പട്‌ന: ഗാന്ധി മൈതാൻ സ്‌ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഒൻപതു പ്രതികളിൽ നാലു പേർക്ക് എൻഐഎ കോടതി വധശിക്ഷ വിധിച്ചു. മറ്റു പ്രതികളിൽ രണ്ടു പേർക്കു ജീവപര്യന്തം കഠിനതടവും രണ്ടു പേർക്ക് 10 വർഷം കഠിന തടവും ഒരാൾക്ക് ഏഴു വർഷം കഠിന തടവുമാണു ശിക്ഷ.

കേസിലെ 10 പ്രതികളിൽ ഫക്രുദ്ദീൻ എന്നയാളെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു. ബാക്കിയുള്ള ഒൻപത് പേരിൽ പ്രതികളായ ഇംതിയാസ് അൻസാരി, മുജിബുല്ല, ഹൈദർ അലി, ഫിറോസ് അസ്ലം, ഒമർ അൻസാരി, ഇഫ്തിഹാർ, അഹമ്മദ് ഹുസൈൻ, ഉമർ സിദ്ദിഖി, അസറുദ്ദീൻ എന്നിവരെയാണു കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.

2013 ൽ പട്ന ഗാന്ധി മൈതാനിൽ നടന്ന സ്ഫോടന പരമ്പരയിലാണ് കോടതിവിധി. ഒക്ടോബർ 27നായിരുന്നു സംഭവം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിച്ച റാലിക്കു നേരെയാണ് സ്‌ഫോടന പരമ്പര നടന്നത്. നരേന്ദ്ര മോദി നയിച്ച ഹുങ്കാർ റാലിയെ ലക്ഷ്മിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദി പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന വേദിക്ക് 150 മീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്.

ഉച്ചയ്ക്ക് 12.25 ന് തുടർച്ചയായി രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. നരേന്ദ്ര മോദി, ബിജെപി നേതാക്കളായ രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി ഉൾപ്പെടെയുളവർ എത്തുന്നതിന് 20 മിനിറ്റ് മുൻപായിരുന്നു സ്ഫോടനം. തുടർന്ന് നടത്തിയ തെരച്ചിലിൽ നാല് ലൈവ് ബോംബുകളും പ്രദേശത്ത് നിന്നും കണ്ടെത്തി. എന്നാൽ റാലിയിൽ നിന്ന് പിന്മാറാൻ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. സ്ഫോടന പരമ്പരയിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2002 മുതൽ നരേന്ദ്ര മോദിക്കു നേരെ ഗുജറാത്തിൽ ഭീകരർ ആക്രമണം നടത്തിയിരുന്നു. സമീർ പഠാൻ, സൊഹറാബുദ്ദീൻ സംഭവങ്ങൾക്ക് ശേഷമാണ് പാറ്റ്‌നയിൽ സ്‌ഫോടന പരമ്പര അരങ്ങേറിയത്.