''ഗാന്ധിജിയുടെ അഭാവത്തിൽ ഇന്ത്യൻ രാഷ്ട്രീയം പ്രായോഗിക ബുദ്ധിയോടെ നീങ്ങുമെന്നും തിരിച്ചടിക്കാൻ പ്രാപ്തി നേടുമെന്നും സായുധ സേനയാൽ കരുത്താർജിക്കുമെന്നും ഞാൻ മനസ്സിലാക്കി. എന്റെ ജീവിതം പൂർണമായും നശിപ്പിക്കപ്പെടുമെന്നും അതേസമയം, പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനാകുമെന്നും എനിക്കുറപ്പുണ്ടായിരുന്നു. ഒരു ബോധവുമില്ലാത്ത, അല്ലെങ്കിൽ വിഡ്ഢിയായ ഒരാൾ എന്ന് ജനം എന്നെ മുദ്രയടിച്ചേക്കാമെങ്കിലും കരുത്തുറ്റ ഒരു രാഷ്ട്രനിർമ്മിതിക്ക് അനിവാര്യമെന്ന് ഞാൻ കരുതുന്ന യുക്തിയുടെമേൽ കെട്ടിപ്പടുത്ത പാത പിന്തുടരുന്നതിന് രാജ്യം സ്വതന്ത്രമായിരിക്കും.

വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം ഞാൻ അന്തിമ തീരുമാനമെടുത്തു. എന്നാൽ, ഒരാളുമായിപോലും ഞാൻ അതിനെ കുറിച്ച് മിണ്ടിയില്ല. എന്റെ കരങ്ങളിൽ ധൈര്യം സംഭരിച്ച് , ബിർള മന്ദിരത്തിന്റെ പ്രാർത്ഥനാനിലത്ത് 1948 ജനുവരി 30ന് ഗാന്ധിജിയുടെ നേരെ ഞാൻ വെടിയുതിർത്തു.'' നാഥുറാം ഗോദ്‌സെയുടെ വാക്കുകളാണിത്. 1948 മെയ്‌ 27 തൊട്ട് '49 ഫെബ്രുവരി 10വരെ ഡൽഹി ചെങ്കോട്ടയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്നു കണ്ട് വധശിക്ഷക്ക് വിധിച്ചതിനെതിരെ അപ്പീൽ നൽകിയത് പഞ്ചാബ് ഹൈക്കോടതിയിലാണ്. ഷിംലയിൽ ചേർന്ന അപ്പീൽ കോടതിയിൽ എന്തുകൊണ്ട് താൻ ഗാന്ധിജിയുടെ കഥകഴിച്ചുവെന്ന് ഗോദ്‌സെ നീണ്ടൊരു പ്രസംഗം നടത്തുന്നുണ്ട്.

ഗാന്ധിജിയുടെ ഉറ്റസുഹൃത്തായ വെറീർ എൽവിൻ അതിനെ കുറിച്ച് തന്റെ ഡയറിയിൽ കുറിച്ചിട്ടത് ഇങ്ങനെ: സോക്രട്ടീസന്റെ വിചാരണ പ്രസംഗത്തിനുശേഷം ഒരു കുറ്റവാളിയിൽനിന്ന് കേൾക്കാൻ കഴിഞ്ഞ ഏറ്റവും മികച്ചൊരു പ്രസംഗം. വികാരഭരിതവും കോടതി മുറിയിൽ തടിച്ചുകൂടിയ സ്ത്രീകളുടെ കണ്ണ് നനയിക്കുകയും ചെയ്ത ആ പ്രസംഗത്തിലും നാഥുറാം ഗോദ്‌സെ എന്ന ചിത്പാവൻ ബ്രാഹ്മണൻ ജീവിതത്തിലുടനീളം കൊണ്ടുനടന്ന കാപട്യത്തിന്റെയും ദുഷ്ടമനസ്സിന്റെയും മാലിന്യക്കൂമ്പാരം ഒളിപ്പിച്ചുവെക്കുന്നുണ്ടായിരുന്നു.

പാക്കിസ്ഥാന്റെ അതിക്രമത്തിൽനിന്ന് മാതൃരാജ്യത്തെ രക്ഷിക്കാൻവേണ്ടിയാണ് താൻ ഗാന്ധിജിയുടെ കഥ കഴിച്ചതെന്നും ഇതല്ലാതെ ദേശത്തെ രക്ഷിക്കാൻ മറ്റു പോംവഴിയില്ലെന്നുമുള്ള കള്ളസാക്ഷ്യം മറ്റു പല കള്ളങ്ങളെയും മറച്ചുപിടിക്കാനുള്ള ഒരു കൊലപാതകിയുടെ അവസാനശ്രമമായിരുന്നു. ഗാന്ധിജിയെ കൊല്ലാനുള്ള പദ്ധതി താൻ മറ്റാരോടും മിണ്ടിയില്ല എന്ന മൊഴിപോലും ആധുനിക ഇന്ത്യയെ വേട്ടയാടിക്കൊണ്ടിരുന്ന കുറെ ദുഷ്ടമനസ്സുകളെയും ഹിംസാത്മക വിചാരഗതിയെയും പ്രതിക്കൂട്ടിൽനിന്ന് രക്ഷപ്പെടുത്താനുള്ള ഒരു സൃഗാലബുദ്ധിയുടെ അവസാനശ്രമമായിരുന്നു. ഹിന്ദുത്വ എന്ന അതിഭീകരമായൊരു ചിന്താപദ്ധതിക്കു മാത്രമേ ഗോദ്‌സെയെ പോലുള്ള ഒരു ആസുരചിന്തക്ക് ജന്മം നൽകാനും ഗാന്ധിജിയെപോലെ കാലത്തെ കൈക്കുമ്പിളിലൊതുക്കിയ ഒരു പുണ്യാന്മാവിനെ ഉന്മൂലനം ചെയ്യാനും സാധിക്കുകയുള്ളൂവെന്നും ആ ഹീനകൃത്യം നടന്നിട്ട് എഴുപത് വർഷം തികയുമ്പോൾ കാലം വിളിച്ചുപറയുകയാണ്.

വിഭജനമോ പാക്കിസ്ഥാനോടുള്ള ഗാന്ധിജിയുടെ സമീപനമോ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയോ ആയിരുന്നില്ല ഗോദ്‌സെയെ കൊലയാളിയാക്കിയത്. ഇന്ത്യ വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഗാന്ധിജിയെ ഗോദ്‌സെ വകവരുത്തുമായിരുന്നു. 1930കൾ തൊട്ട് ഗാന്ധിജിയുടെ പിന്നാലെ ഗോദ്‌സെ കഠാരയുമായി നടക്കുന്നുണ്ടായിരുന്നു. അത്രമാത്രം ഗാന്ധിവിരോധം ആ മനുഷ്യനിൽ കുത്തിവെച്ചത് വി.ഡി. സവർക്കറാണ്. ഹിംസയെ പൂജിച്ച ദൈവനിഷേധിയായ സവർക്കർക്ക് ഗാന്ധിജിയുടെ അഹിംസ മാർഗത്തോട് ഒരിക്കലും യോജിപ്പുണ്ടായിരുന്നില്ല. ആക്രമണോത്സുകമായ ഒരു സമൂഹത്തെ കുറിച്ചാണ് ആ മനുഷ്യൻ സ്വപ്നം കണ്ടതത്രയും. തീവ്രഹിന്ദുത്വയുടെ പിറവി ആ മസ്തിഷ്‌കത്തിലായിരുന്നു. ആർ.എസ്.എസ് അതിന്റെ പോറ്റില്ലമായെന്ന് ചുരുക്കം.

''സത്യസന്ധമായി പറഞ്ഞാൽ, പ്രതിരോധത്തിന്റെ വാളാണ് മനുഷ്യനെ ആദ്യമായി രക്ഷിച്ചത്'' എന്നാണ് സവർക്കർക്ക് അനുയായികളെ ഉദ്‌ബോധിപ്പിക്കാനുണ്ടായിരുന്നത്. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ 22ാം വാർഷിക സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടവർക്കറിയാം ഗാന്ധിവധത്തെ ന്യായീകരിക്കാൻ ഗോദ്‌സെ നീതിപീഠത്തിനു മുന്നിൽ നിരത്തിയ ന്യായവാദങ്ങളെല്ലാം ആ പ്രസംഗത്തിന്റെ മറ്റൊരു ഭാഷ്യമായിരുന്നു. സവർക്കറുടെ ആക്രമണോത്സുക ആശയങ്ങളും ആർ.എസ്.എസിന്റെ ശിക്ഷണവുമാണ് ഗോദ്‌സെയെ കടുത്ത ഗാന്ധിവിരുദ്ധനാക്കുന്നത്. ''32വർഷമായി കുമിഞ്ഞുകൂടുന്ന പ്രകോപനങ്ങളും മുസ്‌ലിംകൾക്ക് അനുകൂലമായ സത്യഗ്രഹത്തിലേക്ക് അത് ചെന്ന് കലാശിച്ചതും ഗാന്ധിജിയെ എന്നന്നേക്കുമായി കഥ കഴിക്കണമെന്ന തീരുമാനത്തിൽ എല്ലാറ്റിനുമൊടുവിൽ എന്നെ എത്തിക്കുകയായിരുന്നു''- കോടതി മുമ്പാകെ ഗോദ്‌സെ പറഞ്ഞു. കുറ്റം ഏറ്റുപറയാനും കൊലമരത്തിലേക്ക് ധൈര്യപൂർവം നടന്നടുക്കാനും തീരുമാനിച്ച ഗോദ്‌സെക്ക്, സത്യസന്ധനാണെങ്കിൽ അപ്പീൽ നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല.

കോടതിമുറിയെയും തന്റെ പ്രത്യയശാസ്ത്ര പ്രചാരണത്തിനു ഉപയോഗപ്പെടുത്തുകയായിരുന്നു. ഹിന്ദിക്കു പകരം ഹിന്ദുസ്ഥാനി ഭാഷക്ക് ഗാന്ധിജി വാദിച്ചതാണ് മഹാത്മജിയുടെ മുസ്‌ലിം പ്രീണനത്തിന് ഉപോദ്ബലകമായി ഗോദ്‌സെ ചൂണ്ടിക്കാട്ടിയത്. ഹിന്ദുസ്ഥാനി എന്നൊരു ഭാഷയില്ലെന്നും ഹിന്ദിയും ഉർദുവും കൂടിച്ചേർന്ന വ്യാകരണമില്ലാത്ത ജാരസന്തതിയാണെന്നുമൊക്കെ ആ മനുഷ്യൻ പുലമ്പുന്നുണ്ടായിരുന്നു കോടതിമുറിയിൽ. വിഭജനാനന്തരം നടമാടിയ വർഗീയ കൂട്ടക്കൊലയിൽ ദശലക്ഷക്കണക്കിന് നിരപരാധർ അറുകൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്ത കേട്ട് ഉപഭൂഖണ്ഡമാകെ ഞെട്ടിത്തരിച്ചിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഗാന്ധിജി ബിർളമന്ദിരത്തിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചത്.

ആർ.എസ്.എസിന്റെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ പുരാതന പള്ളികൾ കൈയേറി ഹിന്ദു അഭയാർഥികളെ താമസിപ്പിച്ചത് ഒഴിപ്പിക്കണമെന്നും തന്റെ കൺവെട്ടത്തിലെങ്കിലും മതമൈത്രിയുടെ ലക്ഷണങ്ങളെങ്കിലും കാണാൻ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടതാണത്രെ ഗോദ്‌സെയുടെ രക്തം തിളപ്പിച്ചത്. പാകിസ്തൻ നിലവിൽ വന്നിട്ടും ഹിന്ദു-മുസ്‌ലിം മൈത്രിയെ കുറിച്ചാണ് ഗാന്ധിജി സംസാരിക്കുന്നതെന്നു പറഞ്ഞ് സവർക്കറും ഗോൾവാൾക്കറും രോഷംപൂണ്ട ചരിത്ര സന്ധിയാണത്.

പാക്കിസ്ഥാൻ വിട്ടുപോയിട്ടും ഇന്ത്യയെ തങ്ങൾ സ്വപ്നത്തിൽ കാണുന്ന ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ സാധിക്കുന്നില്ല എന്ന നിരാശ, എല്ലാറ്റിനും കാരണം മഹാത്മജിയെന്ന് ഇവർ കണ്ടത്തെി. എന്നാൽ, പലതവണ രാഷ്ട്രപിതാവിന്റെ ജീവനുനേരെ ഭീഷണി ഉണ്ടായിട്ടും മതിയായ സംരക്ഷണം ഒരുക്കാൻ ഗാന്ധിജിയുടെ അരുമശിഷ്യനായ, ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായി പട്ടേലിനു സാധിച്ചില്ല. തോക്കുമായി ബിർളമന്ദിരത്തിന്റെ കവാടം കടന്നു ഗാന്ധിക്കു അടുത്തെത്താൻ സാധിക്കുമോ എന്ന് ബലമായി സംശയിച്ച ഗോദ്‌സെയെയും കൂട്ടാളികളെയും അമ്പരപ്പിക്കുന്ന സുരക്ഷാപാളിച്ചയാണ് നിഷ്പ്രയാസം ആ കൃശഗാത്രത്തെ മൂന്നു വെടിയുണ്ടകൾകൊണ്ട് അവസാനിപ്പിക്കാൻ അവസരമൊരുക്കിക്കൊടുത്തത്.

മഹാത്മജിയുടെ ജീവനെടുക്കുമ്പോൾ ഗോദ്‌സെയുടെയും കൂട്ടാളികളുടെയും ലക്ഷ്യം കളിത്തൊട്ടിലിൽ കിടക്കുന്ന സ്വതന്ത്ര ഇന്ത്യയിലാകമാനം കൂരിരുട്ട് പരത്തി, രാജ്യത്തിന്റെ ഭാഗധേയം തട്ടിയെടുക്കുക എന്നതായിരുന്നു. പക്ഷേ, ജവഹർലാൽ നെഹ്‌റുവിന്റെ അനിതരസാധാരണമായ ഇച്ഛാശക്തിയും വ്യക്തിപ്രഭാവവും ആ കൂരിരുട്ടിലും ദേശത്തിന് ദിശാബോധം നൽകി. ഗാന്ധി ഘാതകരെ ഹ്രസ്വകാലത്തേക്കെങ്കിലും മുഖ്യധാരയിൽനിന്ന് ആട്ടിത്തുരത്തുന്നതിൽ വിജയിച്ചു.

'നമ്മുടെ ജീവിതത്തിൽനിന്ന് പ്രകാശം അകന്നിരിക്കുന്നു. എല്ലായിടത്തും അന്ധകാരമാണ്. നിങ്ങളോട് എങ്ങനെ അത് പറയണമെന്നും എന്തു പറയണമെന്നും എനിക്കറിയില്ല. നമ്മുടെ പ്രിയങ്കരനായ നേതാവ്, ബാപ്പു എന്ന് നാം വിളിക്കുന്ന രാഷ്ട്രപിതാവ് ഇനി നമ്മോടൊപ്പമില്ല''- മഹാത്മജിയുടെ രക്തസാക്ഷിത്വ വാർത്ത ആകാശവാണിയിൽകൂടി ജനുവരി 30ന് വൈകീട്ട് പ്രധാനമന്ത്രി നെഹ്‌റു ഗദ്ഗധകണ്ഠനായി അറിയിക്കുമ്പോൾ ആരാണ് ഘാതകൻ എന്നറിയാനായിരുന്നു 30 കോടി ഇന്ത്യക്കാർ കാതുകൂർപ്പിച്ചുനിന്നത്.

'' ഒരു ഭ്രാന്തനാണ് ബാപ്പുവിന്റെ ജീവിതത്തിന് അന്ത്യംകുറിച്ചത്. ആ കൃത്യം നടത്തിയവനെ അങ്ങനെ മാത്രമേ എനിക്കു വിളിക്കാനാവൂ. കഴിഞ്ഞ ഏതാനും വർഷമായി അത്രമാത്രം വിഷം ഈ രാജ്യത്ത് പരത്തുന്നുണ്ടായിരുന്നു. ഈ വിഷത്തെ നമ്മൾ ഒരുമിച്ച് നേരിടണം. പൂർണമായും ഉന്മൂലനം ചെയ്യണം''- നിശ്ചയദാർഢ്യത്തിന്റെ ആ സ്വരങ്ങൾക്ക് അരനൂറ്റാണ്ടിന്റെ ആയുസ്സ് പോലുമുണ്ടായിട്ടില്ലെന്ന് കാലം തെളിയിച്ചു. ഗാന്ധിജിയെ കൊന്നവരും കൊല്ലാൻ കൂട്ടുനിന്നവരും അവർക്ക് പ്രത്യയശാസ്ത്ര പിൻബലം നൽകിയവരും ഇന്ത്യയെതന്നെ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്.

സവർക്കറുടെ ഛായാചിത്രം പാർലമന്റെിന്റെ അകത്തളങ്ങളിൽ തൂങ്ങിക്കിടക്കുമ്പോൾ, ഗോദ്‌സെയെ പ്രതിഷ്ഠയാക്കി ക്ഷേത്രങ്ങൾ ഉയരുന്നതിനുപോലും നമുക്ക് മൂകസാക്ഷികളാവേണ്ടിവന്നു. മഹാത്മജിയുടെ രക്തസാക്ഷ്യം ഇത്രയും പെട്ടെന്ന് വൃഥാവിലാവുകയാണോ എന്ന ചോദ്യം അറ്റമില്ലാത്ത ആധി പടർത്തുന്നില്ലേ.

കടപ്പാട്: മാധ്യമം