- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ മക്കളെ ജനിപ്പിച്ച പെൺമക്കൾ; കിടക്കയിൽ നിന്നു എഴുന്നേൽക്കാത്ത വയോധികരും മനോവൈകല്യമുള്ളവരും സുനാമിയിൽ അനാഥരായവരും അനവധി: നമുക്കിടയിൽ മതവും ജാതിയുമില്ലാതെ പ്രവർത്തിക്കുന്ന സ്വർഗത്തിന്റെ കഥ
നിങ്ങൾ സ്വർഗം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കൊല്ലം ജില്ലയിലെ പത്തനാപുരം വരെ പോകുക. പത്തനാപുരത്ത് നിന്നും എട്ടോ പത്തോ കിലോമീറ്ററേ ഉള്ളൂ ഗാന്ധിഭവനിലേക്ക്. ആരോട് ചോദിച്ചാലും വഴി പറഞ്ഞ് തരും. അവിടെ ചെന്നാൽ തീർച്ചയായും നിങ്ങൾ സ്വർഗം കാണും. എന്നിട്ട് മക്കളോട് പറഞ്ഞ് കൊടുക്കുക. ഇതാണ് യഥാർത്ഥ സ്വർഗമെന്ന്. മകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ബ
നിങ്ങൾ സ്വർഗം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കൊല്ലം ജില്ലയിലെ പത്തനാപുരം വരെ പോകുക. പത്തനാപുരത്ത് നിന്നും എട്ടോ പത്തോ കിലോമീറ്ററേ ഉള്ളൂ ഗാന്ധിഭവനിലേക്ക്. ആരോട് ചോദിച്ചാലും വഴി പറഞ്ഞ് തരും. അവിടെ ചെന്നാൽ തീർച്ചയായും നിങ്ങൾ സ്വർഗം കാണും. എന്നിട്ട് മക്കളോട് പറഞ്ഞ് കൊടുക്കുക. ഇതാണ് യഥാർത്ഥ സ്വർഗമെന്ന്. മകൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ ബൈബിൾ ഒരു വാചകം പറഞ്ഞ് കൊടുക്കുക, മരിച്ച് സ്വർഗ്ഗത്തിൽ ചെന്നവരോട് ദൈവം പറയുന്ന ഒരു വാചകം. എനിക്ക് വിശന്നു; നിങ്ങൾ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നില്ല ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്‌നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും:
കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്‌നനോ, രോഗിയോ, കാരാഗൃഹത്തിൽ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോൾ'
ഈ ചോദ്യം ദൈവത്തോട് തിരിച്ച് ചോദിക്കാതിരിക്കാൻ ആണ് മക്കളെ നിങ്ങൾ ഈ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ട് വരേണ്ടത്. ഇവിടെ മുഴുവൻ ദൈവം നിറഞ്ഞ് നിൽക്കുകയാണ്. ഭിക്ഷാടകരുടെയും രോഗിയുടെയും വിധവകളുടെയും മക്കൾ ഉപേക്ഷിച്ചവരുടെയും പിതാവ് പീഡിപ്പിച്ചവരുടേയും ബന്ധുജനങ്ങൾ തെരുവിൽ ഇറക്കി വിട്ടവരുടേയും ഒക്കെ രൂപത്തിലും ശബ്ദത്തിലും. ഈ ശബ്ദങ്ങൾക്ക് ചെവികൊടുക്കുമ്പോൾ നമുക്ക് ദൈവത്തിന്റെ രൂപം കാണാം. ചിലപ്പോൾ ആ ദൈവം പൊട്ടിച്ചിരിക്കും. ഒരു അർത്ഥവുമില്ലാത്ത ചിരി. എന്നാൽ ദൈവം ആ ചിരിച്ച് ചിരിച്ച് ഒളിഞ്ഞ് നിങ്ങളുടെ കണ്ണിലേക്ക് നോക്കും. നിങ്ങൾ പുച്ഛിച്ച് ചിരിക്കുകയാണോ അതോ ഒഴിഞ്ഞ് പോകുകയാണോ? ഈ ദൈവത്തിന് മതമില്ല, ഭാഷയില്ല, നിറങ്ങളുടെ വ്യത്യാസമില്ല. കാരണം ഇവിടെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒന്നുമില്ല. മനുഷ്യരും ദൈവവും മാത്രമുള്ള കൊടുക്കൽ വാങ്ങൽ മാത്രമേ ഉള്ളൂ. ആ ദൈവങ്ങളുടെ ഇടയിലേക്കാണ് നിങ്ങൾ കടന്നു ചെല്ലുന്നത്.
