തിരുവനന്തപുരം: പെൺകുട്ടി ജനനേന്ദ്രീയം മുറിച്ച സംഭവത്തിൽ പൊലീസ് പറയുന്നതെല്ലാം കളവെന്ന് ഗംഗേശാനന്ദ സ്വാമി. ഇതു സംബന്ധിച്ച് താൻ പറഞ്ഞതായി പൊലീസ് പുറത്തുവിടുന്ന മൊഴി തെറ്റാണെന്നും ഗംഗേശാനന്ദ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തൽ. താൻ ഉറങ്ങി കിടക്കുമ്പോഴാണ് പെൺകുട്ടി ജനനേന്ദ്രീയം അറത്തെടുത്തത്. അതിന് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസിന്റേയും സഹായം കിട്ടിയിരുന്നു. ഇപ്പോൾ അന്വേഷണം നടക്കുന്നത് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആരേയും ലൈംഗികമായി പീഡിപ്പിച്ചിട്ടുമില്ല. പൊലീസുകാരുമായുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകരോട് സ്വാമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

വിഷയത്തിൽ ഗംഗേശാനന്ദ ആദ്യമായാണ് പ്രതികരിക്കുന്നത്. നേരത്തെ ഗംഗേശാനന്ദ കുറ്റ സമ്മതം നടത്തിയെന്ന സൂചന പൊലീസ് നൽകിയിരുന്നു. പെൺകുട്ടിയാണ് ലിംഗം മുറിച്ചതെന്നും യുവതിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും സ്വാമി സമ്മതിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഇതാണ് മാധ്യമങ്ങളോട് ഗംഗേശാനന്ദ തള്ളിക്കളയുന്നത്. തന്റെ അടുപ്പക്കാരനായി യുവതിയുടെ വീട്ടിലെത്തിയ ആളാണ് അയ്യപ്പദാസ്. ഇയാളുടെ സഹായത്തോടെയാണ് തന്റെ ലിംഗം മുറിച്ചതെന്നാണ് സ്വാമി വിശദീകരിക്കുന്നത്. ഉറങ്ങിക്കിടക്കുന്ന തന്നെ പെൺകുട്ടിയും കാമുകനും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് സ്വാമി പറയുന്നത്. ഇതോടെ പെൺകുട്ടിക്കെതിരേയും പൊലീസിന് അന്വേഷണം നീട്ടേണ്ടി വരും. കാമുകനും ഈ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാമി ഉറപ്പിച്ചു പറയുന്നു.

നേരത്തെ പെൺകുട്ടിക്കെതിരെ സ്വാമിയുടെ അമ്മയും പെൺകുട്ടിയുടെ അമ്മയും പരാതി നൽകിയിരുന്നു. സ്വാമി നിരപരാധിയാണെന്നും ലിംഗം മുറിച്ചത് പെൺകുട്ടിയും കാമുകനും ചേർന്നാണെന്നുമായിരുന്നു പരാതി. എന്നാൽ പൊലീസ് ഈ പരാതി ഗൗരവത്തോടെ എടുത്തില്ല. പെൺകുട്ടിക്കെതിരെ കേസ് എടുക്കേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. എല്ലാ പിന്തുണയും പെൺകുട്ടിക്ക് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സ്വാമിക്കെതിരെ പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥയാണ് ചരട് വലികൾ നടത്തുന്നതെന്നായിരുന്നു സ്വാമിയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. അയ്യപ്പദാസാണ് എല്ലാത്തിനും പിന്നിലെന്നും ഇവർ നേരത്തെ തന്നെ സൂചിപ്പിച്ചു. ഇതാണ് സ്വാമിയും ആവർത്തിക്കുന്നത്.

സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ പറഞ്ഞു. വർഷങ്ങളായി പെൺകുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നതായും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ലിംഗം ഛേദിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സ്വാമി പറഞ്ഞു. പെൺകുട്ടിയും കാമുകനും ചേർന്ന് തന്നെ കുടുക്കുകയായിരുന്നെന്ന് അദ്ദേഹം മൊഴി നൽകി. പെൺകുട്ടിയുടെ കുടുംബം തന്ന സാമ്പത്തികമായി ചൂഷണം ചെയ്തു. സ്വാമി ഗംഗേശാനന്ദ ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇന്നലെ രാത്രി പേട്ട സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ ശംഖുംമുഖം അസി.കമ്മിഷണർ അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു സ്വാമിയുടെ പൊട്ടിക്കരച്ചിൽ.

