പത്തനംതിട്ട: നാടു നടുക്കിയ കടമ്പനാട് കൂട്ടബലാത്സംഗ കേസിൽ പൊലീസ് ഒത്തുകളിച്ച് ഒരു പ്രതിയെ ഒഴിവാക്കി. അടൂരിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ നാടായ ഓച്ചിറയിലുള്ള ഒരാളെയാണ് ഒഴിവാക്കിയത്. ഇയാൾ ഈ ഉദ്യോഗസ്ഥന്റെ വീടിന് അടുത്തുള്ളയാളാണെന്ന് പറയുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത കൂട്ടത്തിൽ ഇയാളുമുണ്ടായിരുന്നു.

പിന്നീട് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കിയെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. ഇതിനായി വലിയൊരു നാടകം തന്നെ പൊലീസ് കളിച്ചിരുന്നു. വ്യാഴാഴ്ച പകലും രാത്രിയുമായി സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിവരം അപ്പോൾ തന്നെ മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടി. പെൺകുട്ടികളുടെ മൊഴിയിൽ പറയുന്ന ഒമ്പതു പേരെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും കൂടുതൽ പ്രതികൾ ഉള്ളതായി സംശയിക്കുന്നുവെന്നും അതിനാൽ വാർത്ത നൽകരുതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥന.

എന്നാൽ, ഇന്നലെ പ്രതികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചപ്പോൾ എട്ടായി ചുരുങ്ങി. ഒമ്പതാമൻ എവിടെയെന്ന് ചോദിച്ചപ്പോഴാണ് പുതിയ കഥ പുറത്തുവന്നത്. ഒന്നര ദിവസം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പുതിയ കഥ മെനയുകയായിരുന്നു. വലിയൊരു റാക്കറ്റിന്റെ രൂപീകരണവും മറ്റൊരു സൂര്യനെല്ലിയുടെ ആവർത്തനവുമാണ് ഇവിടെ തടയപ്പെട്ടത്. കേസിൽ കൂടുതൽ പേരുൾപ്പെട്ടിരിക്കാനുള്ള സാധ്യതയുണ്ട്.

കരുനാഗപ്പള്ളി ആലപ്പാട് ശ്രായിക്കാട്ട് തറയിൽ ഉദയപുരത്ത് വിഷ്ണു(20), പ്ലാപ്പള്ളി ക്ലാപ്പന തെക്കുംമുറി കരേലിമുക്ക് ഹരിശ്രീഭവനിൽ ഹരിലാൽ(20), ക്ലാപ്പന എമ്പായി തറയിൽ പുരയ്ക്കൽ ശ്യാംരാജ് (20), ഓച്ചിറ പായിക്കുഴി പുത്തൻപുരയ്ക്കൽ തെക്കേതിൽ അരുൺ (19), കുലശേഖരപുരം കോട്ടപ്പുറം വള്ളിക്കാവ് രാജ്ഭവനിൽ രാജ്കുമാർ (24), ആദിനാട് കുലശേഖരപുരം പുത്തൻതെരുവ് വെളിയിൽപ്പടിറ്റേതിൽ നസീം (18), കോട്ടപ്പുറം കുലശേഖരപുരം പുളിക്കീഴിൽതറ വീട്ടിൽ രതീഷ് (29), വവ്വാക്കാവ് ഉദയപുരം വീട്ടിൽ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്. ശൂരനാട് പൊലീസ് സ്റ്റേഷനിലെ കേസിന്റെ അടിസ്ഥാനത്തിൽ രാജ്കുമാർ, നസീം, രതീഷ്, ശരത് എന്നിവരെ ശൂരനാട് പൊലീസിന് കൈമാറി.

9, 10 ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടികളെ കഴിഞ്ഞ നാല്, അഞ്ച് തിയ്യതികളിൽ പ്രതികളുടെ വീടുകളിൽവച്ച് കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടികളിലൊരാളുടെ അമ്മയുമായി പ്രതികളിലൊരാൾക്ക് മുൻപരിചയമുണ്ടായിരുന്നു. ഇങ്ങനെയാണ് പ്രതികൾ പെൺകുട്ടികളുമായി സൗഹൃദത്തിലായത്.

നാലാം തീയതി രാവിലെ പെൺകുട്ടികളെ ഫോണിൽ വിളിച്ച് കടമ്പനാട്ടു നിന്ന് ഓട്ടോയിൽ കയറ്റി വള്ളിക്കാവ് ചെറിയഴീക്കൽ ബീച്ചിൽ കൊണ്ടുപോയി. അവിടെനിന്ന് നാലാം പ്രതിയായ അരുണിന്റെ വീട്ടിലെത്തിച്ച് നാലുപേർ ചേർന്ന് കൈകാലുകൾ പെൺകുട്ടിയുടെ ചുരിദാർ ഷാൾ ഉപയോഗിച്ച് പിന്നിൽ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ മറ്റൊരു മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഇരുവരെയും തിരികെ കാറിൽ കടമ്പനാട് എത്തിച്ച് ഇറക്കിവിട്ടു. മുറിയിൽ അടച്ചിട്ടിരുന്ന പെൺകുട്ടിയെ ഇതിനിടയിൽ ലോഡ്ജിൽ കൊണ്ടുപോകാനും ശ്രമമുണ്ടായി.

പിറ്റേദിവസം മുറിയിൽ അടച്ചിട്ടിരുന്ന പെൺകുട്ടിയെ വീട്ടിൽ നിന്ന് കൗൺസലിങ്ങിന് കൊണ്ടുപോകാനെന്ന വ്യാജേന വള്ളിക്കാവിൽ രാജ്കുമാറിന്റെ വീട്ടിലെത്തിച്ചു. തുടർന്ന് കൂട്ടുകാരെ വിളിച്ചുവരുത്തി നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. സ്‌കൂളിൽ പെൺകുട്ടികളുടെ സംഭാഷണത്തിൽ നിന്ന് വിവരമറിഞ്ഞ കൂട്ടുകാരി 9ന് വൈകുന്നേരം അദ്ധ്യാപികയെ അറിയിച്ചു. സ്‌കൂൾ അധികൃതർ പത്തനംതിട്ട ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് അവർ ഏനാത്ത് പൊലീസിൽ പരാതി നൽകി. അടൂർ സിഐ കെ.ജി.സാബുവിന്റെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് വ്യാഴാഴ്ച രാത്രി തന്നെ പ്രതികളെ പിടികൂടി.

പെൺകുട്ടികളുടെ അടുത്ത് പ്രതികളെ എത്തിച്ച് തിരിച്ചറിഞ്ഞതിന് ശേഷം സംഭവം നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അനേ്വഷണസംഘത്തിൽ സിഐയെ കൂടാതെ എസ്.ഐ. രാധാകൃഷ്ണൻ, എസ്.സി.പി.ഒ.മാരായ കെ.സന്തോഷ് കുമാർ, രാധാകൃഷ്ണൻ, ബദറുൽ മുനീർ തുടങ്ങിയവരുമുണ്ടായിരുന്നു.