- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി; മാനോരമ വാർത്ത വാസ്തവ വിരുദ്ധമെന്ന് പ്രദീപ് കോട്ടാത്തല മറുനാടനോട്; ഇനി നിർണ്ണായകം പൊലീസിന്റെ നിലപാടുകൾ; ബേക്കലിലെ ഭീഷണിയിൽ ചർച്ച തുടരുമ്പോൾ
കൊല്ലം: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി താനല്ലെന്ന് ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല. വാർത്തയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തനിക്കെതിരെ പൊലീസ് നടപടികൾ ഉണ്ടായതായി യാതൊരറിവുമില്ലെന്നാണ് പ്രദീപ് മറുനാടനോട് പ്രതികരിച്ചത്.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി കൊല്ലം ജില്ലയിലെ എംഎൽഎയുടെ ഓഫിസ് സെക്രട്ടറിയാണന്നു പൊലീസ് കണ്ടെത്തിയെന്നായിരുന്നു മനോരമയുടെ വാർത്ത. സോളർ കേസിൽ കോടതി മുൻപാകെ മൊഴി നൽകിയ ഇരയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ സന്ദർശിച്ച് മൊഴിമാറ്റാൻ നിർബന്ധിച്ചെന്ന ആരോപണം നേരിട്ടയാളാണ് സെക്രട്ടറിയെന്നും മനോരമയുടെ വാർത്തയിൽ വിശദീകരിക്കുന്നു. പ്രതിയുടെ അറസ്റ്റ് തടയാൻ എംഎൽഎ സ്വാധീനം ചെലുത്തിയതിനും തെളിവു ലഭിച്ചുവെന്നാണ് മനോരമയുടെ എക്സ്ക്ലൂസീവ് വാർത്തയിൽ പറയുന്നത്. ഈ വാർത്ത വന്നതിന് പിന്നാലെയാണ് പ്രദീപിന്റെ ആദ്യ പ്രതികരണം മറുനാടന് ലഭിച്ചത്.
സോളാർ കേസിൽ പിടിയിലായ ഇരയെ അട്ടകുളങ്ങര വനിതാ ജയിലിൽ വേഷം മാറി കാണാൻ പോയത് മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണെന്ന ചർച്ച നേരത്തെ ഉയർന്നിരുന്നു. പ്രച്ഛന്നവേഷത്തിൽ അട്ടക്കുളങ്ങര ജയിലിലെത്തി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് കുമാറാണെന്ന് സൂചനകളുടെ അടിസ്ഥാനത്തിൽ സോളാർ കമ്മീഷനും ഇയാളെ വിളിച്ചിരുന്നു. പേര് പറയാതെയാണ് വാർത്ത നൽകിയിരിക്കുന്നതെങ്കിലും ഈ കാര്യം കൃത്യമായി വാർത്ത പ്രതിപാദിച്ചിരിക്കുന്നതിനാൽ പ്രദീപ് തന്നെയാണ് മനോരമ വാർത്തയിൽ പറയുന്ന പ്രതിയെന്ന് ആർക്കും വ്യക്തമാകും.
ഇതോടെ പുലർച്ചെ മുതൽ പ്രദീപിന് ഫോൺകോളുകളുടെ ബഹളമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് മനസ്സിലാകുന്നില്ല എന്ന് പ്രദീപ് പറയുന്നു. അടിസ്ഥാനമില്ലാത്ത വാർത്ത നൽകിയ മനോരമയ്ക്കെതിരെ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രദീപ് അറിയിച്ചു. കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായതുമില്ല. കെ ബി ഗണേശ് കുമാറിന്റെ അതിവിശ്വസ്തനാണ് പ്രദീപ്.
നടിയെ ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശിയെയാണു മൊഴി മാറ്റാനായി ഭീഷണിപ്പെടുത്തിയത്. 2017ൽ കേസിലെ റിമാൻഡ് പ്രതികളെ സന്ദർശിക്കാൻ വ്യാജവിലാസം നൽകി ആലുവ സബ്ജയിലിൽ പ്രദീപ് കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 195 എ (തെറ്റായ തെളിവു നൽകാൻ പ്രേരിപ്പിക്കൽ), 2 വർഷം തടവു ലഭിക്കാവുന്ന ഐപിസി 506 (ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചെങ്കിലും എംഎൽഎ ഇടപെട്ടതോടെ നടപടികൾ നിലച്ചതായാണു സൂചനയെന്നുമാണ് മനോരമ വാർത്തയിൽ വിശദീകരിക്കുന്നത്.
ഇതോടെ നടിയെ ആക്രമിച്ച കേസിൽ ഗണേശ് കുമാർ എംഎൽഎ ഇടപെട്ടതായാണ് മനോരമ പറയാതെ പറയുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.