- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിഭവൻ സംസ്ഥാന നാടകോത്സവം; വേനലവധി മികച്ച നാടകം; മികച്ച നടൻ സജി; നടി ശ്രീജ
കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്‌കാരികകേന്ദ്രം സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ അഖില കേരള പ്രൊഫഷണൽ നാടകോത്സവത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ 'വേനലവധി' മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനം നേടി. ഓച്ചിറ സരിഗയുടെ 'നളിനാക്ഷന്റെ വിശേഷങ്ങൾ'ക്കും തിരുവനന്തപുരം സംഘകേളിയുടെ 'മക്കളുടെ ശ്രദ്ധയ്ക്കു'മാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. ഒന്നാം സമ്മാനമായി അരലക്ഷം രൂപയുടെയും രണ്ടാം സമ്മാനമായി 40,000 രൂപയുടെയും മൂന്നാം സമ്മാനമായി 35,000 രൂപയുടെയും കാഷ് അവാർഡുകളും ഫലകവും നൽകുമെന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അറിയിച്ചു. ഏപ്രിൽ 15 മുതൽ 22 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിലായിരുന്നു നാടകോത്സവം സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട എട്ടു നാടകങ്ങളാണ് എട്ടു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തത്.
മറ്റ് പുരസ്‌കാരങ്ങൾ; മികച്ച സംവിധായകൻ: രാജീവൻ മമ്മിളി (നളിനാക്ഷന്റെ വിശേഷങ്ങൾ), മികച്ച നാടകത്തിന്റെ സംവിധായകൻ: രാജേഷ് ഇരുളം (വേനലവധി), മികച്ച നാടകരചന ഒന്നാം സമ്മാനം: ഹേമന്ത്കുമാർ (വേനലവധി), രണ്ടാം സമ്മാനം: ഫ്രാൻസിസ് ടി. മാവേലിക്കര (നളിനാക്ഷന്റെ വിശേഷങ്ങൾ), മികച്ച നടൻ: സജി മൂരാട് (വേനലവധി), രണ്ടാമത്തെ മികച്ച നടൻ: പ്രമോദ് വെളിയനാട് (നളിനാക്ഷന്റെ വിശേഷങ്ങൾ), മികച്ച നടി: ശ്രീജ എൻ.കെ. (തിരുവനന്തപുരം സംഘകേളി), രണ്ടാമത്തെ മികച്ച നടി: മല്ലിക (വേനലവധി), ഗാനരചന: രാധാകൃഷ്ൺ കുന്നുംപുറം (സുപ്രീംകോർട്ട് - കൊല്ലം അനശ്വര), സംഗീതം: ഉദയകുമാർ അഞ്ചൽ (കുരങ്ങുമനുഷ്യൻ - കൊല്ലം അശ്വതീഭാവന), ഗായകൻ: ബിനു സരിഗ (നാടകം: കുരങ്ങുമനുഷ്യൻ), ഗായിക: ശുഭ രഘുനാഥ് (കുരങ്ങുമനുഷ്യൻ), രംഗപടം: ആർട്ടിസ്റ്റ് സുജാതൻ (നളിനാക്ഷന്റെ വിശേഷങ്ങൾ), ദീപവിതാനം: ശശീന്ദ്രൻ വിളയാട്ടൂർ (വേനലവധി), സ്പെഷ്യൽ ജൂറി അവാർഡുകൾ: പ്രിയദർശിനി (നടി, വേനലവധി), നിഖിൽ ബാബു (നടൻ, കുരങ്ങുമനുഷ്യൻ), സാമൂഹികപ്രസക്തിയുള്ള പ്രമേയം - അന്നം (കൊച്ചിൻ ചന്ദ്രകാന്ത).
വക്കം ഷക്കീർ, പയ്യന്നൂർ മുരളി, കല്ലമ്പള്ളി കൃഷ്ണൻ നായർ, സി.ആർ. മനോജ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
മലയാളത്തിന്റെ പ്രൊഫഷണൽ നാടകവേദി പരമ്പരാഗതവും വ്യവസ്ഥാപിതവുമായ പഴഞ്ചൻ ശീലങ്ങളിൽ നിന്നും ഇനിയും മോചനം പ്രാപിച്ചിട്ടില്ലെന്ന് ജൂറി വിലയിരുത്തി. കാലപ്പഴക്കത്തിന്റെ ജീർണ്ണതകൾ കാര്യമായി ബാധിക്കാത്ത നാടകമാണ് വേനലവധി. രചനയിലും അവതരണത്തിലും അഭിനയമികവിലുമെല്ലാം ഈ നാടകം വ്യത്യസ്തത പുലർത്തുന്നു. നളിനാക്ഷന്റെ വിശേഷങ്ങൾ വന്ദ്യവയോധികനായ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ത്യാഗോജ്വലമായ ഭൂതകാലവും മക്കളാൽ വെറുക്കപ്പെട്ട വർത്തമാനകാലവും അനാവരണം ചെയ്യുന്നു. അവതരണത്തിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവന്ന നാടകമാണിത്. പൊതുവെ നല്ല രചനകളുടെ ദൗർലഭ്യമാണ് പ്രൊഫഷണൽ നാടകവേദി നേരിടുന്ന മുഖ്യപ്രശ്നമെന്നും അഭിനയപ്രതിഭകളാലും സാങ്കേതികവൈദഗ്ദ്ധ്യത്താലും പ്രൊഫഷണൽ നാടകവേദി സമ്പന്നമാണെന്നും ജൂറി ചൂണ്ടിക്കാട്ടി.
അടുത്ത മാസം തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിക്കുമെന്ന് ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ഗാന്ധിഭവൻ കലാസാംസ്‌കാരികകേന്ദ്രം ചെയർമാൻ കെ.പി.എ.സി. ലീലാകൃഷ്ണൻ, സെക്രട്ടറി അനിൽ ആഴാവീട്, കൺട്രോളിങ് ഓഫീസർ ബി. പ്രദീപ്, ജൂറി അംഗങ്ങളായ പയ്യന്നൂർ മുരളി, സി.ആർ. മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.