ന്യൂഡൽഹി: ഡൽഹി ഗസ്സിപ്പൂരിലെ മാലിന്യക്കൂമ്പാരത്തിൽ സ്‌ഫോടനം. രണ്ടുപേർ മരിച്ചു, അഞ്ചുപേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കൂടുതൽപ്പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന. മാലിന്യക്കൂമ്പാരത്തിൽനിന്നുണ്ടാകുന്ന വാതകമാണു സ്‌ഫോടനത്തിനു കാരണമായതെന്നാണു സൂചന.

ഭീമൻ മാലിന്യകൂമ്പാരം ഒലിച്ചിറങ്ങിയാണ് ദുരന്തം ഉണ്ടായത്. സമീപമുള്ള റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങളുടെ മേൽ ടൺകണക്കിന് മാലിന്യങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. കൂടുതൽ പേർ മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തിൽ ഇവിടെ ദുരന്തനിവാരണസേന പരിശോധന തുടരുകയാണ്. നാല് പേർ കൂടി മാലിന്യങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അഭിഷേക്(20),രാജകുമാരി(30) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

റോഡിലൂടെ പോകുകയായിരുന്ന കാർ സ്‌ഫോടനത്തിൽ തെറിച്ചു സമീപത്തെ കോണ്ട്ലി കനാലിൽ വീണു. നാലു കാറുകൾക്കൂടി കനാലിൽ വീണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയിൽ മാലിന്യങ്ങൾ റോഡിലേക്ക് ഒലിച്ചിറങ്ങിയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മാലിന്യങ്ങളിൽ നിന്നുള്ള വിഷവാതകങ്ങൾ കൂടിക്കലർന്ന് സ്ഫോടനമുണ്ടായതായാണ് സൂചന.

കനാലിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മുപ്പത് വർഷത്തിലേറേയായി ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമാണിതെന്നും, നിക്ഷേപിച്ച മാലിന്യങ്ങൾക്ക് മേലെ പിന്നെയും മാലിന്യങ്ങൾ നിക്ഷേപിച്ച് ഒരു മലയായി മാറുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

1984 മുതൽ ഡൽഹി നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. 33 വർഷത്തോളം തുടർച്ചയായ നിക്ഷേപിച്ച മാലിന്യങ്ങൾ 50 അടിയോളം ഉയരത്തിൽ ഏക്കർകണക്കിന് സ്ഥലത്തായി ഇവിടെ കിടപ്പുണ്ട്.