ഈ സ്വർഗ്ഗത്തേയാണ് ഇവിടുത്തുകാർ ഗാന്ധിഭവൻ എന്നു പറയുന്നത്. സാക്ഷാൽ മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗാന്ധി ഭവൻ. ഏതെങ്കിലും ഒരു മതസംഘടന നടത്താത്ത കേരളത്തിലെ വിരലിൽ എണ്ണാൻ കഴിയുന്ന ആതുരാലയം ആയിരിക്കും ഇത്. അനാഥാലയങ്ങളും വയോധികമന്ദിരങ്ങളും അഗതിമന്ദിരങ്ങളും ഒക്കെ കണ്ടു പഠിച്ച നമുക്ക് ഗാന്ധിഭവനെ അത്തരം ഒരു ചട്ടക്കൂട്ടിലും പിടിച്ച് കെട്ടാൻ കഴിയില്ല. കാരണം ഗാന്ധിഭവൻ എല്ലാം കൂടിയാണ്. സമൂഹത്തിന് വേണ്ടാത്ത എല്ലാവർക്കും ഇവിടെ അഭയമുണ്ട്. വീട്ടുകാർ ഉപേക്ഷിച്ച വിധവകൾക്കും അഗതികൾക്കും വീട്ടുകാർ ഇല്ലാത്ത അനാഥർക്കും എണീറ്റ് നിൽക്കാൻ നിവൃത്തിയില്ലാത്ത രോഗികൾക്കും പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ ഉണങ്ങാത്ത മാരക രോഗികൾക്കും അച്ഛനാൽ ഗർഭിണിയാക്കപ്പെട്ട് നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ട പെൺകുട്ടികൾക്കും ഒക്കെ ഇവിടെ അഭയമുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവരും മാനസിക നിലക്ക് തകരാറ് സംഭവിച്ചവർക്കും ഒക്കെ ഗാന്ധി ഭവനിൽ ആശ്രയം ലഭിക്കും.
ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു സങ്കേതം കണ്ടെത്താൻ കഴിയില്ല. ആയിരത്തിൽ അധികം അന്തേവാസികളാണ് ഇവിടെ കഴിയുന്നത്. അവർ ഏത് മതത്തിൽ ജനിച്ചവരോ അവർക്ക് ആ മതത്തിൽ തന്നെ ഇവിടെ പ്രാർത്ഥനകൾ നടത്താം. ഇവിടെ നടത്തുന്ന പ്രാർത്ഥനകൾ എല്ലാം സർവ്വമത പ്രാർത്ഥനകളാണ്. ഏത് മതസംഘടനകൾക്കും ഇവിടെ വന്ന് അവരുടെ പ്രാർത്ഥനകൾ ചൊല്ലാം. എല്ലാവരെയും എല്ലാ മതത്തേയും എല്ലാ വിശ്വാസങ്ങളേയും ആദരിക്കുന്ന ഒരു പ്രസ്ഥാനമാണിത്. രാഷ്ട്രത്തിനും രാഷ്ട്രീയ ശില്പികൾക്കും ആദരവ് നൽകുന്ന മഹാപ്രസ്ഥാനം. ഒരു ദിവസം ഇവിടെ വച്ച് വിളമ്പുന്ന ഭക്ഷണത്തിന്റെ ചെലവ് മാത്രം എടുത്താൽപ്പോലും ഇങ്ങനെ ഒരു പ്രസ്ഥാനം ആർക്കും ചിന്തിക്കാൻ കഴിയില്ല. അന്തേവാസികളും അതിഥികളുമായി 1500-ൽ അധികം പേർക്കാണ് ദിവസവും ഇവിടെ വച്ച് വിളമ്പുന്നത്. അതും വിഭവ സമൃദ്ധമായ സദ്യ തന്നെ. ജീവിതത്തിൽ അവർക്ക് ആകെ വേണ്ടത് മൂന്നു നേരം ഭക്ഷണമായതുകൊണ്ട് അത് നന്നായി കൊടുക്കാൻ ഗാന്ധിഭവൻ പ്രതിജ്ഞാബദ്ധമാണ്.
