വേളാങ്കണ്ണി: തമിഴകത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയിലെ അരുംകൊല. വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ ഓഫീസിൽ കയറി അജ്ഞാത സംഘം വെട്ടിക്കൊന്നു. നാഗപട്ടണം സ്വദേശി ടി വി ആർ മനോഹറിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

സ്ഥലത്തെ പ്രമുഖ ഇടപാടുകാരിലൊരാളാണ് ടി.വി.ആർ. മനോഹർ. സുഹൃത്തുക്കൾക്ക് മുന്നിലിട്ടാണ് ബൈക്കുകളിലെത്തിയ അജ്ഞാതസംഘം വെട്ടിനുറുക്കിയത്. മനോഹറിന് ഹോസ്റ്റൽ അടക്കമുള്ള നിരവധി ബിസിനസ് സ്ഥാപനങ്ങളുണ്ട്.

കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫീസിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക് ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവരെ വടിവാൾ വീശി സംഘം അകറ്റിനിർത്തി. നിമിഷങ്ങൾക്കകം വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. മൂന്ന് പേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്.

ആദ്യം ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും മനോഹർ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.സംഭവസമയം ഓഫീസിലുണ്ടായിരുന്ന മണിവേൽ എന്നയാൾക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മനോഹറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മണിവേലിന് പരിക്ക് പറ്റിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടന്ന സമയം പ്രതികൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

വിവരമറിഞ്ഞെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. നഗരത്തിലെ മറ്റൊരു പണമിടപാടു സംഘവുമായി മനോഹറിനു തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.