- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗണേശ് കുമാറിന്റെ പേരിലെ പേജ് പ്രത്യക്ഷപ്പെട്ടപ്പോൾ ലൈക്ക് അടിച്ചത് ആയിരങ്ങൾ; പിന്തുണയ്ക്കുന്നവരുടെ എണ്ണം പതിനായിരം കടന്നപ്പോൾ ബാലകൃഷ്ണ പിള്ളയുടെ ചിത്രമായുള്ള പേജിൽ ഉഷാ മോഹൻദാസ് എന്ന പേരുമാറ്റം; പിള്ളയുടെ പാർട്ടിയിലെ പ്രശ്നത്തിന് കാരണം മുന്നോക്ക കോർപ്പറേഷനിലെ നിയമനം; ഗണേശിനെ രാഷ്ട്രീയമായി തകർക്കാൻ ചേച്ചി എത്തുമ്പോൾ
കൊച്ചി: കേരളാ കോൺഗ്രസ് ബിയിൽ പിളർപ്പ് അനിവാര്യതയാകുമ്പോൾ അണിയറയിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന നീക്കങ്ങൾ. മുന്നോക്ക സമുദായ വികസന കോർപ്പറേഷനിൽ ചെയർമാനായി കെജി പ്രേംജിത്തിനെ നിയമിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം. കെബി ഗണേശ് കുമാർ ഏകപക്ഷീയമായി നടത്തിയ നീക്കമാണ് ഇതെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പോലും പറയുന്നു. ഈ സാഹചര്യത്തെ മുതലെടുത്ത് കേരളാ കോൺഗ്രസ് ബിയിൽ ഗണേശിന്റെ സഹോദരിയായ ഉഷാ മോഹൻദാസ് ഇടപെടുന്നതാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത്. ഇടതുപക്ഷം ഗണേശിനൊപ്പം നിൽക്കും. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് ബി പിളർന്നാൽ ഉഷാ മോഹൻദാസും സംഘവും യുഡിഎഫിൽ എത്താനാണ് സാധ്യത.
പത്തനാപുരത്ത് മത്സരിക്കാനാണ് ഉഷാ മോഹൻദാസ് തയ്യാറെടുക്കുന്നത്. അതിനിടെ മറ്റൊരു രസകരമായ സംഭവവും കേരളാ കോൺഗ്രസ് ബി പ്രവർത്തകരെ ചിന്തിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര കണ്ട് സജീവമല്ല ഗണേശ്. ഇതിനിടെ കുറച്ചു ദിവസം മുമ്പ് ഗണേശ് കുമാറിന്റെ പേരിൽ ഒരു പേജ് ഫെയ്സ് ബുക്കിലുണ്ടായി. ഇതിനോട് പ്രവർത്തകർ നന്നായി പ്രതികരിച്ചു. നിരവധി ലൈക്കുകളും കിട്ടി. അങ്ങനെ ഈ പേജിന്റെ പ്രചാരം പെട്ടെന്ന് കൂടുകയും ചെയ്തു. എന്നാൽ ഒരു ദിവസം ഈ പേജിൽ നിന്ന് കെബി ഗണേശ് കുമാർ എന്ന പേര് അപ്രത്യക്ഷമായി. പകരം എത്തിയത് ബാലകൃഷ്ണ പിള്ളയുടെ ചിത്രത്തിനൊപ്പം ഉഷാ മോഹൻദാസ് എന്ന പേരും. ആരോ ഗണേശ് കുമാറിന്റെ പേരുപയോഗിച്ച് മറ്റൊരാൾക്ക് വേണ്ടി ഉണ്ടാക്കിയതായിരുന്നു ആ പേജെന്ന് പിന്നീടാണ് പത്തനാപുരത്തുകാരും കേരളാ കോൺഗ്രസിലെ ഗണേശ് അനുകൂലികളും പോലും മനസ്സിലാക്കിയത്. ഈ സോഷ്യൽ മീഡിയാ ചതിയിൽ ഗണേശ് പൊലീസിൽ പരാതി നൽകുമെന്നും സൂചനയുണ്ട്. ഈ പേജ് ഇപ്പോൾ ലഭ്യവുമല്ല. ആരാണ് ഈ പേജിന് പിന്നിലെന്ന് ആർക്കും ഇനിയും അറിയില്ലെന്നതാണ് വസ്തുത.
