കണ്ണൂർ: കേരളത്തിൽ മഹാത്മാ ഗാന്ധി സന്ദർശിച്ച 147 സ്ഥലങ്ങളിലേക്ക് 'ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ' എന്ന പേരിൽ വാഹനജാഥ സംഘടിപ്പിക്കാൻ ഗാന്ധി ദർശൻ സമിതി. ഉപ്പുകുറുക്കൽ നടന്ന പയ്യന്നൂരിൽ ഒക്ടോബർ രണ്ടിന് വൈകിട്ട് 5.30ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും. അയ്യങ്കാളിയുമായി ഗാന്ധിജി കൂടിക്കാഴ്ച നടത്തിയ വെങ്ങാനൂർ സ്‌കൂളിൽ 14ന് ജാഥ സമാപിക്കും.

ഗാന്ധിദർശൻ സമിതി സംസ്ഥാന ഭാരവാഹികളായ 11 പേർ പങ്കെടുക്കുന്ന ജാഥ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രസിഡന്റ് വി സി കബീർ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്വീകരണ പരിപാടികളിൽ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജാഥയുടെ സംഘാടകസമിതി രൂപീകരണം ഇന്ന് പയ്യന്നൂരിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ ജില്ലാ പ്രസിഡന്റ് ഭാസ്‌കരൻ മാസ്റ്റർ, ഇ. ബാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.