- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററി; പരിശീലകനായപ്പോഴും ചെയ്തിരുന്നത് വാചകമടി; ശാസ്ത്രി കാണിച്ച നിലവാരമില്ലായ്മ ദ്രാവിഡിൽ നിന്ന് പ്രതീക്ഷിക്കേണ്ട'; ന്യൂസിലൻഡിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ വിമർശനവുമായി ഗംഭീർ
ന്യൂഡൽഹി: മുൻ ഇന്ത്യ പരിശീലകൻ രവി ശാസ്ത്രിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും ബിജെപി എം പിയുമായ ഗൗതം ഗംഭീർ. രവി ശാസ്ത്രിക്ക് പറ്റിയ പണി കമന്ററിയാണെന്നും ഇന്ത്യൻ പരിശീലകൻ ആയിരുന്ന സമയത്തും ശാസ്ത്രി കൂടുതലും ചെയ്തിരുന്നത് വാചകമടി മാത്രമായിരുന്നെന്നും ഗംഭീർ പരിഹസിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇങ്ങനെ പറഞ്ഞത്.
ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാതെയാണ് രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകസ്ഥാനത്ത്് നിന്നൊഴിഞ്ഞത്. അവസാനം അദ്ദേഹത്തിന് കീഴിൽ കളിച്ച ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായി. 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോട് പരാജയപ്പെട്ടു. പിന്നാലെ നടന്ന ഏകദിന ലോകകപ്പിലെ സെമിയിൽ ന്യൂസിലൻഡിനോടും തോറ്റ് പുറത്തായി. ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലും ന്യൂസിലൻഡിനോട് തോൽക്കാനായിരുന്നു വിധി.
്എന്നാൽ ശാസ്ത്രിക്ക് കീഴിൽ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് ഒന്നാമതെത്താൻ സാധിച്ചിരുന്നു. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവർക്കെതിരെ അവരുടെ ഗ്രൗണ്ടിൽ ഒന്നിൽ കൂടുതൽ മത്സരങ്ങൾ ജയിക്കാൻ ഇന്ത്യക്കായി. 2019ൽ ഓസ്ട്രേലിക്കെതിരെ പരമ്പര നേടിയപ്പോൾ ശാസ്ത്രി പറഞ്ഞ വാചകം ഏറെ ചർച്ചയായിരുന്നു. 1983ലെ ലോകകപ്പിനേക്കാൾ വലിയ വിജയം എന്നാണ് ശാസ്ത്രി പറഞ്ഞ്.
അന്നത്തെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ പരിശീലകൻ രാഹുൽ ദ്രാവിഡുമായി ശാസ്ത്രിയെ താരതമ്യം ചെയ്താണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. ശാസ്ത്രി പറഞ്ഞ നിലവാരമില്ലാത്ത പ്രസ്താവനയൊന്നും ദ്രാവിഡിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഗംഭീർ പറയുന്നത്.
മതിമറന്ന് ആഘോഷിക്കേണ്ടതായി ഈ വിജയത്തിൽ ഒന്നുമില്ലെന്നും ട്വന്റി 20 ലോകകപ്പിനു ശേഷം വെറും മൂന്ന് ദിവസത്തെ വിശ്രമം മാത്രമാണ് ന്യൂസിലാൻഡിന് ലഭിച്ചതെന്നും ഇന്ത്യയിൽ ആറ് ദിവസം കൊണ്ട് മൂന്ന് ടി ട്വന്റികൾ അവർ കളിച്ചുവെന്നും ദ്രാവിഡ് പറഞ്ഞു. ന്യൂസിലാൻഡ് ടീം വളരെയേറെ ക്ഷീണിതരായിരുന്നെന്നും അതിനാലാണ് ഇന്ത്യക്ക് അവരെ എളുപ്പത്തിൽ തോൽപ്പിക്കാൻ സാധിച്ചതെന്നും പറയാതെ പറയുകയായിരുന്നു ദ്രാവിഡ്.