ഇതിനൊപ്പമാണ് കേരളാ കോൺഗ്രസ് ബിയിലെ ഒരു വിഭാഗം കലാപവുമായി വരുന്നത്. മുന്നോക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനായി പ്രേംജിത്തിനെ ഗണേശ് ഏകപക്ഷീയമായി നിശ്ചയിച്ചുവെന്നാണ് പരാതി. എന്നാൽ ബാലകൃഷ്ണ പിള്ള ജീവിച്ചിരുന്നപ്പോൾ തന്നെ പ്രേംജിത്തിനെ ഈ സ്ഥാനത്ത് തന്റെ പിൻഗാമിയായി നിർദ്ദേശിച്ചിരുന്നുവെന്ന് ഗണേശ് പറയുന്നു. പിള്ളയുടെ അടുത്ത ബന്ധൂ കൂടിയാണ് പ്രേംജിത്ത്. പ്രേംജിത്തിനോട് പിള്ളയ്ക്കുണ്ടായിരുന്ന വാൽസല്യവും സ്നേഹവും പാർട്ടിക്കാർക്കും അറിയാം. അതുകൊണ്ട് തന്നെ മുന്നോക്ക കോർപ്പറേഷനിലെ തീരുമാനം അച്ഛന്റേതാണെന്നാണ് ഗണേശ് വിശദീകരിക്കുന്നത്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലും ഇത് അംഗീകരിക്കാൻ കഴിയുന്നില്ല. ആകെ ഒരു എംഎൽഎ സീറ്റ് മാത്രമുള്ള പാർട്ടിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് അവർ ചോദിക്കുന്നത്. ഈ വികാരത്തെയാണ് പാർട്ടിയിലെ ഗണേശ് വിരുദ്ധർ കരുത്താക്കുന്നത്.
കേരളാ കോൺഗ്രസ് ബിയിൽ പിള്ളയ്ക്കൊപ്പം നിന്ന പല മുതിർന്ന നേതാക്കളും ഗണേശുമായി അകന്നിട്ടുണ്ട്. എന്നാൽ പത്തനാപുരത്തെ പാർട്ടിയിൽ ഒന്നും സംഭവിക്കുന്നുമില്ല. അവിടെ ഗണേശിന് വ്യക്തമായ പിന്തുണയും അംഗീകാരവും ഉണ്ട്. അതുകൊണ്ട് തന്നെ മറ്റ് വിഷയങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന നിലപാടിലാണ് ഗണേശ്. ഇടതു മുന്നണിയും പത്തനാപുരത്തെ ജനകീയ നേതാവായ ഗണേശിനെ കൈവിടില്ല. പത്തനാപുരത്ത് കേരളാ കോൺഗ്രസ് ബിയിൽ ഗണേശ് എന്ന ഒറ്റ നേതാവ് മാത്രമേയുള്ളൂ. മുമ്പ് ഇവിടെ സജീവമായിരുന്ന ഗണേശ് കുമാറിന്റെ മറ്റൊരു അനന്തരവനായ ശരണ്യ മനോജും ഇപ്പോൾ ഗണേശിനെതിരെ പരസ്യമായി പ്രവർത്തനമൊന്നും നടത്തുന്നില്ല. കോൺഗ്രസിലാണ് ശരണ്യാ മനോജ് ഇപ്പോഴുള്ളത്. പിള്ളയുടെ കുടുംബത്തിലെ സ്വത്ത് തർക്കത്തിൽ പോലും ശരണ്യാ മനോജ് ഗണേശിനെ തള്ളി പറഞ്ഞിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് ഗണേശ് കുമാറിനെതിരെ സഹോദരി ഉഷാ മോഹൻദാസിനെ ഇറക്കി നേതൃത്വം പിടിക്കാൻ ഒരുവിഭാഗം രംഗത്തു വരുന്നത്. പാർട്ടിയുടെ ഏക എംഎൽഎയാണ് കെ.ബി. ഗണേശ്കുമാർ. ചെയർമാനായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മരണശേഷം പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനടക്കം ഗണേശ് തയാറാകുന്നില്ലെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. അടുത്തയാഴ്ച എറണാകുളത്ത് സംസ്ഥാനസമിതി യോഗം ചേരും. വിമതരുടെ യോഗമായി ഇത് മാറാനും സാധ്യതയുണ്ട്. ഈ യോഗത്തിൽ പുതിയ ചെയർമാൻ പദവി ഉഷ മോഹൻദാസ് ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, ഉഷ ഇതുവരെ താൽപര്യം വ്യക്തമാക്കിയിട്ടില്ല. പിള്ളയുടെ മരണശേഷം വിൽപത്രം സംബന്ധിച്ച തർക്കമുണ്ടായതാണ് വിമതരുടെ പ്രതീക്ഷ. സംസ്ഥാന സമിതിയുടെ ഭൂരിഭാഗവും തങ്ങൾക്കൊപ്പമെന്ന് ഗണേശ്കുമാർ വിഭാഗം പറയുന്നു. ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് ഗണേശ്കുമാറിനാണ് താൽക്കാലിക ചെയർമാൻ ചുമതല. പിള്ള അന്തരിച്ചപ്പോൾ പാർട്ടി ചെയർമാൻ പദവി താത്കാലികമായി ഗണേശിന് കൈമാറിയെങ്കിലും അദ്ദേഹം പാർട്ടി നേതൃയോഗം വിളിക്കുന്നതടക്കം ഒന്നിനും തയ്യാറാകുന്നില്ലെന്ന ആക്ഷേപമുയർത്തുകയാണ് വിമതർ.
