കൊല്ലം: താൻ ദൈവവിശ്വാസിയാണ് മതവിശ്വാസിയല്ലെന്ന് കെ.ബി ഗണേശ് കുമാർ എം.എൽഎ. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗണേശ് കുമാർ എൻ.എസ്.എസ് ഒക്കെ വിട്ട് പെന്തകോസ്തിലേക്ക് പോയെന്ന പ്രചാരണത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയെന്ന നിലക്കാണ് കെ ബി ഗണേശ് കുമാരിന്റെ പ്രതികരണം. താൻ മതവിശ്വാസിയല്ലെന്നും ദൈവവിശ്വാസിയാണെന്നും അദ്ദേഹം മറുപടി നൽകി.

'ഞാൻ മതവിശ്വാസിയല്ല. ദൈവവിശ്വാസിയാണ്. എന്റെ അമ്മ പോലും യേശുക്രിസ്തുവിനെ ആഴത്തിൽ ആരാധിച്ചിരുന്നയാളാണ്. അച്ഛനും ഒരു മതേതരസ്വഭാവമുള്ളയാളാണ്. എല്ലാ മതവിഭാഗത്തിന്റെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്യും. അത് ഒരു എംഎ‍ൽഎയുടെ കടമയാണ്. പലപ്പോഴും സ്ത്രീപക്ഷ വിരുദ്ധനായി പല ചാനലുകളും എന്നെ അവതരിപ്പിക്കാറുണ്ട്. കാണുമ്പോൾ ചിരി വരും. മാനസികമായി സ്ത്രീപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്നയാളാണ് ഞാൻ,' ഗണേശ് കുമാർ പറഞ്ഞു.

അതേസമയം പത്തനാപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന കെ.ബി ഗണേശ് കുമാറിന് പിന്തുണയുമായി നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണമെന്നും മറ്റുള്ളവരുടെ ദുഃഖം കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേശ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണെന്നും മോഹൻലാൽ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേരിട്ട് എത്തി മോഹൻലാൽ ഗണേശ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കുറി വീഡിയോ സന്ദേശമായിട്ടായിരുന്നു മോഹൻലാൽ എത്തിയത്. നേരിട്ട് ലാൽ പ്രചരണത്തിന് എത്തില്ലെന്നതും ശ്രദ്ധേയമാണ്.