ഈ ചെലവെല്ലാം എങ്ങനെ കണ്ടെത്തുന്നു എന്നു ചോദിച്ചാൽ നിസ്വാർത്ഥ സേവകരായ ഇതിന്റെ പ്രധാന നടത്തിപ്പുകാർ പുനലൂർ സോമരാജൻ വെളുക്കെ ചിരിക്കും- ഒക്കെ ഈശ്വരൻ നടത്തുന്നു. സർക്കാരിന്റെ ലഭ്യമായ ഫണ്ടുകൾ ഒക്കെ ഇവിടെ ലഭിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഗാന്ധിഭവന് മുന്നോട്ട് പോകാൻ പറ്റില്ല. എന്നാൽ ലോകം മുഴുവനും നിന്നുള്ള മലയാളികൾ സഹായം നൽകുന്നു. ഒരിക്കൽ ഗാന്ധിഭവനിൽ എത്തുന്നവരൊക്കെ ഇവിടേക്ക് പിന്നീട് പണം അയക്കാറുണ്ട്. അനേകം സമ്പന്നർ മക്കളുടെ ജന്മദിനം ഇവിടെ ആഘോഷിക്കുമ്പോൾ അന്നത്തെ സദ്യ മുഴുവൻ ഒരുക്കുന്നത് അവരാണ്. ഈ അത്ഭുത സങ്കേതത്തിൽ എത്തി മക്കളോടൊപ്പം താമസിക്കുന്ന മലയാളികൾ ഉണ്ട്. മന്ത്രമാരും എംഎൽഎമാരും പൊലീസുകാരും ഒക്കെ ഗാന്ധിഭവനിൽ എത്തുമ്പോൾ പണവും വസ്ത്രങ്ങളും കൈമാറും. അവരുടെ ഒക്കെ മുമ്പിൽ വന്നു പെടുന്ന ഉപേക്ഷിക്കപ്പെട്ടവരെ അവരെത്തിക്കുന്നതും ഇങ്ങോട്ടാണ്. ആഭ്യന്തര മന്ത്രി ചെന്നിത്തല അടക്കം അനേകം പ്രമുഖർ ഇവിടേക്ക് എത്തിച്ച പലരുമുണ്ട് അന്തേവാസികൾക്കിടയിൽ.
അവിശ്വസനീയമായ വസ്തുത ഒരുകാലത്ത് വലിയ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നവരും പ്രശസ്തരായിരുന്നവരും വരെ ഇവിടെ അന്തേവാസികളായി ഉണ്ട് എന്നതാണ്, കേരളത്തിൽ അറിയപ്പെടുന്ന പലരുടേയും ബന്ധുക്കൾ ഇവിടുത്തെ താമസക്കാരാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അന്തരിച്ച പഴയ റാന്നി എംഎൽഎ വർഷങ്ങളോളം ഇവിടെയായിരുന്നു താമസിച്ചിരുന്നത്. മുൻകാല നടികളിൽ ഒരാളും ഇവിടുത്തെ അന്തേവാസിയാണ്. വെള്ളാപ്പള്ളി നടേശന്റെ ബന്ധുവും റിട്ടെയർ ചെയ്ത കൊല്ലം എസ്എൻ കോളേജിലെ പ്രിൻസിപ്പാളിന്റെ ഭർത്താവും സർ സിപിയുടെ കൊച്ചുമകനും ഇവിടുത്തെ അന്തേവാസിയാണ്. സുനാമിയിൽ ബന്ധുക്കൾ എല്ലാം ഒലിച്ചുപോയ ഒരു പെൺകുട്ടി ഇവിടെയുണ്ട്. പിതാവിനാൽ ഗർഭിണിയാക്കപ്പെട്ട രണ്ട് പെൺമക്കളാണ് അവരുടെ മക്കളുമായി ഇവിടെ കഴിയുന്നത്. കണ്ണ് കാണാത്തവരും കിടക്കയിൽ നിന്നും എണീക്കാത്തവരുമായ ഒട്ടേറെ പേരുണ്ട്. മക്കൾ ഉപേക്ഷിച്ചവർ അവരുടെ കണ്ണീരും വേദനയും പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സന്ദർശകരോട് പറയുക. എന്റെ മകനെ നിങ്ങൾ കണ്ടോ എന്നു കണ്ണീരോടെ ചോദിച്ചു ഓടിവരുന്നവർ ആരുടേയും കണ്ണ് നനയിക്കും.