ഉഷ മോഹൻദാസിനെ ഗണേശിനെതിരെ ഇറക്കി ചെയർപേഴ്സൺ പദവിയിലേക്ക് അവരോധിക്കാനുള്ള പടയൊരുക്കമാണ് ഇവർ നടത്തുന്നത്. പിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ ഒസ്യത്ത് സംബന്ധിച്ച തർക്കമുണ്ടായപ്പോൾ പൊതുരംഗത്തേക്ക് അവരെത്തുമെന്ന സൂചനകളുയർന്നിരുന്നു. അന്ന് ഗണേശിനെതിരെയാണ് അവർ രംഗത്തുവന്നത്. പാർട്ടി സംസ്ഥാനസമിതിയിൽ ഭൂരിഭാഗവും തങ്ങൾക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
സംസ്ഥാനസമിതി വിളിച്ചുചേർക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഗണേശ് ഗൗനിക്കുന്നില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് വിമതവിഭാഗം സ്വന്തം നിലയ്ക്ക് യോഗം വിളിച്ചുചേർക്കാനൊരുങ്ങുന്നത്. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങും. പാർട്ടിയുടെ ഏക എംഎൽഎ ഗണേശ് കുമാർ ആണെന്നിരിക്കെ, വിമതനീക്കങ്ങളോട് സിപിഎം എടുക്കുന്ന തീരുമാനം നിർണ്ണായകമാകും. പാർട്ടി പിളർന്നാൽ രണ്ടാം പാദത്തിൽ ഗണേശിന് മന്ത്രിസ്ഥാനം കിട്ടാനും സാധ്യതയില്ല. ഗണേശിന് മന്ത്രിസ്ഥാനം കിട്ടാതിരിക്കാനാണ് ഇപ്പോഴത്തെ വിമത നീക്കമെന്നും സൂചനയുണ്ട്.
ആർ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ സ്വത്ത് തർക്കത്തിന് കാരണം നേതാവ് രണ്ടാമത് എഴുതിയ വിൽപത്രമാണ്. വളരെ മുമ്പു തന്നെ പിള്ള തന്റെ സ്വത്തുക്കൾ മൂന്ന് മക്കൾക്കുമായി വിഭജിച്ച് വിൽപത്രം എഴുതിയിരുന്നു. ഇത് റദ്ദാക്കി വീണ്ടും വിൽപത്രം എഴുതിയതാണ് കുടുംബ പ്രശ്നത്തിന് കാരണമായത്. രണ്ടാമത് എഴുതിയ വിൽപത്രത്തിൽ കടുംബ വീടുൾപ്പെടെ ഗണേശ് കുമാറിനായി. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണ പിള്ളയുടെ മൂത്തമകൾ ഉഷാ മോഹൻദാസ് പരാതിയുമായി എത്തി. ഈ സാഹചര്യം മുതലെടുക്കുകയാണ് പാർട്ടി വിമതരും.
ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.
പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകി. ഇതിൽ നിന്ന് തന്റെ രാഷ്ട്രീയ പിൻഗാമി ആരെന്ന് പിള്ള വ്യക്തമാക്കിയതാണ്. പക്ഷേ വിട്ടു കൊടുക്കാൻ മൂത്ത മകൾ തയ്യാറുമല്ല.
കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. പിള്ളയ്ക്ക് ഉഷയും ഗണേശും അടക്കം മൂന്നു മക്കളാണുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവാണ് പിള്ളയുടെ രണ്ടാം മകൾ. ഗണേശ് ഇളവനും. മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.
എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ ആദ്യ പാദത്തിൽ മാറ്റി നിർത്തിയത്. രണ്ടരക്കൊല്ലത്തിന് ശേഷം മന്ത്രിയാക്കാമെന്ന് ഉറപ്പും നൽകി. ഇത് അട്ടിമറിക്കാനാണ് ഇപ്പോൾ പാർട്ടിയിലെ വിമതരുടെ ശ്രമം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.