മെൽബൺ: നഗരങ്ങളിലെ ശരാശരി വീടുകളിലെ ഗ്യാസ് ബില്ലിൽ നൂറുകണക്കിന് ഡോളറുകളുടെ വർധനവുണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഗ്രാറ്റർ ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ലിക്യുഫൈഡ് നാച്വറൽ ഗ്യാസ് എക്‌സ്‌പോർട്ട് ഇന്റസ്ട്രിയുടെ ഉദയത്തോടെയാണ് വിലക്കയറ്റത്തിന് സാധ്യത തെളിയുന്നതെന്നാണ് ഗ്രാറ്റന്റെ എനർജി പ്രോഗ്രാം ഡയറക്ടറായ ടോണി വുഡ് പറയുന്നത്. 2020ലെ എമിഷൻസ് റിഡക്ഷൻസ് ടാർഗറ്റിനെ മീറ്റ് ചെയ്യാൻ ഓസ്‌ട്രേലിയ പാട് പെടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഗ്യാസ് വില വർധിക്കുന്നതോടെ വൈദ്യുതിയുൽപാദനത്തിനായി കൂടുതൽ കൽക്കരി ഉപയോഗിക്കേണ്ടി വരുമെന്ന സ്ഥിതിയും സംജാതമാകും.

മെൽബണിൽ 90 ശതമാനം വീടുകളിലും പാചകം, ചൂടുവെള്ളമുണ്ടാക്കൽ, ഹീറ്റിങ് തുടങ്ങിയവയ്ക്ക് ഗ്യാസാണ് ഉപയോഗിക്കുന്നത്. അതിനാൽ വർഷത്തിൽ ശരാശരി ബിൽ 435 ഡോളറെങ്കിലും വർധിക്കുമെന്ന് ടോണിവുഡ് പറയുന്നു. ഏറ്റവും കൂടുതൽ  ഗ്യാസ് ഉപയോഗിക്കുന്ന സിഡ്‌നിക്കാരുടെ ഗ്യാസ് ബില്ലിൽ 225 ഡോളറെങ്കിലും വർധിക്കും. എന്നാൽ അഡലൈഡിലെ ഉപയോക്താക്കൾ 200 ഡോളർ എക്‌സ്ട്രാ തുക വർഷം തോറും ഗ്യാസിനത്തിൽ നൽകേണ്ടി വരും. എന്നാൽ ഗ്യാസ് ഉപയോഗത്തിൽ കുറവുള്ള ബ്രിസ്‌ബെനിലുള്ളവരുടെ ബിൽ അധികമൊന്നും വർധിക്കില്ല.

ഗ്യാസ് പ്രൊഡ്യൂസർമാർ ലിക്യുഫൈഡ് നാച്വറൽ ഗ്യാസ് ഉൽപാദിപ്പിക്കാൻ തുടങ്ങിയത് 2010 ലാണ്. അത് കയറ്റുമതി ചെയ്യാനാരംഭിച്ച് ഈ വർഷം തുടക്കത്തിലാണ്. 2018ഓടെ ഈസ്റ്റ് കോസ്റ്റ് ഗ്യാസിനെ വെസ്‌റ്റേൺ ഓസ്‌ട്രേലിയൻ സപ്ലൈകളുമായി കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്.  ഇതോടെ വർഷം തോറും 60 ബില്യൺ ഡോളറിന്റെ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് എക്‌സ്‌പോട്ട് ഇൻഡസ്ട്രിയായി ഇത് മാറും. തൽഫലമായി ലോകത്തിലെ മറ്റ് രാജ്യങ്ങളിൽ ഗാർഹിക ഗ്യാസിന് ലഭിക്കുന്ന വിലക്കൊപ്പമെത്താൻ ഓസ്‌ട്രേലിയയിലെ ഗാർഹിക ഗ്യാസിനും വിലയുയരുകയും ഉപഭോക്താക്കൾ കഷ്ടത്തിലാകുകയും ചെയ്യും. എന്നാൽ സബ്‌സിഡികൾ പോലുള്ള മാർഗങ്ങളിലൂടെ സർക്കാർ  ഈ വിലക്കയറ്റത്തിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നാണ് ടോണി വുഡ് പറയുന്നത്.