ന്യൂഡൽഹി: ആദ്യം മോട്ടോർ സൈക്കിളുകൾ മോഷ്ടിക്കും. ഇതിൽ കറങ്ങി കാൽനട യാത്രക്കാരിൽ നിന്ന് സ്മാർട്ട്ഫോണുകൾ തട്ടിപ്പറിക്കും. ഇതിന് ശേഷം ഈ ഫോണുകളിൽ നിന്ന് ഇ-കൊമേഴ്‌സ് സൈറ്റ് വഴി സാധനങ്ങൾ ബുക്ക് ചെയ്യും. പിന്നീട് ഇത് വിതരണം ചെയ്യാനെത്തുന്നവരെ കൊള്ളയടിക്കും.

രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഇത്തരത്തിൽ പ്രാകൃതവും-ഹൈടെക്ക് രീതികളും സമന്വയിപ്പിച്ച് മോഷണം നടന്നത്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗ്റയിൽ നിന്ന് ഇത്തരത്തിൽ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി.

ഫോണുകൾക്കു പുറമെ വലിയ വിലവരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ബ്രാൻഡഡ് തുണിത്തരങ്ങൾ, വാച്ച്, ഷൂ തുടങ്ങിയ സാധനങ്ങളാണ് ഇവർ ഓൺലൈനിലൂടെ വാങ്ങിയിരുന്നത്. ഓർഡർ നൽകുമ്പോൾ വ്യാജ വിലാസങ്ങളാണ് നൽകുക. സാധനങ്ങളുമായി എത്തുന്നയാൾ വിലാസം മാറി ചിന്താകുഴപ്പത്തിലായി ഇവരുടെ ഫോണിൽ വിളിക്കും. ഇതിന് ശേഷം ഡെലിവറി ബോയിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് അക്രമിക്കുകയും കവർച്ചചെയ്യുകയുമാണ് പതിവ്.

പിടിയിലായ കൗമാര മോഷ്ടാക്കൾ വലിയ സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ.തിവാരി പറഞ്ഞു. ഇവരുടെ വീട്ടിൽ പൊലീസോ മറ്റോ വരുന്നുണ്ടോ എന്നറിയാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് മൊബൈൽ ഫോണുകളുമായി കണക്ട് ചെയ്ത് വച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മെയ് 28ന് ഒരു ഡെലിവറി വാൻ കൊള്ളയടിച്ചതിലാണ് ഇവർക്ക് പിഴച്ചത്. സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഈ വാൻ ഉപേക്ഷിച്ചു. വാൻ ഡ്രൈവറും സഹായിയും വിവരം പൊലീസിനെ അറിയിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ അടുത്തിടെ നടന്ന മറ്റൊരു കവർച്ചയുമായി ഇതിന് സാമ്യമുണ്ടെന്ന് മനസ്സിലായി. പൊലീസിന്റെ പിടിയിലായ ഇവരിൽ നിന്ന് ഒരു പിസ്റ്റളും നിരവധി സാധനങ്ങും ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.

നാലു മാസത്തിനിടെ അമ്പതിലധികം ഓൺലൈൻ ഓർഡറുകൾ ഇവർ നടത്തിയിട്ടുണ്ട്. കവർച്ചയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടൊയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.