കാസർഗോഡ്: കോൺഗ്രസ്സ് പ്രർത്തകനായിരുന്ന ബന്തഡുക്കയിലെ വിശ്വനാഥ ഗൗഡയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐ.(എം). ഉം സിപിഐ. യും പ്രതിരോധത്തിൽ. ഗൗഡയുടെ കൊലപാതകക്കേസ് കൃത്യമായി അന്വേഷിച്ചാൽ സിപിഐ.(എം) വിട്ട് സിപിഐ.യിൽ ചേർന്ന കുറ്റിക്കോലിലെ മുൻ സിപി.ഐ.(എം). നേതാവ് പി.ഗോപാലൻ മാസ്റ്റർ ഉൾപ്പെടെയുള്ളവർ പ്രതിയാകുമെന്ന് ജില്ലാ പ്രതിനിധി സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി സി.ബാലൻ വെളിപ്പെടുത്തിയെന്നാണ് വിവരം.

സമ്മേളന പ്രതിനിധികളിൽ നിന്നും ബാലന്റെ പൊതു ചർച്ചയിലെ വിവരങ്ങൾ ചോർന്ന് പുറത്താവുകയായിരുന്നു. ഇതോടെ കാസർഗോഡ് ജില്ലയിൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും വിശ്വനാഥ ഗൗഡയുടെ കൊലപാതകം ഉയർത്തിക്കാട്ടി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

സിപിഐ.(എം).സമ്മേളനത്തിലെ സി.ബാലന്റെ ആരോപണം പുറത്ത് വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ബാലനെ ചോദ്യം ചെയ്തു. എന്നാൽ അങ്ങിനെ ഒരു വിവരം താൻ പറഞ്ഞിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാലൻ. അടുത്ത കാലത്ത് നൂറോളം അനുഭാവികളോടൊത്ത് സിപിഐ.യിൽ ചേരുകയായിരുന്നു പി.ഗോപലൻ മാസ്റ്റർ. ഗോപാലൻ മാസ്റ്ററെ സിപിഐ. (എം). ലെ ഉന്നതർ സഹായിക്കുന്നുണ്ടെന്നും ഏറിയാ സെക്രട്ടറി ബാലൻ പറഞ്ഞിരുന്നതായും വിവരമുണ്ട്. സി. ബാലന്റെ വെളിപ്പെടുത്തലോടെ സിപിഐ.എം. മാത്രമല്ല സിപിഐ.എം. ൽ ന്നും വന്നവരെ പാർട്ടിയിലേക്ക് സ്വീകരിച്ച സിപിഐ.യും വെട്ടിലായിരിക്കയാണ്.

2001 മാർച്ച് 9 നാണ് കോൺഗ്രസ്സ് പ്രവർത്തകനായ വിശ്വനാഥ ഗൗഡ വെടിയേറ്റ് മരിച്ചത്. തലക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ ശേഷമാണ് ഗൗഡ മരിച്ചത്. ഈ കേസിൽ അഞ്ച് സിപിഐ.(എം). കാരെ പ്രതി ചേർത്ത് കേസെടുത്തെങ്കിലും പിന്നീട് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ഗൗഡ മരിച്ച സമയത്ത് പി.ഗോപാലൻ മാസ്റ്ററും ഇപ്പോഴത്തെ കുറ്റിക്കോൽ ഏറിയാ സെക്രട്ടറി സി.ബാലനും ഏരിയാ കമ്മിറ്റി അംഗങ്ങളായിരുന്നു. അന്ന് ഗൗഡ മരിച്ചത് ആത്മഹത്യയാണെന്നാണ് പാർട്ടി പരസ്യമായി പറഞ്ഞത്. എന്നാൽ ഇപ്പോൾ ബാലൻ വെളിപ്പെടുത്തിയെന്ന് പറയുന്ന കൊലപാതകം പുരന്വേഷണമുണ്ടായാൽ സിപിഐ.(എം) ലും ഇപ്പോൾ സിപിഐ യിലും ഉള്ള നേതാക്കളെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ടി വരും.

ഈ കേസിൽ നേരത്തെ തന്നെ ഏറെ ദുരൂഹതയുണ്ടായിരുന്നു. .വെടിയുതിർക്കാത്ത തോക്കായിരുന്നു ഗൗഡ പരിക്കേറ്റു കിടന്ന സ്ഥലത്ത് കാണപ്പെട്ടത്. അതോടെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി രംഗത്ത് വരികയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ മൂന്ന് ടീം വന്ന് അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പൊന്നുമുണ്ടാക്കാൻ കഴിഞ്ഞില്ല. സിപിഐ.(എം). പ്രതിനിധി സമ്മേളനത്തിലെ വെളിപ്പെടുത്തലിന്റെ പശ്ത്താലത്തിൽ ഏറിയാ സെക്രട്ടറി സി.ബാലൻ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളേയും പ്രതി ചേർത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഡി.സി.സി. നേതൃത്വം ആവശ്യപ്പെട്ടു.

നിയമസഭയ്ക്കകത്തും ഇത് ചർച്ചയാക്കാൻ കെ.പി.സി. സി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി. പ്രസിഡണ്ട് എം. എം. ഹസ്സൻ എന്നിവരുമായി കൂടിയാലോചിച്ച് കോൺഗ്രസ്സ് പ്രക്ഷോഭം ആരംഭിക്കാൻ തീരമാനിച്ചിരിക്കയാണെന്ന് ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നേൽ പറഞ്ഞു. നേരത്തെ കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടിരുന്നില്ല. പുതിയ സാഹചര്യത്തിൽ വീണ്ടും സിബിഐ. യെ ക്കൊണ്ട് കേസ് അന്വേഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് സാജിദ് മൗവ്വൽ പറഞ്ഞു.