ബത്തേരി: റിസോർട്ടിൽ അതിക്രമിച്ചെത്തിയ സംഘം കർണാടക സ്വദേശിനിയെ കൂട്ടം ചേർന്നു പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞു. റിസോർട്ട് നടത്തിപ്പുകാരായ 3 പേരെ അമ്പലവയൽ പൊലീസ് അറസ്റ്റു ചെയ്തു. പൊട്ടൻ കൊല്ലിയിൽ ഇന്ത്യൻ ഹോളിഡേ റിസോർട്ട് നടത്തുന്ന എൻ.എം. വിജയൻ (48), ബത്തേരി കട്ടയാട് സ്വദേശി എ.ആർ.ക്ഷിതിൻ (31), പുൽപള്ളി സ്വദേശി ജോജോ കുര്യാക്കോസ് (33)എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി. മനുഷ്യക്കടത്ത്, അനാശാസ്യകേന്ദ്രം നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. റിസോർട്ടിൽ മുഖംമൂടി ധരിച്ചെത്തിയ 8 പേരിൽ 4 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഡിവൈഎസ്‌പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 3 കുട്ടികളുടെ അമ്മയായ കർണാടക സ്വദേശിനി അമ്പലവയലിലെ റിസോർട്ടിൽ ജോലിക്കായി കഴിഞ്ഞ 11 മുതൽ താമസിച്ച് വരികയാണ്. 20ന് രാത്രി 11ന് റിസോർട്ടിൽ 8 പേരടങ്ങിയ സംഘം എത്തി. റിസോർട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തി പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടു. അതിനിടെ സംഘത്തിലെ 4 പേർ ചേർന്ന് മുറികളും മറ്റും തള്ളിത്തുറന്നപ്പോൾ കുളിമുറിയിലായിരുന്ന കർണാടക സ്വദേശിനിയെ കണ്ടു. യുവതിയെ പീഡിപ്പിച്ച ശേഷം അർധരാത്രിയോടെ സംഘാംഗങ്ങൾ സ്ഥലം വിട്ടു. യുവതിയുടെ മൊബൈൽ ഫോണും മറ്റും സംഘം കൊണ്ടു പോയി. റിസോർട്ട് നടത്തിപ്പുകാരിൽ ക്ഷിതിൻ മാത്രമാണ് അപ്പോൾ സ്ഥാപനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റു രണ്ടു പേരെയും വിളിച്ചു വരുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം യുവതി കർണാടകയിലേക്കു പോയെങ്കിലും റിസോർട്ട് നടത്തിപ്പുകാരുടെ നിർബന്ധത്തെ തുടർന്ന് 3 ദിവസം മുൻപ് തിരികെയെത്തി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകാമെന്നും മറ്റും പറഞ്ഞാണ് യുവതിയെ തിരികെ എത്തിച്ചത്. തുടർന്ന് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമി സംഘം എത്തി തന്റെ മൊബൈൽ ഫോണും മറ്റും കവർച്ച ചെയ്തതായി പരാതി നൽകി. സംശയം തോന്നിയ പൊലീസ് യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഊർജിതമായ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്‌പി കെ.കെ. അബ്ദുൽ ഷെരീഫ് പറഞ്ഞു. സ്ത്രീകളെ അനാശാസ്യ കാര്യങ്ങൾക്കായി എത്തിക്കുകയും ഏജന്റുമാർ വഴി ആവശ്യക്കാരെ കണ്ടെത്തുകയും ചെയ്യുന്ന സംഭവം വ്യാപകമായിട്ടുണ്ടെന്നും അമ്പലവയൽ സംഭവത്തിലും കൂടുതൽ കണ്ണികൾ ഉള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

എട്ടംഗ സംഘത്തെ കൂടാതെ റിസോർട്ടുമായി ബന്ധപ്പെട്ട് 2 പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. യുവതിയെ 'സഖി' സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.