ആലപ്പുഴ: തന്നെ പാർട്ടിക്കുള്ളിൽ അഴിമതിക്കാരിയായി ചിത്രീകരിച്ചത് ഇ.എം.എസ്. നമ്പൂതിരിപ്പാടാണെന്ന് ഗൗരിയമ്മ. ഇ.എം.എസ്, ടി.വി. തോമസ്, എ.കെ.ജി. തുടങ്ങിയ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളെ ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ അവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെ ഗൗരിയമ്മയുമായി അകലം പാലിക്കാൻ തീരുമാനിക്കുകയാണ് സിപിഎം. പാർട്ടി സമ്മേളനങ്ങളിൽ ഗൗരിയമ്മയെ ക്ഷണിക്കില്ല. നേതാക്കളും അകലം പാലിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷവുമായി ഗൗരിയമ്മ അടുത്തിരുന്നു. പ്രചരണ വേദികളിലും എത്തി. എന്നാൽ ഗൗരിയമ്മയുടെ പാർട്ടിക്ക് മത്സരിക്കാൻ മാത്രം സിപിഎം സീറ്റ് നൽകിയില്ല. അപ്പോഴും മുതിർന്ന നേതാവെന്ന പരിഗണന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനനും നൽകി. ഇതിനിടെയാണ് സമുന്നത നേതാക്കളെ വിമർശിക്കുന്ന പരാമർശങ്ങൾ ഗൗരിയമ്മ നടത്തുന്നത്. സിപിഎം സമ്മേളനത്തിന് മുമ്പ് നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചായായില്ലെങ്കിലും പാർട്ടി ക്ഷീണമുണ്ടാക്കി. അതുകൊണ്ട് തന്നെ ഗൗരിയമ്മയുമായി അകലം പാലിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

ഇഎംസിനേയാണ് ഗൗരിയമ്മ കടന്നാക്രമിക്കുന്നത്. നായനാരേയും വെറുതെ വിടുന്നില്ല. സിപിഎമ്മിൽ നിന്ന് അർഹിക്കുന്ന അംഗീകാരം കിട്ടിയെന്ന് ഗൗരിയമ്മ കരുതുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഏതായാലും ഗൗരിയമ്മയെ ആരും പരസ്യമായി വിമർശിക്കില്ല. പ്രകോപനം വേണ്ടെന്നാണ് തീരുമാനം. ഇ.എം.എസ്. മരിച്ചപ്പോൾ താൻ റീത്ത് വച്ചിട്ടില്ല. ഇ.എം.എസിനെക്കുറിച്ച് അത്രയേയുള്ളൂ അഭിപ്രായം. നമ്പൂതിരിപ്പാടെന്നു പറഞ്ഞ് വലിയ കേമനായായിരുന്നു നടപ്പ്. സ്വന്തം കാര്യം മാത്രമേ ഇ.എം.എസ്. നോക്കിയിട്ടുള്ളൂ. കള്ളനെന്ന് ഒരാളെക്കുറിച്ച് അഭിപ്രായമുണ്ടെങ്കിൽ എങ്ങനെയാണ് അയാൾ മരിച്ചാൽ നമ്മൾ റീത്ത് വയ്ക്കുന്നതെന്നും ഗൗരിയമ്മ ചോദിച്ചിരുന്നു.

ഭരിക്കേണ്ടത് മേൽജാതിക്കാരാണെന്ന നിർബന്ധം ഇ.എം.എസ്. നമ്പൂതിരിപ്പാടിന് ഉണ്ടായിരുന്നെന്നു ഗൗരിയമ്മ. 1987ൽ തനിക്കു മുഖ്യമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഇ.എം.എസാണ്. താണ ജാതിക്കാരി മുഖ്യമന്ത്രിയാകുന്നതിൽ നമ്പൂതിരിയായ ഇ.എം.എസിന് എതിർപ്പുണ്ടായിരുന്നു. ഇ.എം.എസിനു തന്നോട് വിരോധമുണ്ടായിരുന്നെന്നല്ല, പക്ഷേ ഭരണം നടത്തേണ്ടത് മേൽജാതിക്കാരാകണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഭരണമികവൊന്നും ഇല്ലാതിരുന്നിട്ടുകൂടി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാൻ കൊണ്ടുവന്നത്. നായനാർ ചിരിച്ച് നടക്കും. ്രൈപവറ്റ് സെക്രട്ടറി മുരളി ഫയൽ നോക്കും. മുരളി എഴുതിക്കൊടുക്കുന്നതിനടിയിൽ ഒപ്പിടുകമാത്രമേ നായനാർ ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം ഒരു തീരുമാനവും എടുക്കാറുണ്ടായിരുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

