തിരുവനന്തപുരം: ദേശീയ, അന്താരാഷ്ട്ര തലത്തിലുള്ള അനേകം ടേബിൾ ടെന്നിസ് ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ മുൻകൈയെടുത്തിട്ടുള്ള പ്രമുഖ ഇന്റർനാഷണൽ റഫറിയും ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്‌ഐ) കോമ്പറ്റീഷൻ മാനേജരുമായ തിരുവനന്തപുരം സ്വദേശി ഗണേശൻ നീലകണ്ഠ അയ്യർ 2016 ലെ അന്താരാഷ്ട്ര തലത്തിലുള്ള അഞ്ച് മത്സരങ്ങളുടെ പ്രധാന നിയന്ത്രിതാവ്.

ഇൻഡോർ വേൾഡ് ജൂണിയർ സർക്യൂട്ട് ടേബിൾ ടെന്നിസ് ഫൈനൽസ് (ജനുവരി 22  24) ചീഫ് റഫറി, ഷില്ലോംഗ് സാഫ് ഗയിംസ് ടേബിൾ ടെന്നിസ് (ഫെബ്രുവരി ആറ്  10) ഡെപ്യൂട്ടി കോമ്പറ്റീഷൻ മാനേജർ എന്നിവ ഇതിനകം നടന്നുകഴിഞ്ഞു. കോലാലംപൂർ പേർഫെക്ട് വേൾഡ് ടീം ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്‌സ് (ഫെബ്രുവരി 28  മാർച്ച് ആറ്) ഡെപ്യൂട്ടി റഫറി, ഓസ്‌ടേലിയ ബൻഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ചാമ്പ്യൻഷിപ്‌സ് (മാർച്ച് 20  24) കോമ്പറ്റീഷൻ മാനേജർ, ബെൻഡിഗോ ഐടിടിഎഫ് ഓഷ്യാനിയ ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റ് (മാർച്ച് 22 25) കോമ്പറ്റീഷൻ മാനേജർ എന്നിവയാണ് ഇനിയുള്ളത്.

വേൾഡ് ചാമ്പ്യൻഷിപ്പിൽ 25 വർഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യാക്കാരനു റഫറിഷിപ് കിട്ടുന്നത്. 1991ലാണ് ഇതിനുമുൻപ് ഇന്ത്യയിൽ നിന്നുള്ളയാൾ റഫറിയായിട്ടുള്ളത്.

ദേശീയ തലത്തിൽ 1998 മുതൽ മത്സര നിയന്ത്രണ രംഗത്തുള്ള ഗണേശൻ 2009 മുതൽ തുടർച്ചയായി ഇന്റർനാഷണൽ ടേബിൾ ടെന്നിസ് ഫെഡറേഷൻ (ഐടിടിഎഫ്) കോമ്പറ്റീഷൻ മാനേജരായും റഫറിയായും അനേകം രാജ്യങ്ങളിലെ മത്സരങ്ങളിൽ മധ്യസ്ഥനായിട്ടുണ്ട്. ഏഷ്യയിലെ മിക്ക മത്സരങ്ങളിലും പങ്കെടുത്തു. 2011 മുതൽ ഇന്ത്യയിലെ റാങ്കിങ് ടൂർണമെന്റുകളിൽ ഒഫിഷ്യലാണ്. കൂടാതെ വിവിധ ടെക്‌നിക്കൽ കമ്മിറ്റികളിൽ അംഗമായും പ്രവർത്തിക്കുന്നു.

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 30 വർഷത്തെ സേവനത്തിനു ശേഷം ടേബിൾ ടെന്നിസിനോടുള്ള അതിതാത്പര്യത്തെത്തുടർന്നു വിരമിച്ചു ടേബിൾ ടെന്നിസ് സംഘാടക രംഗത്തേക്കിറങ്ങിയ ഗണേശൻ ഇപ്പോൾ സ്പോർട്സ് മാനേജ്‌മെന്റിൽ എം.ബി.എ വിദ്യാർത്ഥിയുമാണ്. ഇന്ത്യൻ ഓവർസീസ് ബാങ്ക് ഓഫീസറായ വി.മീനാക്ഷിയാണ് ഭാര്യ. തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ +2 വിദ്യാർത്ഥിനിയായ സൗമ്യ മകൾ.