കൊല്ലം: നാടകം ജീവിതമാണ്, അതുകൊണ്ടുതന്നെ സിനിമയെപ്പോലെ അത്ര എളുപ്പമല്ലെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ് പ്രസ്താവിച്ചു. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി ലോകം മുഴുവൻ ദുരിതം വിതച്ചപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് കലാകാരന്മാരാണ്. ഉത്സവപറമ്പുകളിൽ അഭിനയത്തിന്റെ നല്ല മുഹൂർത്തങ്ങൾ കാഴ്ചവച്ച നാടക കലാകാരന്മാർ ഇന്ന് സങ്കട കണ്ണീരിലാണ്. സിനിമയെക്കാൾ അതികഠിനമാണ് നാടക അഭിനയം. അവിടെ പ്രതിഭ വേദിയിൽ തിളങ്ങുകയാണ്. എത്ര മികവുള്ള കലാകാരനും വേദിയിൽ പതറിയാൽ പേരുദോഷമുണ്ടാകും. നാടക കലാകാരന്മാർക്ക് വലിയ പ്രചോദനവും പ്രോത്സാഹനവുമാണ് ഈ നാടകോത്സവവും നാടകമത്സരവുമെന്നും ഇന്ദ്രൻസ് പറഞ്ഞു.

ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, നാടകകൃത്ത് ഹേമന്ത്കുമാർ എന്നിവർ മുഖ്യ അതിഥികളായി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, കെ.പി.എ.സി ലീലാകൃഷ്ണൻ, നടൻ സച്ചിൻ ആനന്ദ്, കോട്ടാത്തല ശ്രീകുമാർ, എസ്. സുവർണ്ണകുമാർ, പ്രൊഫ. ജി. മോഹൻദാസ്, ജോർജ് എഫ്. സേവിയർ, ബൈജു എസ്. പട്ടത്താനം, ബി. പ്രദീപ്, അനിൽ ആഴാവീട് എന്നിവർ സംസാരിച്ചു. നാടകോത്സവത്തിന്റെ ഭാഗമായി രാജേശ്വരി തുളസി, രശ്മി രാഹുൽ എന്നിവരുടെ ചിത്രപ്രദർശനവുമുണ്ടായിരുന്നു.മത്സരത്തിന്റെ ആദ്യദിനത്തിൽ കൊല്ലം അനശ്വരയുടെ സുപ്രീംകോർട്ട് എന്ന നാടകം അവതരിപ്പിച്ചു.

നാടകോത്സവത്തിൽ ഇന്ന് (ഏപ്രിൽ 16)
വൈകിട്ട് 5 ന് 'സർഗാത്മകത നഷ്ടമാകുന്ന രാഷ്ട്രീയരംഗം' എന്ന വിഷയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിക്കും. ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിക്കും. കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.പി. സജിനാഥ്, ടി.കെ. വിനോദൻ എന്നിവർ പങ്കെടുക്കും. 6.30 ന് കൊല്ലം അശ്വതിഭാവനയുടെ 'കുരങ്ങുമനുഷ്യൻ' നാടകവും നടക്കും.