തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരുടെ ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിയ്‌ക്കെതിരെ പൊലീസ് കേസെടുക്കും. യുവതി മൊഴി മാറ്റിയ സാഹചര്യത്തിലാണ് തീരുമാനം. പീഡനത്തിന് സ്വാമിക്കെതിരെയും സ്വാമിയെ മുറിവേല്പിച്ചതിന് പെൺകുട്ടിക്കെതിരെയും സി.ആർ.പി.സി പ്രകാരം കേസെടുത്തേ പറ്റൂവെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ പെൺകുട്ടിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് എടുത്തിരുന്നു. ഇതിന് വലിയ പൊതുജന പന്തുണയും കിട്ടി. എന്നാൽ യുവതിയുടെ മൊഴി മാറ്റലും പൊലീസിനെതിരായ നീക്കവും കാര്യങ്ങൾ മാറ്റി മറിച്ചു.

സുപ്രീംകോടതിയുടെ പുതിയ ഉത്തരവുകൾ പ്രകാരം പ്രതിക്കെതിരെ കുറ്റപത്രം നൽകുമ്പോൾ മുറിവേല്പിച്ച പെൺകുട്ടിക്കെതിരെയും പ്രത്യേകം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ പക്ഷം. നേരത്തെ തന്നെ പെൺകുട്ടിക്കെതിരെ കേസെടുക്കാൻ പേട്ട പൊലീസ് രേഖകൾ തയ്യാറാക്കിയെങ്കിലും അവസാനനിമിഷം ഉന്നതതല ഇടപെടൽ കാരണം ഒഴിവാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം ഇപ്പോഴില്ല. സ്വാമിയുടെ ലിംഗം മുറിച്ചുവെന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് പീഡനം നൽകിയില്ലെന്ന നിലപാടിലേക്ക് യുവതി എത്തിയാൽ അവരാകും കുടുങ്ങുക. ലിംഗം മുറിച്ചതുകൊലപാതാക ശ്രമമായി കണക്കാക്കാം. അതിനുള്ള ശിക്ഷയും കിട്ടും.

അതിനിടെ പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി പൊലീസിന് സംശയം. പെൺകുട്ടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിക്കുന്നു. ഒരു ഘട്ടത്തിലും സമ്മർദ്ദമൊന്നും ഉണ്ടായിട്ടില്ല. സ്വാമിയുടെ ബിസിനസുകൾ നോക്കിനടത്തുന്ന കൊട്ടാരക്കരക്കാരൻ അയ്യപ്പദാസുമായി താൻ സ്‌നേഹത്തിലാണെന്നാണ് പെൺകുട്ടി അന്ന് പൊലീസിനോട് പറഞ്ഞത്. അയ്യപ്പദാസിനെതിരെ മൊഴിയിൽ ഒരു എതിർപരാമർശം പോലുമില്ല. സംഭവദിവസം രാത്രി ഒമ്പതരവരെ വീട്ടിലുണ്ടായിരുന്ന അയ്യപ്പദാസിനെ തന്റെ സഹോദരനാണ് ബസ് സ്റ്റാൻഡിലെത്തിച്ചതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. ഇപ്പോൾ അയ്യപ്പദാസിനേയും എഡിജിപി ബി സന്ധ്യയേയും പ്രതിക്കൂട്ടിൽ നിർത്തുകയാണ് പെൺകുട്ടി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ച് സ്വാമിക്കെതിരെ മൊഴി പറയിച്ചതാണെങ്കിൽ, മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ പെൺകുട്ടിക്ക് മൊഴിമാറ്റാമായിരുന്നു. നിർബന്ധപൂർവം മൊഴി പറയിച്ചതാണെങ്കിൽ അക്കാര്യം മജിസ്‌ട്രേട്ടിനെ അറിയിക്കാൻ അവസാനവർഷ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് നിഷ്്പ്രയാസം കഴിയുമായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ കള്ളക്കളി നടത്തുന്നതായാണ് പൊലീസിന്റെ വിലയിരുത്തൽ.

പ്രായപൂർത്തിയാവാത്ത സമയത്ത് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് സ്വാമിക്കെതിരെ പോക്‌സോ കുറ്റം നിലനിൽക്കുമെന്ന് മജിസ്‌ട്രേട്ടിനും ബോദ്ധ്യപ്പെട്ടതാണ്. അല്ലെങ്കിൽ മനഃപൂർവം കുറ്റം ചുമത്തിയതിന് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിശദീകരണം തേടാനും നടപടിയെടുക്കാൻ സർക്കാരിന് ശുപാർശ നൽകാനും മജിസ്‌ട്രേട്ടിന് സാധിക്കുമായിരുന്നു. കേസിൽ നിന്ന് ഒഴിവാകുന്നതിന് പുറമേ സ്വാമിയെ രക്ഷപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കാനാണ് പെൺകുട്ടി മൊഴിമാറ്റൽ നാടകം നടത്തുന്നതെന്നാണ് പൊലീസിന്റെ ആരോപണം. ബോധപൂർവം കെട്ടിച്ചമച്ച ഫോൺ ശബ്ദരേഖയും കത്തുമാണ് തെളിവുകളെന്ന പേരിൽ പുറത്തുവിടുന്നത്. ഇത് ഗൂഢാലോചനയാണ്.

മകളുടെ മാനസികനില ശരിയല്ലെന്നും രണ്ട് തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മയും സഹോദരനും എഴുതിയതെന്ന പേരിൽ കത്ത് പ്രചരിച്ചിരുന്നു. 19ന് സ്വാമിയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി പരിഗണിക്കുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന സ്വാമിയെ അന്ന് കോടതിയിൽ ഹാജരാക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പെൺകുട്ടിയുടെ അപേക്ഷയും അന്ന് പരിഗണിക്കും. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.

അതിനിടെ പെൺകുട്ടിക്ക് വീണ്ടും വൈദ്യപരിശോധന നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻകുമാർ നിർദ്ദേശം നൽകി. സംഭവം നടന്ന കഴിഞ്ഞ മെയ്‌ 19ന് പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പരിശോധിക്കാനായിരുന്നില്ല. അന്ന് പെൺകുട്ടിക്ക് ആർത്തവ ദിവസമായിരുന്നു എന്നും പൊലീസ് അറിയിച്ചു.