- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക ആവശ്യങ്ങൾക്ക് മാത്രമായി ഒരു ഫോൺ; സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ അമേരിക്കൻ പട്ടാളത്തിനായി; പൊതുജനത്തിന് അപ്രാപ്യമായ ഫോണിന്റെ വിശേഷങ്ങൾ ഇങ്ങനെ
അമേരിക്കൻ സൈന്യത്തിന്റെ പ്രത്യേക നീക്കങ്ങൾക്ക് സഹായകരമാകുന്ന ഫോൺ നിർമ്മിച്ച് നൽകി സാംസങ്. സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ എന്ന ഫോൺ പൊതുജനങ്ങൾക്ക് വാങ്ങാനാകില്ല. അമേരിക്കയുടെ ഫെഡറൽ ഗവൺമെന്റ്, പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലുള്ളവർക്കു മാത്രമാണ് ഇത് പ്രാപ്തമാകുക. സാംസങ് ഇലക്ട്രോണിക്‌സ് അമേരിക്ക അവതരിപ്പിച്ച സാംസങ് ഗാലക്‌സി എസ് 20 ടാക്റ്റിക്കൽ പതിപ്പ് (ടിഇ) തന്ത്രപരമായ റേഡിയോകൾ, ഡ്രോൺ ഫീഡുകൾ, ലേസർ റേഞ്ച് ഫൈൻഡറുകൾ, ബാഹ്യ ജിപിഎസ് എന്നിവ പിന്തുണയ്ക്കുന്നു.
ദൗത്യ പൂർത്തീകരണ ഫോൺ എന്നാണ് സാംസങ് തങ്ങളുടെ ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷനെ വിളിക്കുന്നത്. ഇത് പൊതുവിപണിയിൽ ലഭ്യമായ എസ്20 തന്നെയാണ് അതിന് അധിക സുരക്ഷാ ഫീച്ചറുകൾ നൽയിട്ടുണ്ട് എന്നേയുള്ളുവെന്നും പറയുന്നു. ഒരു സൈനിക ദൗത്യം പ്ലാൻ ചെയ്യാനും, പരിശീലിക്കാനും, സൈനിക നടപടികൾക്കും, ദൈനംദിന ഉപയോഗത്തിനും ഒരേ പോലെ ഉപകരിക്കുന്നതാണ് തങ്ങളുടെ ഫോൺ എന്നാണ് സാംസങ് പറയുന്നത്. ഇത്രയും കാലം ഒരേ തരത്തിലുള്ള ഫോണുകളാണ് മിക്കവരും ഉപയോഗിച്ചുവന്നത്. ഇനി ഈ രീതിക്ക് വ്യാപകമായി മാറ്റം വന്നേക്കുമെന്ന സൂചനയാണിത്. ടാക്ടിക്കൽ റേഡിയോകൾ, ഡ്രോൺ ഫീഡുകൾ, ലേസർ റെയ്ഞ്ച് ഫൈൻഡർ, ഒരു ദൗദ്യത്തിന്റെ മൊത്തം കാര്യങ്ങൾ വീക്ഷിക്കാൻ സാധിക്കുന്ന എക്സ്റ്റേണൽ ജിപിഎസ്, നൈറ്റ് വിഷൻ മോഡ്, പ്രച്ഛന്ന മോഡ്, നാസയോട് ക്ലാസിഫൈഡ് സംവാദിക്കൽ നടത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചാണ് ഫോൺ നിർമ്മിച്ചു നൽകിയിരിക്കുന്നത്.
