- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; മുളകുപൊടി സുനിക്ക് പ്രൊഡക്ഷൻ വാറണ്ടും നാസിമുദീന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും
തിരുവനന്തപുരം: നഗരത്തിലെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൂന്നു യുവതികളോടൊപ്പം കഞ്ചാവ് വിൽപ്പനക്കിറങ്ങിയ കേസിൽ ഒന്നാം പ്രതി മുളകുപൊടി സുനിക്ക് പ്രൊഡക്ഷൻ വാറണ്ടും രണ്ടാം പ്രതി നാസിമുദീന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. 2019 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു കിലോ കഞ്ചാവുമായി ഓട്ടോയിൽ സഞ്ചരിക്കവേയാണ് അഞ്ചംഗ സംഘം പിടിയിലായത്.
ആനാവൂർ കരിക്കാമൻകോട് മുളകുപൊടി സുനി എന്ന സുനിൽ (35), പെരുമാതുറ മാടൻവിള നാസിമുദീൻ (39), വർക്കല മാടൻവിളയിൽ രഹീസാ ബീവി (42), വർക്കല പുന്നമൂട് മുബീന (60), മുബീനയുടെ മകൾ അമൽ ഷാ (42) എന്നിവരാണ് കേസിലെ ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ. നഗരത്തിൽ സ്ഥിരമായി കഞ്ചാവെത്തിക്കുന്ന സംഘം പൊലീസിന്റെയും എക്സൈസിന്റെയും കണ്ണിൽപ്പെടാതിരിക്കാനായി സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബം എന്ന് തോന്നത്തക്ക രീതിയിലാണ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്. വാഹനത്തിൽ സ്ത്രീകളും കുട്ടികളും ഉള്ളതിനാൽ സൂക്ഷ്മ പരിശോധനയിൽ നിന്നും ഒഴിവാകുമെന്ന ധാരണയിലാണ് കച്ചവടം നടത്തിയിരുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് എ സി പി പ്രമോദ് കുമാറും നേമം സിഐയും ഷാഡോ പൊലീസും ചേർന്നാണ് പ്രതികളെ കുടുക്കിയത്. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 ബി , 29 (1) പ്രകാരം സെഷൻസ് കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. മുളകുപൊടി ബിനു ജാമ്യം നിഷേധിക്കാപ്പട്ട് ജയിലിൽ കഴിയുകയാണ്.