- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികൾ തന്റെ യോഗ്യത അളക്കാൻ നിൽക്കേണ്ടെന്ന് ഗജേന്ദ്ര ചൗഹാൻ; കഴിവുള്ളതു കൊണ്ടാണ് സർക്കാർ തന്നെ നിയമിച്ചത്: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ നിയമനത്തിൽ 'യുധിഷ്ഠിരന്' പറയാനുള്ളത്
മുംബൈ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി തന്നെ സർക്കാർ നിയമിച്ചത് അതിനുള്ള യോഗ്യത ഉള്ളതുകൊണ്ടു തന്നെയാണെന്ന് ഗജേന്ദ്ര ചൗഹാൻ. ഇക്കാര്യവുമായി ഉയർന്ന വിവാദവും വിദ്യാർത്ഥി പ്രക്ഷോഭവും കാര്യമാക്കുന്നില്ലെന്ന് ചൗഹാൻ പറഞ്ഞു. വിദ്യാർത്ഥികൾ തന്റെ യോഗ്യത അളക്കേണ്ട കാര്യമില്ല. യോഗ്യതയുണ്ടെന്ന് സർക്കാരിന് ഉറപ്പുള്ളതുകൊണ്ടാണ്
മുംബൈ: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി തന്നെ സർക്കാർ നിയമിച്ചത് അതിനുള്ള യോഗ്യത ഉള്ളതുകൊണ്ടു തന്നെയാണെന്ന് ഗജേന്ദ്ര ചൗഹാൻ. ഇക്കാര്യവുമായി ഉയർന്ന വിവാദവും വിദ്യാർത്ഥി പ്രക്ഷോഭവും കാര്യമാക്കുന്നില്ലെന്ന് ചൗഹാൻ പറഞ്ഞു.
വിദ്യാർത്ഥികൾ തന്റെ യോഗ്യത അളക്കേണ്ട കാര്യമില്ല. യോഗ്യതയുണ്ടെന്ന് സർക്കാരിന് ഉറപ്പുള്ളതുകൊണ്ടാണ് തന്നെ ചെയർമാനെ നിയമിച്ചത്. കഴിവില്ലെങ്കിൽ കാലക്രമേണ താൻ പുറത്തുപോകുമെന്നും ചൗഹാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'മഹാഭാരത'ത്തിലെ യുധിഷ്ഠിരനെ അവതരിപ്പിച്ച ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന ആരോപണം ഉയർന്നിരുന്നു. നിയമനത്തിനെതിരെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന വിദ്യാർത്ഥി സമരം ആറാം ദിനത്തിലേക്ക് കടന്നു. ഇതിനു പിന്നാലെയാണ് ചൗഹാൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഓഫീസിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ തടസപ്പെടുത്തിയാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്. രാജ്യമെങ്ങും സോഷ്യൽ മീഡിയയിൽ സമരത്തിന് വലിയ പ്രചാരണവും ലഭിക്കുന്നുണ്ട്. ബിജെപിയുടെ സാംസ്‌കാരിക വിഭാഗം നേതാവായിരുന്ന ചൗഹാൻ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപിയുടെ പ്രചരണത്തിന് ചുക്കാൻ പിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പമാണ് ചൗഹാനെ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് എത്തിച്ചത്.
കേന്ദ്ര സെൻസർ ബോർഡിൽ ബിജെപിയോടും സംഘപരിവാർ സംഘടനകളോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ നിയമിച്ചെന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ചൗഹാന്റെ വിവാദ നിയമനം. അതിനിടെ, ചൗഹാനെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി കേരളവും രംഗത്തെത്തി. പ്രശസ്ത സംവിധായകരായ രാജീവ് രവി, ആഷിക് അബു എന്നിവരുടെ നേതൃത്വത്തിൽ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഇന്ന് കോഴിക്കോട് മാനാഞ്ചിറയിലും നാളെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലും ഒത്തുചേരും.
സിനിമാ മേഖലയിലെ നിരവധി പ്രമുഖർ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. കോഴിക്കോട് നടക്കുന്ന പരിപാടിക്ക് പ്രമുഖ ഗസൽ ഗായകൻ ഷഹബാസ് അമൻ നേതൃത്വം നൽകും. കഴിഞ്ഞ ദിവസമാണ് പൂണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചത്. ബിജെപി സാംസ്‌കാരിക വിഭാഗത്തിന്റെ നേതാവായ ഗജേന്ദ്ര, കേവലം മൂന്ന് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെന്നും മഹാഭാരതം സീരിയലിൽ യുധിഷ്ഠിരന്റെ വേഷം ചെയ്തതിനാലാണ് അദ്ദേഹത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തുകൊണ്ടുവന്നതെന്നും ആരോപിച്ച് വിദ്യാർത്ഥികളാണ് ആദ്യം സമരം തുടങ്ങിയത്.
തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിലിൽ നിന്ന് സന്തോഷ് ശിവൻ രാജി വച്ചു. ചെയർമാനാകുന്ന ഗജേന്ദ്ര ചൗഹാനെ വ്യക്തിപരമായി അറിയില്ലെന്നും താൻ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും സന്തോഷ് ശിവൻ പറഞ്ഞു.