പുതിയ ഫോൺ ബോക്‌സിൽ നിന്നു പുറത്തെടുത്ത് ഓൺ ചെയ്യുമ്പോൾത്തന്നെ മറ്റു കസ്റ്റമൈസേഷനുകളൊന്നും ഇല്ലാതെ തന്നെ ടാക്ടിക്കൽ റേഡിയോകളോടും, സൈനിക ദൗത്യ സിസ്റ്റങ്ങളോടും കണക്ടു ചെയ്യുമെന്നു കമ്പനി പറയുന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് കമ്പനി നൽകുന്ന ഉത്തരം തങ്ങൾ മൾട്ടി എതർനെറ്റ് ശേഷി നൽകിയിരിക്കുന്നതിനാലാണ് എന്നാണ്. സ്വകാര്യ സിം, 5ജി, വൈ-ഫൈ 6, സിബിആർഎസ് തുടങ്ങിയ ഫീച്ചറുകളുണ്ട് എന്നാണ് കമ്പനി പറയുന്നത്
നൈറ്റ് വിഷൻ മോഡ് ഉപയോഗിക്കുമ്പോൾ, ഉപയോക്താവ് നൈറ്റ് വിഷൻ ഗ്ലാസ് അണിഞ്ഞിട്ടുണ്ടെങ്കിൽ ഡിസ്പ്ലെ അതിനനുസരിച്ച് ക്രമീകരിക്കാം. പ്രച്ഛന്ന മോദിൽ (stealth mode) ഫോണിന്റെ എൽടിഇ വേണ്ടെന്നു വയ്ക്കാം. ഫോണിന്റെ എല്ലാ ആർഎഫ് ബ്രോഡ്കാസ്റ്റിങും നിർത്തിവച്ച്, ഓഫ്-ഗ്രിഡ് കമ്മ്യൂണിക്കേഷനിലേക്കു പോകാം. മറ്റൊരു ഫീച്ചർ ഓട്ടോ-ടച്ച് സെൻസിറ്റിവിറ്റിയാണ്. ഗ്ലൗ ഇട്ട കൈ വച്ചും അത് പ്രവർത്തിപ്പിക്കാനാകും. പ്രോ ഗ്രെയ്ഡ് 64 എംപി ക്യാമറ ഉപയോഗിച്ച് റെസലൂഷൻ കൂടിയ ചിത്രങ്ങൾ എടുത്തയയ്ക്കാൻ സാധിക്കും. 8 കെ വിഡിയോ റെക്കോഡിങും ഉണ്ട്. ടാക്ടിക്കൽ റേഡിയോകളോടും ദൗത്യ സിസ്റ്റങ്ങളോടും എളുപ്പത്തിൽ കണക്ടു ചെയ്യാവുന്ന ഒന്നാണിത്.
സോഫ്റ്റ്‌വെയറിനുമുണ്ട് പ്രത്യേകത: സാംസങ് നോക്സ് (Knox) എന്ന സൈനിക ഗ്രെയ്ഡ് ഉള്ള മൊബൈൽ സുരക്ഷാ പ്ലാറ്റ്ഫോം ആണ് സുരക്ഷയൊരുക്കുന്നത്. ഇത് ഹാർഡ്‌വെയറിന് പല ലെയറുകളുള്ള സോഫ്റ്റ്‌വെയർ സുരക്ഷ ഒരുക്കുന്നു. ഡ്യൂവൽഡാർ (DualDAR) ആർക്കിടെക്ചർ സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ സുരക്ഷയുടെ മറ്റൊരു ലെയർ കൂടെ നൽകുന്നു. രണ്ട് അധിക എൻക്രിപ്ഷനുകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഫോൺ ഓഫ് ആയിക്കിടക്കുമ്പോഴും, ഓതന്റിക്കേറ്റു ചെയ്യാത്ത സമയത്തും പോലും ഇത് പ്രവർത്തന സജ്ജമായിരിക്കും.