താൻ നിരപരാധിയാണെന്നും തന്നെ യുവതിയും അവരുടെ ആൾക്കാരും ചേർന്ന് കണിയിൽപ്പെടുത്തുകയായിരുന്നുവെന്നുമാണ് സ്വാമി ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ഇത് മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. അതിനിടെയാണ് തെറ്റ് സമ്മതിച്ചുവെന്ന തരത്തിൽ പൊലീസിന്റെ വിശദീകരണം പുറത്തുവന്നത്. തൊട്ടുപിറകേ തന്നെ തെളിവെടുപ്പിനെത്തിയ സ്വാമി അത് തിരുത്തുകയും ചെയ്യുകയാണ്. ഇന്നലെ ചോദ്യംചെയ്യലുമായി സ്വാമി സഹകരിച്ചിരുന്നില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നില്ല. യുവതിയുമായും കുടുംബവുമായുമുള്ള അടുപ്പത്തെപ്പറ്റിയും ഇവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായ ആരോപണങ്ങളെ സംബന്ധിച്ചും സ്വാമിയോട് ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും തന്നെ പെൺകുട്ടിയും കുടുംബവും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് ഗംഗേശാനന്ദ നൽകുന്ന മറുപടി.

പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവങ്ങളെയും സാമ്പത്തിക തട്ടിപ്പുകളെയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മനസിലാക്കാനും അതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനുമാണ് സ്വാമിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയ സ്വാമിയെ ഇന്നലെ വൈകുന്നേരമാണ് പേട്ട പൊലീസ് സർക്കിൾ ഓഫീസിലെത്തിച്ചത്. ജനനേന്ദ്രിയം മുറിഞ്ഞുമാറിയ ഭാഗത്ത് വേദനയും അസ്വസ്ഥതകളുമുള്ളതായി ഭാവിക്കുന്ന സ്വാമി ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് സൂചന നൽകിയിരുന്നു. മെഡിക്കൽ കോളേജിലെ ആശുപത്രി സെല്ലിൽചികിത്സയിലായിരുന്ന സ്വാമിയുടെ ആരോഗ്യ നില പൊലീസ് കസ്റ്റഡിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും പൊലീസ് നൽകിയ ഭക്ഷണം കഴിക്കാൻ തയ്യാറായ സ്വാമിക്ക് കാവലിന് നിയോഗിച്ചിട്ടുള്ള പൊലീസുകാർ മരുന്നുകളും മുടക്കം കൂടാതെ നൽകി. മൂത്രം പോകാൻ ട്യൂബിട്ടിരിക്കുന്നതിനാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനാണ് സ്വാമിക്ക് ബുദ്ധിമുട്ടുള്ളത്.

എന്നിരുന്നാലും സ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ശേഖരിക്കാനും പണമിടപാടുകളിൽ വ്യക്തത വരുത്താനും ശ്രമമുണ്ടാകും. പെൺകുട്ടിയുടെ വീട്ടുകാരോട് ഇയാൾ പറഞ്ഞിട്ടുള്ള വസ്തു ഇടപാടുകളുടെ വിശദാംശങ്ങളും പൊലീസിന് അറിയേണ്ടതായുണ്ട്. ഇതോടൊപ്പം കൃത്യസ്ഥലമായ പെൺകുട്ടിയുടെ വീടും പരിസരവും തിരിച്ചറിയുന്നതിനും വീട്ടിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിക്കുന്നതിനുമായി സ്വാമിയെ യുവതിയുടെ വീട്ടിലെത്തിച്ചും തെളിവെടുക്കും. സംഭവം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ലിംഗം താൻ സ്വയം ഛേദിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞത്. എന്നാൽ അടുത്തിടെ പെൺകുട്ടിയുടെ അമ്മ സ്വാമിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. പെൺകുട്ടി സ്വാമിക്കെതിരെ നൽകിയ മൊഴികൾ കളവാണെന്നും സ്വാമി മകളെ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മകളുടെ പ്രണയ ബന്ധത്തെ സ്വാമി എതിർത്തിരുന്നതിലുള്ള പക കാരണമാണ് ലിംഗം ഛേദിച്ചതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്‌സോ കോടതി മൂന്ന് ദിവസത്തേക്ക് ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. സ്വാമിക്ക് ആവശ്യമായ വൈദ്യ സഹായം നൽകുന്നത് ഉറപ്പ് വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് മാസം 19 നാണ് സംഭവം നടന്നത്. വീട്ടിൽവെച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പേട്ട സ്വദേശിയായ യുവതി ശ്രീഹരിയുടെ ലിംഗം ഛേദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തിയാണ് ശ്രീഹരിയെ ആശുപത്രിയിൽ എത്തിച്ചത്. ലിംഗം 90 ഥസമാനവും അറന്ന് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അതിനാൽത്തന്നെ ലിംഗം തുന്നിച്ചേർക്കാനായില്ല.

15 വയസ്സ് മുതൽ തന്നെ സ്വാമി പീഡിപ്പിക്കുന്നുണ്ടെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്. ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ ദിവസങ്ങൾക്കുശേഷം യുവതിക്കെതിരെ അമ്മ പൊലീസിന് പരാതി നൽകിയിരുന്നു.