ഈ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇതിലും വലിയ വെല്ലുവിളികളെ നേരിടുന്നതിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഗംഭീർ ഇരു പരിശീലകരെയും താരതമ്യം ചെയ്യുന്ന അഭിമുഖം പുറത്തു വന്നത്. നന്നായി കളിക്കുമ്പോൾ ഒരിക്കലും സ്വയം പ്രശംസിക്കരുതെന്നും 2011ലെ ലോകകപ്പ് വിജയിച്ചപ്പോൾ അന്ന് ടീമിലുണ്ടായിരുന്നവർ ആരും സ്വന്തം പ്രകടനം നല്ലതായിരുന്നെന്ന് പറഞ്ഞിരുന്നില്ലെന്നും എന്നാൽ മറ്റുള്ളവർ ഇന്ത്യൻ താരങ്ങളുടെ കളി മികച്ചതാണെന്ന് നിരവധി തവണ പറഞ്ഞിരുന്നെന്നും ഗംഭീർ സൂചിപ്പിച്ചു.
ഗംഭീറിന്റെ വാക്കുകൾ... ''വിനയമാണ് പ്രധാനമായിട്ടും വേണ്ടത്. മോശം രീതിയിൽ കളിച്ചാലും നല്ലതുപോലെ കളിച്ചാലും വിനയത്തോടെ സംസാരിക്കണം. ടീമിനെ വിജയങ്ങളേയും പ്രകടനത്തേയും കുറിച്ച് മറ്റുള്ളവരാണ് സംസാരിക്കേണ്ടത്. അല്ലാതെ മറ്റൊരു നേട്ടത്തെ ഇകഴ്ത്തി മറ്റൊന്നിനെ പുകഴ്ത്തി പറയുന്നത് നിലവാരമില്ലായ്മയാണ്. രാഹുൽ ദ്രാവിഡിൽ നിന്ന് അത്തരത്തിലൊന്ന് ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്.'' ഗംഭീർ പറഞ്ഞു.
2011 ഏകദിന ലോകകപ്പ് നേടിയപ്പോൾ ഈ ടീം ലോകത്തിലെ മികച്ചതാണെന്ന് ടീമിലെ ആരും പ്രസ്താവന ഇറക്കിയിട്ടില്ലായിരുന്നുവെന്നും ഗംഭീർ ഓർമിപ്പിച്ചു. ''നന്നായി കളിക്കുമ്പോൾ ആരും സ്വന്തം പ്രകടനത്തെ കുറിച്ച് പറയാറില്ല. മറ്റുള്ളവർ സംസാരിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷം മാത്രം. 2011ൽ ഞങ്ങൾ ഏകദിന ലോകകപ്പ് ജയിച്ചു. ഞങ്ങളാരും പ്രസ്താവന ഇറക്കിയില്ല ഇന്ത്യൻ ടീം ലോകത്തിലെ മികച്ചതാണെന്ന്.'' ഗംഭീർ പറഞ്ഞുനിർത്തി.
ഇന്ത്യ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച കളി കാഴ്ചവച്ചുവെങ്കിൽ അത് നല്ല കാര്യം തന്നെയാണ്. എന്നാൽ സ്വയം പുകഴ്ത്തേണ്ട ആവശ്യമില്ല. മറ്റുള്ളവരാണ് നമ്മെ പ്രശംസിക്കേണ്ടത്. രവി ശാസ്ത്രിയെ പോലെ ഒരിക്കലും ദ്രാവിഡ് പെരുമാറില്ല. എത്ര കളി ജയിച്ചാലും അദ്ദേഹത്തിന്റെ വാക്കുകളിൽ എളിമയുണ്ടായിരിക്കും, ആ വാക്കുകളുടെ ശ്രദ്ധാകേന്ദ്രം എപ്പോഴും കളിക്കാരായിരിക്കുമെന്നും ഗംഭീർ പറഞ്ഞു.
സ്പോർട്സ് ഡെസ്ക്