തിരുവനന്തപുരം: തൊഴിലാളികളുടെ 1.70 കോടി രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത കേസിൽ തലസ്ഥാന നഗരിയിലെ പ്രമുഖ മംഗല്യ സഹായി മാര്യേജ് ബ്യൂറോ ഉടമക്കെതിരെയുള്ള കേസ് വിചാരണ പുനരാരംഭിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ.അനീസ മുമ്പാകെയാണ് 1.70 കോടി രൂപയുടെ ഇ എസ് ഐ തട്ടിപ്പ് കേസ് വിചാരണ നടക്കുന്നത്. കിഴക്കേക്കോട്ട ജി.കെ. ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഗരുഡ മംഗല്യ സഹായി ഉടമ ആർ. ചന്ദ്രശേഖരനെതിരെയാണ് കേസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളത്ത് ബിജപി സ്ഥാരാത്ഥിയായി മത്സരിച്ച വിഷ്ണുപുരം ചന്ദ്രശേഖരനാണ് ആർ ചന്ദ്രശേഖർ. വി എസ്ഡിപി നേതാവു കൂടിയാണ് അദ്ദേഹം. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുള്ള മാര്യേജ് ബ്യൂറോ ജീവനക്കാരുടെ മാസം തോറുമുള്ള ഇ എസ് ഐ വിഹിതം ഇ എസ് ഐ കോർപ്പറേഷനിൽ അടച്ചില്ലെന്നാണ് കേസ്.

2006 ജനുവരി 15 മുതൽ 2007 മാർച്ച് 31 വരെയുള്ള കാലയളവിൽ 17,99,120 രൂപ , 2007 ഏപ്രിൽ 1 മുതൽ 2009 മാർച്ച് 3 വരെ 37,07,602 രൂപ , 2009 ഏപ്രിൽ 1 മുതൽ 2010 മാർച്ച് 31 വരെ 15,87, 300 രൂപ , 2011 ജനുവരി 1 മുതൽ 2015 ഫെബ്രുവരി 28 വരെ 99,20,625 രൂപയും ഉൾപ്പെടെ 1.70 കോടി രൂപ അടച്ചില്ലെന്നാണ് കേസ്. 1948 ൽ നിലവിൽ വന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമത്തിലെ വകുപ്പ് 85 എ പ്രകാരമാണ് പ്രതിക്കെതിരെ കോടതി കേസ് എടുത്തത്.

കുറ്റ സ്ഥാപനത്തിൽ 3 വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. 2020 ജനുവരി 3 ന് വാദിയായ ഇ എസ് ഐ കോർപ്പറേഷൻ ബ്രാഞ്ച് മാനേജരെ വിസ്തരിച്ചിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിചാരണ മാറ്റി വയ്ക്കുകയായിരുന്നു.