ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനം നടത്തുന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഓരോ പ്രസംഗങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അപ്പാടെ മാറ്റിമറിക്കുകയാണ്. കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കവെ, കോൺഗ്രസ്സിനെക്കുറിച്ച് അദ്ദേഹം നടത്തിയ ചില വിമർശനാത്മകമായ വിലയിരുത്തലുകൾ ഏറെ ശ്രദ്ധ കൈവരിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്തിന്റെ വികസനത്തിനും ഭാവിക്കും പ്രവാസികൾ എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്ന പ്രസംഗവും ശ്രദ്ധ നേടുകയാണ്. അമേരിക്കയിലെ കോൺഗ്രസ് പാർട്ടി അനുഭാവികളെ അഭിസംബോധന ചെയ്യവെയാണ് പ്രവാസി സമൂഹത്തോട് ഇന്ത്യ എത്ര കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുൽ വ്യക്തമാക്കിയത്.

മഹാത്മാ ഗാന്ധിയടക്കമുള്ള ഇന്ത്യയുടെ നേതാക്കളെല്ലാം പ്രവാസികളാണെന്ന് രാഹുൽ പറഞ്ഞു. ഗാന്ധിജിയെത്തിയത് ആഫ്രിക്കയിൽനിന്നാണ്. നെഹ്‌റു ഇംഗ്ലണ്ടിൽനിന്നെത്തി. ആസാദും അംബേദ്കരും പട്ടേലുമെല്ലാം എൻ.ആർ.ഐകൾ തന്നെ. കോൺഗ്രസ് പിറവിയെടുത്തതുതന്നെ എൻ.ആർ.ഐ. പ്രസ്ഥാനത്തിൽനിന്നാണെന്നും രാഹുൽ പറഞ്ഞു. രണ്ടായിരത്തോളം കോൺഗ്രസ് അനുഭാവികളാണ് ന്യുയോർക്കിൽ നടന്ന യോഗത്തിൽ രാഹുലിനെ കേൾക്കാനെത്തിയത്.

ഇന്ത്യയുടെ സമുന്നതരായ നേതാക്കന്മാരെല്ലാം വിദേശത്ത് പോവുകയും അവിടുത്തെ ലോകക്രമം മനസ്സിലാക്കുകയും ചെയ്തവരാണ്. അവിടെനിന്ന് സ്വായത്തമാക്കിയ ആശയങ്ങളും ആവേശവുമുപയോഗിച്ചാണ് അവർ ഇന്ത്യയെ മാറ്റിമറിച്ചത്-രാഹുൽ പറഞ്ഞു. സമാനമായ രീതിയിൽ ഇന്ത്യയുടെ മാറ്റത്തിന് കാരണക്കാരായ ആയിരക്കണക്കിന് പ്രവാസികളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിനുദാഹരണമായാണ് ധവളവിപ്ലവത്തിന്റെ ശില്പിയായ വർഗീസ് കുര്യന്റെ ഉദാഹരണം രാഹുൽ എടുത്തുപറഞ്ഞത്. വർഗീസ് കുര്യനും പ്രവാസിയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽനിന്നാണ് കുര്യനെത്തിയത്. അദ്ദേഹം ക്ഷീര സഹകരണമേഖലയിലൂടെ ഇന്ത്യയെ മാറ്റിമറിച്ചു. ഇതുപോലെ രാജ്യത്തെ മാറ്റിമറിച്ച ആയിരക്കണക്കിന് നേതാക്കൾ വേറെയുമുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വിദേശത്ത് താമസിക്കുന്നതുകൊണ്ട് സ്വന്തം രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാവുന്നില്ലെന്ന നിരാശ പ്രവാസികൾക്ക് വേണ്ടെന്നും രാഹുൽ പറഞ്ഞു. യഥാർഥത്തിൽ പ്രവാസികൾ രാജ്യത്തിന്റെ നട്ടെല്ലാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ രണ്ടാഴ്ചത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇതിനിടെ നടത്തിയ പ്രസംഗങ്ങളും കൂടിക്കാഴ്ചകളും രാഷ്ട്രീയ നേതാവെന്ന നിലയിൽ താനെത്രമാത്രം പക്വതയാർജിച്ചുവെന്ന് തെളിയിക്കുന്നതാണ്. കാലിഫോർണിയ സർവകലാശാലയിൽ സംസാരിക്കവെ, അദ്ദേഹം കോൺഗ്രസ്സിനെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങൾ, ഇവിടെ വലിയ ചർച്ചയായി. കോൺഗ്രസ്സിലെ സംഭാഷണം ഇല്ലാതായതാണ് ജനങ്ങളിൽനിന്ന് പാർട്ടിയെ അകറ്റിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് പാർട്ടിയിൽ കടന്നുകൂടിയ ധാർഷ്ട്യവും കോൺഗ്രസിനെ തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു.