രു രക്തസാക്ഷി ദിനം കൂടി ആഗതമാവുകയാണ്. മുൻകാല രക്തസാക്ഷി ദിനങ്ങളിൽ നിന്നു വ്യത്യസ്തമായി എക്കാലവും എല്ലാവരാലും ( നന്നെ ചുരുങ്ങിയത് പരസ്യമായെങ്കിലും) ആദരിക്കപ്പെട്ടിരുന്ന ഗാന്ധിജിയെ അപഹസിക്കുവാൻ തെല്ലും മടികാണിക്കാത്ത ഒരു ജനുവരി 30 ആദ്യമായിട്ടാകണം വന്നെത്തുന്നത്. ഗാന്ധി ഘാതകനായിരുന്ന നാഥുറാം ഗോഡ്‌സെയുടെ അപദാനങ്ങൾ വാഴ്‌ത്തി ദേശസ്‌നേഹിയാക്കാനും ഗാന്ധിജിയുടെ ചിത്രം കറൻസി നോട്ടുകളിൽ നിന്നും നിഷ്‌കാസനം ചെയ്യണമെന്നു പോലും ഗോഡ്‌സെ പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയായ ഹിന്ദു മഹാസഭയുടെ നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 17 നു പുറത്തിറങ്ങിയ ആർ എസ് എസ് മുഖപത്രമായ കേസരിയിൽ ഗാന്ധി വധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്നും ഗാന്ധിയെ വധിച്ച ഗോഡ്‌സെ ആർ എസ് എസ്സുകാരനല്ലെന്നും കാണിച്ച് ഒരു ലേഖനം വന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗവും സംസ്ഥാന സമിതി കൺവീനറുമായ അഡ്വക്കേറ്റ് ഗോപാല കൃഷ്ണനായിരുന്നു 'ആരാണ് ഗാന്ധി ഘാതകർ' എന്ന തലക്കെട്ടിലുള്ള ആ ലേഖനം എഴുതിയിരുന്നത്. ഗോഡ്‌സെ ഗാന്ധിയെയല്ല വധിക്കേണ്ടിയിരുന്നത്, മറിച്ച് നെഹ്‌റുവിനെയായിരുന്നു എന്ന് വാദിക്കുന്ന ആ ലേഖനത്തിൽ പക്ഷേ ഗാന്ധിവധത്തിൽ ഗോഡ്‌സെയെ ശക്തമായി ന്യായീകരിക്കുന്നുമുണ്ട്.

ഇതൊരു പക്ഷേ ഒരു വ്യക്തിക്കു പറ്റിയ തെറ്റായി കാണാമെങ്കിൽ തുടർന്നിങ്ങോട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രായോക്താക്കൾ വീണ്ടും വീണ്ടും ഗോഡ്‌സെയെ മഹത്വവൽക്കരിക്കുന്നത് കാണുമ്പോൾ സ്വഭാവികമായും ഇതു കരുതിക്കൂട്ടിയുള്ള്ള തയ്യാറെടുപ്പുകളോടെയാണെന്നതു വ്യക്തമാവുന്നുണ്ട്. അതെ, ഗോഡ്‌സെക്കു ഗാന്ധിജിയെ വധിക്കാൻ ഒരു തവണയേ സാധിച്ചിട്ടുള്ള്ളൂ. എന്നാൽ പിറന്ന നാടിനു സ്വാതന്ത്ര്യം നേടിത്തരാൻ പോരാടിയ രാഷ്ട്രപിതാവ് വീണ്ടും വധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
.
വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്ന ഗാന്ധി

ഗാന്ധിജി ഒരിക്കലും വിമർശനങ്ങൾക്കതീതനായിരുന്നില്ല. ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സ്വാതന്ത്ര സമരരംഗത്ത് സ്വീകരിച്ചിരുന്ന സമരമുറകളുടെ പേരിലും ഗാന്ധിജി മുന്നോട്ട് വച്ചിരുന്ന നയങ്ങളെ പലരും എതിർത്തിട്ടുണ്ട്. ചിലരൊക്കെ പരിഹസിച്ചിട്ടുമുണ്ട്.

ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാതിരുന്ന ആദ്യകാല കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ വേരുപിടിപ്പിച്ചത്. ഗാന്ധിയുടെ സമരരീതികളോടുള്ള്ള വിയോജിപ്പ് മൂലമാണ് സുഭാഷ് ചന്ദ്രബോസിനു കോൺഗ്രസിൽ നിന്നു പുറത്ത് പോകേണ്ടി വരികയും ഒടുവിൽ ഫോർവേർഡ് ബ്ലോക്ക് എന്ന സംഘടനയുണ്ടാക്കി തന്റേതായ നിലക്ക് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകാനിടയാക്കിയതും. ഗാന്ധിജിയോടുള്ള അമർഷം അതിന്റെ പാരമ്യതയിലെത്തിയ ഒരു ഘട്ടത്തിലാണ് മുഹമ്മദലി ജിന്ന അദ്ദേഹത്തിന്റെ നേരെ നോക്കി 'മിസ്റ്റർ ഗാന്ധി, രാഷ്ട്രീയം മാന്യന്മാർക്കു പറ്റിയ ജോലിയല്ല' എന്നു പറഞ്ഞ് കോൺഗ്രസ് വേദിയിൽ നിന്ന് ഇറങ്ങിപ്പോവാനിടയാക്കിയത്. ഒരു ഇടവേള രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്ന ജിന്ന പിന്നീട് സജീവമായത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ്.

സമ്പൂർണ്ണ ലാളിത്യ ജീവിതം നയിച്ചിരുന്ന ഗാന്ധി സഞ്ചരിച്ചിരുന്നത് ട്രയിനിന്റെ മൂന്നാം ക്ലാസ് കംപാർട്ട്‌മെന്റിലായിരുന്നു. ഗാന്ധിജിയുടെ പക്കൽ തനിക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് തന്നെ സരോജിനി നായിഡു അൽപം തമാശ കലർത്തി അദ്ദേഹത്തോട് പറഞ്ഞുവത്രെ. 'മഹാത്മൻ, അങ്ങയെ ദരിദ്രനായി നിർത്താൻ ഈ രാഷ്ട്രം അനേകായിരം രൂപയാണ് ചെലവഴിക്കുന്നത്'.

സ്വാതന്ത്ര്യാനന്തരം അഭ്യന്തരമന്ത്രിയായിത്തീർന്ന സർദ്ദാർ വല്ലഭായി പട്ടേൽ കൈ കൊണ്ട നിലപാടുകളിൽ ചിലത് മഹാത്മാവിനു അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്ത്യ സ്വീകരിക്കേണ്ടുന്ന സാമ്പത്തിക നയങ്ങളുടെ പേരിൽ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും ദർശനങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജി വൻകിട വ്യവസായങ്ങളെക്കാലുപരി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോഴും വൻകിട വ്യവസായികളായ ജി ഡി ബിർളയെയും ജമൻ ലാൽ ബജാജിനെയും പോലുള്ളവരെ അംഗീകരിക്കുകയും അവരുടെ സുഹൃദ് വലയത്തിലുമായിരുന്നു. എന്നാൽ നെഹ്‌റു വൻകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം കുത്തക മുതലാളിത്തത്തിനെതിരും ഫാബിയൻ സോഷ്യലിസത്തിന്റെ വക്താവുമായിരുന്നു.

ആരാധിക്കപ്പെടുന്ന ഗാന്ധി

ഭൂരിഭാഗം ഇന്ത്യക്കാർക്കും ഗാന്ധിജി ആരാധനയോടെ നോക്കിക്കണ്ട വ്യക്തിത്വത്തിനുടമയായിരുന്നു. വിമർശനാതീതനായിരുന്നു ആ മഹാത്മാവിനു നമ്മുടെ മനസ്സുകളിൽ സ്ഥാനം. എന്നാൽ ആരാധനയോടെ നോക്കിക്കണ്ട മനസ്സുകൾ അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾ ഉൾക്കൊള്ളുന്നതിൽ പലപ്പോഴും പിന്നോട്ട് വലിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പഠിപ്പിച്ച ഗാന്ധിജിക്ക് വിശേഷാവസരങ്ങളിൽ പൂമാലകൾ ചാർത്തപ്പെടാനുള്ള്ള വിഗ്രഹങ്ങളുടെ സ്ഥാനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്മുറക്കാർ പിൽക്കാലത്ത് അദ്ദേഹത്തിനു നൽകിയത്.

ഒഡീഷയിലെ സാമ്പൽപൂറിൽ ഗാന്ധിയുടെ പ്രതിഷ്ഠ വച്ച് ആരാധിക്കപ്പെടുന്ന ഒരു അമ്പലം തന്നെയുണ്ട്. ത്രിവർണ്ണപതാകയ്ക്കു താഴെയാണ് ഗാന്ധി ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. വിശേഷ ദിവസങ്ങളായ ഗാന്ധി ജയന്തി, സ്വതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം പോലെയുള്ള അവസരങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.

രണ്ടക്ഷരങ്ങളിൽ ഒതുക്കപ്പെട്ട മഹാത്മജി

സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാരകങ്ങളുയർന്നു വന്നിട്ടുള്ളത് മഹാത്മജിക്കാണ്. ഗാന്ധിപ്രതിമകളില്ലാത്തത്തോ അദ്ദേഹത്തിന്റെ നാമധേയം നൽകാത്ത റോഡുകൾ ഇല്ലാത്തതോ ആയ പ്രധാന നഗരങ്ങൾ ഇല്ല എന്നതാണ് വാസ്തവം. തൊഴിലുറപ്പ് പോലെയുള്ള പല സർക്കാർ പ്രൊജക്റ്റുകളും അദ്ദേഹത്തിന്റെ പേരിലാണ്. എന്നാൽ ഈ പാതകൾ എം ജി റോഡ് എന്നറിയപ്പെടുമ്പോൾ അതുപയോഗിക്കുന്ന പലരുമോർക്കുന്നില്ല അത് രാഷ്ട്രപിതാവിന്റെ സ്മരണകൾ പേറുന്നുവെന്ന്.

എം ജി യൂണിവേഴ്‌സിറ്റിയുടെ ആദ്യപേര് ഗാന്ധിജി യൂണിവേഴ്‌സിറ്റി എന്നായിരുന്നു. പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്ന് പുനർ നാമകരണം നടത്താനുള്ള നിർദ്ദേശം വന്നപ്പോൾ സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന യു ആർ അനന്തമൂർത്തി അതിനെ സ്വാഗതം ചെയ്തിരുന്നില്ല. ഗാന്ധിജിയുടെ നാമത്തിലറിയപ്പെടുന്ന ആ യൂണിവേഴ്‌സിറ്റി ഭാവിയിൽ വെറും രണ്ടക്ഷരങ്ങളിൽ ഒതുക്കപ്പെടുമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പിനു പിന്നിൽ. ഏതായാലും സർവ്വകലാശാലയുടെ പേരു മാറി. പിൽക്കാലത്ത് അദ്ദേഹം ഭയപ്പെട്ടതു പോലെ സംഭവിക്കുകയും ചെയ്തു.

സ്മൃതിപഥങ്ങളിൽ നിന്നു മായിക്കപ്പെടുന്ന മഹാത്മാവ്

ഗാന്ധിയൻ ആദർശങ്ങളിൽ നിന്നു വിഭിന്നമായ പുതിയ സർക്കാർ അദ്ദേഹത്തിന്റെ ഓർമ്മകൾ തന്നെ പല രംഗങ്ങളിൽ നിന്നും കുടിയിറക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിന്റെ നേതാക്കളെ വെട്ടിമാറ്റുവാൻ നേരെ കയ്യോങ്ങുന്ന ബിജെപി സർക്കാർ പക്ഷെ മഹാത്മജിയുടെ കാര്യത്തിൽ സൂക്ഷിച്ചാണ് ചുവടുകൾ വെക്കുന്നത്. ഒക്ടോബർ 30 ഇന്ദിരാ ഗാന്ധി ഓർമകൾ പുതുക്കിയിടത്തു നിന്നും സർദ്ദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായി ആഘോഷിക്കാനെടുത്ത തീരുമാനം വഴി നേരെ ചുവടുകൾ സ്വീകരിച്ചപ്പോൾ ഗാന്ധിജിയുടെ കാര്യത്തിൽ കൈക്കൊണ്ടിരിക്കുന്നത് അൽപം കൂടി ആലോചിച്ചെടുത്ത മാർഗ്ഗമാണ്. ഗാന്ധിജയന്തിയായി അവധി പ്രഖ്യാപിച്ചിരുന്ന ഒക്ടോബർ 2 സ്വച്ഛ് ഭാരത് ആയി ആഘോഷിക്കുകയും അന്നേ ദിവസം സർക്കാർ ഉദ്യോഗസ്ഥരോട് ഓഫീസിൽ വരാൻ നിർദ്ദേശം നൽകുകയും ചെയ്യുമ്പോൾ ബിജെപി ഗവണ്മെന്റ് നൽകുന്ന സന്ദേശം മറ്റൊന്നല്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേരു നൽകിയിരുന്നതിൽ നിന്ന് ജനസംഘം സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ നാമത്തിലോട്ട് മാറ്റുവാൻ ഭരണനേതൃത്വം ഈ സാവകാശമൊന്നും കാണിച്ചില്ല. പലയിടങ്ങളിൽ നിന്നും ഗാന്ധി ഓർമകൾ അതിവേഗം കുടിയിറക്കപ്പെടുമെന്നു തന്നെയാണിത് കാണിക്കുന്നത്.

വാഴ്‌ത്തപ്പെടുന്ന സവർക്കറും ഗോഡ്‌സെയും

ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും വിചാരണ നേരിടുകയും ചെയ്ത വി ഡി സവർക്കർ ബിജെപി നേതൃത്വത്തിനു എക്കാലവും ആവേശം പകർന്ന വ്യക്തിയായിരുന്നു. വാജ്‌പേയ് ഗവണ്മെന്റിന്റെ കാലത്ത് 2003 ഫെബ്രുവരിയിൽ സവർക്കറിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിഷ്ഠിക്കപ്പെടുകയുണ്ടായി.

അതേ സമയം കുറ്റാരോപിതനെന്നു വിധിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത നാഥുറാം വിനായക് ഗോഡ്‌സെയെ പരസ്യമായി അംഗീകരിക്കുവാൻ ഇക്കാലമത്രയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ അറച്ചു നിൽക്കുകയായിരുന്നു. ഗോഡ്‌സെയുടെ ജന്മദിനമായ നവംബർ 15 'ശൗര്യ ദിവസ്' എന്ന പേരിൽ അഖില ഹിന്ദു മഹാസഭ 1993 മുതൽ മഹാരാഷ്ട്രയിൽ പലയിടത്തും ആചരിച്ചു വരുന്നുണ്ട്.

ബിജെപി എം പിയായ സാക്ഷി മഹാരാജ് ഗോഡ്‌സെയെ മഹത്വവൽക്കരിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് വൻ വിവാദങ്ങൾക്കു തുടക്കമിട്ടത്. ഗോഡ്‌സെ ഒരു ദേശീയവാദിയും രാജ്യസ്‌നേഹിയുമാണെന്ന് സക്ഷ്യ പത്രമാണ് ഗാന്ധി ഘാതകനു ഇദ്ദേഹം നൽകിയത്. പിന്നീട് വിവാദമായപ്പോൾ തിരുത്തേണ്ടിവന്നുവെങ്കിലും ഗോഡ്‌സേയെ രാജ്യം ഭരിക്കുന്ന സർക്കാർ അംഗീകരിക്കാനെടുക്കുന്ന കാലം ഒട്ടും വിദൂരമല്ല.