കൊച്ചി: നടി ഷംന കാസിമിന് വിവാഹം ആലോചിച്ചു എത്തി പണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ട സംഘം വേട്ടയാടൽ തുടരുന്നു. വിവരങ്ങൾ അന്വേഷിച്ച് ആളെ കുറിച്ച് പഠിച്ച ശേഷമാണ് കെണി ഒരുക്കുന്നത്. സെലബ്രിറ്റികളെ ബ്ലാക്മെയിൽ ചെയ്തു പണം തട്ടിയതിന് ശേഷം
സംഘം മറ്റൊരു തട്ടിപ്പ് കേസിൽ കൂടി പിടിയിൽ. കാശുള്ള വീട്ടമ്മമാരാണ് ഇവരുടെ പുതിയ ലക്ഷ്യം. തൃശൂർ കയ്പ മംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവനും 4 ലക്ഷവും കവർന്ന കേസിലാണ് സംഘം പിടിയിലായത്. കയ്പമംഗലം സ്വദേശി അബ്ദുൾ സലാം, അഷ്റഫ്, വാടാനിപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.

വിവിധ നമ്പറുകളിൽ നിന്ന് വീട്ടമ്മമാരുടെ മൊബൈൽ നമ്പറിലേക്ക് ഈ സംഘം മിസ്ഡ് കോൾ അടിക്കുന്നു. ശേഷം സ്ത്രീകൾ തിരിച്ചു വിളിക്കുന്ന സമയത്ത് ഉന്നതരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും. ഇതിനു ശേഷം വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുന്നു. ബന്ധം വളരുന്നതോടെ വീട്ടമ്മമാരിൽ നിന്നും പല ആവശ്യത്തിനായി പണവും സ്വർണവും കൈക്കലാക്കുന്നു. ശേഷം ഈ സ്ത്രീകളുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കുന്നു. ഇത്തരത്തിൽ തട്ടിപ്പിനിരയായ കയ്പമംഗലം സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സമാനമായി തട്ടിപ്പിനിരായ പലരും നാണക്കേട് ഭയന്ന് പരാതി നൽകിയിരുന്നില്ല.

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിലുൾപ്പെട്ടവരാണ് പിടിയിലായവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. വിവാഹആലോചന നടത്തിയായിരുന്നു സംഘം ഷംനയെയും കുടുംബത്തെയും കബളിപ്പിക്കാൻ ശ്രമിച്ചത്. വരന്റെ വീട്ടുകാരെന്ന പേരിലെത്തിയ പ്രതികൾ നടിയുടെ വീട്ടുകാരുമായി വിവാഹത്തിന് ധാരണയിലെത്തി. ഇതിനിടയിൽ വരനെന്ന് പറഞ്ഞ് വിളിക്കുന്ന യുവാവ് ഷംനയോട് ഒരു ലക്ഷം രൂപ പണം ആവശ്യപ്പെട്ടു. നടി ഇത് നിരസിക്കുകയും അമ്മയെ അറിയിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് മനസ്സിലായതും കേസായതും.

ഷംനയെയും കുടുംബത്തെയും ഇവർ സമീപിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയുമായിട്ടായിരുന്നു. കാസർകോട്ടെ ടിക്ക് ടോക്ക് താരത്തിന്റെ ചിത്രവും ഇതിനായി ഉപയോഗിച്ചു. നടിയിൽ നിന്ന് പ്രതികൾ 10 ലക്ഷം രൂപയാണ് പ്രതികൾ ലക്ഷ്യമിട്ടത്. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാൻ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അൻവർ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അൻവർ ആയി അഭിനയിച്ചത്. ഇയാൾ രണ്ട് കുട്ടികളുടെ അച്ഛൻ ആയിരുന്നു.

മാന്യത നടിച്ചാണ് തട്ടിപ്പുകാർ ഇടപെട്ടതെന്ന് ഷംന പ്രതികരിക്കുന്നത്. കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാൽ ആദ്യം സംശയിച്ചില്ല. എന്നാൽ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി. ദുബായിൽ സ്വർണ്ണക്കടയുണ്ടെന്ന് പ്രതികൾ പറഞ്ഞു. വീഡിയോ കോൾ വിളിക്കാൻ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയത്.

തൃശൂരിൽനിന്നു വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. പാണക്കാട് തങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിവാഹാലോചന ആണെന്നാണ് വീട്ടുകാരെ ആദ്യം ധരിപ്പിച്ചത്. വരന്റെ നിരവധി ഫോട്ടോകളും ഷംനയ്ക്ക് കൈമാറിയിരുന്നു.

സുമുഖനായ ഒരു ടിക്ടോക് താരത്തിന്റെ ഫോട്ടോകളാണ് കൈമാറിയിരുന്നത്. വമ്പൻ മാളികകളും നിരവധി വാഹനങ്ങളും സ്വന്തമായുള്ള കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനാണ് പയ്യനെന്നും ഇവർ വിശ്വസിപ്പിച്ചു. വരന്റെ വാപ്പയാണെന്നും ഉമ്മയാണെന്നും സഹോദരിയാണെന്നും വിശ്വസിപ്പിച്ച് പലരും ദിവസേന വീട്ടുകാരെയും ഷംനയെയും വിളിക്കാറുണ്ടായിരുന്നു. വരൻ നേരിട്ട് എറണാകുളത്തെ വീട്ടിലെത്തി ഷംനയെ കാണുമെന്ന് അറിയിച്ചു. എന്നാൽ അന്ന് രാവിലെ ഒരു ബന്ധു മരിച്ചതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പകരം ബന്ധുക്കൾ വരുമെന്ന് പറഞ്ഞു.

വൈകിട്ട് ബന്ധുക്കൾ എന്ന് പറഞ്ഞെത്തിയവരോട് വരൻ വീഡിയോ കോളിൽ വരണമെന്ന് ഷംന ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെ വീട്ടുകാർക്ക് സംശയമായി. അമ്മ റൗലബി ദേഷ്യപ്പെട്ട് സംസാരിച്ചതോടെ തട്ടിപ്പ് സംഘം സ്ഥലം വിട്ടു. അതിന് ശേഷമാണ് ഷംന കാസിമിനെ വിളിച്ച് സംഘത്തിലെ ഒരാൾ പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്നാണ് ഷംനയുടെ മാതാവ് റൗലബി പൊലീസിൽ പരാതി നൽകിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പാണക്കാട് തങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഇല്ലെന്ന് ബോധ്യമായി. പടത്തിൽ കണ്ട ടിക് ടോക് താരത്തെയും അവസാനം കണ്ടെത്തി. പക്ഷേ അയാൾ ഈ കഥയൊന്നും അറിഞ്ഞിരുന്നില്ല.

വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി. ഇതോടെയാണ് പരാതി നൽകിയത്.