മൾട്ടി പർപ്പസ് സെന്ററുകൾ, 191 കമ്യൂണിറ്റി സെന്ററുകൾ , 219 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 10 സർക്കാർ ജനറൽ ആശുപത്രികൾ, 13 മെഡിക്കൽ സംഘങ്ങൾ, 41 ആംബുലൻസുകൾ എന്നിവ സുസജ്ജമാണ്.
കേരളത്തിലും മഴ ശക്തി പ്രാപിക്കുമ്പോൾ
ഗജയെ തുടർന്ന് ഇന്നു കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.
വരുന്ന രണ്ട് ദിവസം മലയോര, തീരമേഖലകളിലുൾപ്പെടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്കും പൊലീസ്, ഫയർഫോഴ്‌സ്, കെഎസ്ഇബി വകുപ്പുകൾക്കും സർക്കാർ നിർദ്ദേശം നൽകി.
ഇന്നു വൈകിട്ടു മുതൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കോസ്റ്റ് ഗാർഡും നാവികസേനയും മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകണമെന്നും നിർദ്ദേശിച്ചു.