തന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെല്ലാം പാർട്ടിയാണ് എടുത്തതെന്നും തനിക്ക് അതിനു സ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നനും ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഗൗരിയമ്മ പറഞ്ഞു. 57ൽ പൊതുപ്രവർത്തക അഴിമതി നിരോധന നിയമം കൊണ്ടു വന്നയാളാണു താൻ. കശുവണ്ടി ഇറക്കുമതിയിൽ അഴിമതിയുണ്ടെന്ന് പാർട്ടിക്കുള്ളിൽ ആരോപണമുണ്ടായപ്പോഴാണ് രാജിവച്ചത്. അഴിമതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതിനു ശേഷമായിരുന്നു രാജി. ഇ.എം.എസിന്റെ ബന്ധുവായിരുന്നു അന്ന് കശുവണ്ടി കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ. തന്നെ പുറത്താക്കാനായിരുന്നു വി എസ്. അച്യുതാനന്ദനു താൽപര്യം. എങ്കിൽ മാത്രമേ ആളാകാൻ പറ്റുമായിരുന്നുള്ളൂ എന്നും ഗൗരിയമ്മ പറഞ്ഞു.

വയലാർ വെടിവയ്‌പ്പിൽ കാണാതായ സഹോദരനെ അന്വേഷിച്ചാണ് പാർട്ടിയുമായി ബന്ധപ്പെട്ടത്. അങ്ങനെയാണ് പാർട്ടിയിലേക്കെത്തിയത്. എ.കെ. ഗോപാലൻ തന്നെ വിവാഹം ചെയ്യാനായി രണ്ടുമൂന്നു തവണ വന്ന് ചോദിച്ചിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമല്ലാത്തയാളെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാകുകയായിരുന്നു. എ.കെ. ഗോപാലൻ ഒരു പാർട്ടിമാനാണ്. പാർട്ടിക്ക് സഹായമായിട്ടുള്ളയാളെയാണ് അയാൾക്കു വേണ്ടിയിരുന്നത്. ഞാനാണ് കൂടൂതൽ സഹായി എന്ന് അദ്ദേഹം ധരിച്ചിട്ടുണ്ടാകുമെന്നും ഗൗരിയമ്മ പറഞ്ഞു.

തെരഞ്ഞെടുപ്പിനു മുമ്പ് വിവാഹം ചെയ്യണമെന്ന് പാർട്ടി തീരുമാനിച്ചെങ്കിലും നടന്നില്ല. പിന്നീട് 57ൽ മന്ത്രിയായ ശേഷമാണ് ടി.വി. തോമസ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും ഒന്നിച്ചാണു നടപ്പെന്നും അറിഞ്ഞത്. ഒരിക്കൽ ടി.വി. തോമസിന്റെ പെട്ടിയിൽ ഒരു എഴുത്ത് കണ്ടെത്തി. വായിക്കുന്നതിനിടെ ടി.വി. തോമസ് കയറിപ്പിടിച്ചു. തമ്മിൽ പിടിവലിയായപ്പോൾ താൻ ബാത്ത്റൂമിൽ കയറി ആ എഴുത്ത് അരയിൽ കെട്ടിവയ്ക്കുകയായിരുന്നു. പിന്നീടത് പാർട്ടിയോഫീസിൽ കൊടുത്തു. യോജിപ്പിക്കാൻ പാർട്ടി ശ്രമിച്ചെങ്കിലും താൻ എഴുന്നേറ്റുപോയി. ടി.വിയുമായുള്ള വിവാഹജീവിതം തുടരേണ്ടെന്നും തീരുമാനിച്ചു ഗൗരിയമ്മ പറഞ്ഞിരുന്നു.