എന്നാൽ, ഇത് അത്ര വലിയ ഫോണൊന്നുമല്ലെന്നു പറയുന്നവരും ഉണ്ട്. സ്റ്റെൽത്ത് മോദിൽ എൽടിഇ, ആർഎഫ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയവയൊക്കെ ഒഴിവാക്കി ഓഫ്ഗ്രിഡ് സംവാദിക്കൽ മോദിലേക്കു പോകാമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, ഇത് 'ഒരു വെറും സാധാരണ മനുഷ്യന്' എയർപ്ലെയ്ൻ മോദിൽ സാധ്യമല്ലാത്ത കാര്യമാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്. സാംസങിന്റെ 'നാസാ നിലവാരത്തിലുള്ള' ഡ്യൂവൽഡാർ ഫീച്ചർ ആൻഡ്രോയിഡിൽ സ്വാഭാവികമായി ഉള്ള ഫയൽ ബെയ്‌സ്ഡ് എൻക്രിപ്ഷൻ തന്നെയാണെന്ന് ഉള്ളതെന്ന് സാംസങിന്റെ വിവരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണെന്നും വിമർശകർ പറയുന്നു.
കൂടാതെ ഡ്യൂവൽഡാർ ഗ്യാലക്‌സി എസ്10 മുതലുള്ള ഫ്‌ളാഗ്ഷിപ് ഫോണുകളിൽ നൽകിവരുന്നതുമാണ്. ഡ്യൂവൽഡാർ ഫീച്ചർ തങ്ങൾ 'അവതരിപ്പിക്കുന്നു' എന്നും മറ്റുമാണ് സാംസങ് പരസ്യത്തിലൂടെ അവകാശപ്പെടുന്നതെന്നും, വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ആകപ്പാടെ വ്യത്യാസമുള്ളത് ഫോൺ ബൂട്ടു ചെയ്തു വരുമ്പോൾ 'ടാക്ടിക്കൽ എഡിഷൻ' എന്ന് എഴുതിക്കാണിക്കും. അതാണ് ആകെയുള്ള വ്യത്യാസമെന്നാണ് അവർ പറയുന്നത്. ഫോണിനെ പൊതിഞ്ഞു നിൽക്കുന്ന സുരക്ഷാ കെയ്‌സ് ജഗർനട്ട് കെയ്‌സ് പോലെ തോന്നിക്കുന്നു. അതിനാണെങ്കിൽ 290 ഡോളർ വില വരും. അത് പട്ടാളക്കാരും പൊലിസുമൊക്കെ ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ, പുതിയ കെയ്‌സിന് ഐപി 67 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. ഫോണിനാകട്ടെ ഐപി68 ഉം.
സൈനികതന്ത്രപരമായ എഡിഷൻ എന്നൊക്കെ പറയുന്നത് യാതൊരു അർഥവുമില്ലാത്ത വിശേഷണമാണെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ, അമേരിക്കൻ സൈന്യം പലതരത്തിലുമുള്ള ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടത്രെ. എറ്റിഎകെ ( ആൻഡ്രോയിഡ് ടാക്ടിക്കൽ അസൾട്ട് കിറ്റ്), എപിഎഎസ്എസ് (ആൻഡ്രോയിഡ് പ്രിസിഷൻ അസൾട്ട് സ്‌ട്രൈക് സ്യൂട്ട് ), കിൽസ്വിച്ച് (KILSWITCH--Kinetic Integrated Low-Cost Software Integrated Tactical Combat Handheld) തുടങ്ങിയവയാണ് അവ. ഇവയെല്ലാം ചില ലക്ഷ്യങ്ങൾക്കു വേണ്ടി പരുവപ്പെടുത്തിയവയാണ് - ആശയവിനിമയം, മാപ്പിങ്, ടാർഗറ്റിങ് തുടങ്ങിയവ. കട്ടിയുള്ള കെയ്‌സിൽ അടക്കം ചെയ്ത ഗ്യാലക്‌സി എസ്20 ഇതെല്ലാം ഒരുമിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കുന്നുണ്ടാകാം. എന്നാൽ, അത് വിപ്ലവകരമായ മാറ്റമുള്ള ഫോണൊന്നുമല്ല എന്നാണ് വിമർശകർ പറയുന്നത്. പക്ഷേ, ഇതൊക്കെ തുടക്കം മാത്രമാകാം. ഇനി പൊതുജനത്തിനുള്ള ഫോണുകൾ ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കണമെന്നില്ല. അതായിരിക്കാം വരുന്ന മാറ്റം.
മറുനാടന് ഡെസ്ക്