ഒരു മതവും ജാതിയുമില്ല എന്നതാണ് ഗാന്ധിഭവനെ ഏറ്റവും കൂടുതൽ ആകർഷകമാക്കുന്നതെങ്കിൽ മറ്റൊരു പ്രധാന സവിശേഷത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു അനാഥാലയത്തിലോ വയോധികമന്ദിരങ്ങളിലോ ചെന്നാൽ നമുക്ക് അനുഭവപ്പെടുന്ന ഒരുതരം വൃത്തികെട്ട മണം ഇവിടെയില്ല. അത്രമേൽ ഉത്തരവാദിത്തത്തോടെയും വെടിപ്പൊടുമാണ് ഇത് സംരക്ഷിക്കുന്നത്. എണീറ്റ് നിൽക്കാൻ കഴിയാത്തവർ മുതൽ മാരക രോഗികൾ അനേകം ഉണ്ടായിട്ടും വെടിപ്പും വൃത്തിയും സംരക്ഷിക്കാൻ കഴിയുന്നത് മഹാത്ഭുതമായേ തോന്നൂ. ഗാന്ധിഭവനെ ഏറ്റവും കൂടുതൽ സവിശേഷമാക്കുന്നത് ഈ വെടിപ്പു തന്നെ.
ഇങ്ങനെ ഒരു സ്ഥാപനത്തെ സഹായിക്കാനുള്ള ഉത്തരവാദിത്തമാണ് ഇക്കുറി വായനക്കാർക്ക് മുമ്പിൽ മറുനാടൻ മലയാളി വായനക്കാർക്ക് മുമ്പിൽ വയ്ക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള മറുനാടൻ വായനക്കാർക്ക് ഗാന്ധിഭവനെന്ന പ്രസ്ഥാനത്തെ സഹായിക്കാം. ഒരു നേരത്തെ ഭക്ഷണത്തിനുള്ള പണം കൊടുക്കാൻ സാധിച്ചാൽ പോലും അതൊരു പുണ്യപ്രവർത്തിയാകും. നിങ്ങളാൽ കഴിയുന്ന സംഭാവന ഗാന്ധിഭവന് വേണ്ടി നൽകുക. നിങ്ങളുടെ പത്തോ ഇരുപതോ രൂപ പോലും മഹത്തായ ഒരു പ്രസ്ഥാനത്തിനും അതുവഴി ഒരുപറ്റം ജനത്തിനും ആശ്വാസമാകും. ഈസ്റ്ററിനോ, വിഷുവിനോ നിങ്ങൾ ചെലവിടുന്ന പണത്തിൽ നിന്നും ചെറിയൊരു തുക ഈ സ്വർഗ്ഗത്തിനായി മാറ്റിവെക്കാം.
ഈ നിരാലംബരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ നൽകിയിരിക്കുന്ന ഗാന്ധി ഭവന്റെ അക്കൗണ്ട് നമ്പരിലേക്ക് സംഭാവന നൽകാം
Reference : Marunadan Malayali
Bank - South Indian Bank
Branch - Pathanapuram
Account number: 0481053000000530
IFSE Code: SIBL0000481
Gandhi Bhavan, Pathanapuram
വിശദവിവരങ്ങൾക്ക് ഗാന്ധിഭവനെ ബന്ധപ്പെടാം- Gandhibhavan, Pathanapuram, Kollam, Kerala, South India. Pin : 689695
+91 475 2355573 ,+91 475 2350459, +91 9605057000
gandhibhavan@gmail.com
വെബ്‌സൈറ്റ്- http://www.gandhibhavan.org/