- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി! എന്നിട്ടെന്തായി വിജയാ? ജന്മശതാബ്ദി വേളയിൽ പിണറായിയോട് ചാട്ടുളി പോലൊരു ചോദ്യം; തന്നെ മുഖ്യമന്ത്രിയാക്കുന്നത് ഇഎംഎസിന് ഇഷ്ടമല്ലായിരുന്നു എന്ന് തുറന്നടിക്കൽ; പാർട്ടിയിൽ നിന്ന് എന്തിനാ പുറത്താക്കിയതെന്ന ചോദ്യവും; മുഖം നോക്കാതെ നുണകളെ വകഞ്ഞുമാറ്റിയ രാഷ്ട്രീയ ജീവിതം; ഗൗരിയമ്മ ഇനി പാഠപുസ്തകം

തിരുവനന്തപുരം: രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എന്നും ഒരുപാഠപുസ്തകമാാണ് ഗൗരിയമ്മയുടെ ജീവിതം.
കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി,
ഇതു കേട്ടു കൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.'
1994 ൽ ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിന്റെ പിറ്റേ വർഷം, കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചിട്ടതാണ് ഈ വരികൾ. 2019 ജൂൺ മാസം 21 ന് ആലപ്പുഴ ശകതി ഓഡിറ്റോറിയത്തിൽ നടന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി മഹാമഹത്തിന്റെ ഉദ്ഘാടന വേദിയിൽ മറുപടി ഗൗരിയമ്മയുടെ ധീരതയെ പ്രശംസിക്കാൻ പിണറായി വിജയൻ ചൊല്ലിയതും ഈ വരികളാണെന്നതാണ് കൗതുകം.
പണ്ടു കുട്ടികൾക്കു ഭയം മാറാൻ ഗൗരിയമ്മ ഒപ്പമുണ്ടെന്നു പറഞ്ഞാൽ മതിയായിരുന്നു എന്നതാണു കവിതയുടെ ഉള്ളടക്കമെന്നും അന്ന് പിണറായി പറഞ്ഞു.
അന്ന് ചടങ്ങിന്റെ ഉദ്ഘാടകനായിരുന്ന പിണറായി വിജയനോട് ഗൗരിയമ്മ മറുപടി പ്രസംഗത്തിൽ നേരിട്ട് ചോദിച്ചത് എന്നിട്ടെന്തായി വിജയാ? എന്നായിരുന്നു. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയം സജീവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ആരും നൽകിയില്ല. ഒരുകാര്യം കൂടി ഗൗരിയമ്മ ചോദിച്ചു: 'എന്നെ പാർട്ടിയിൽ നിന്നു എന്തിനാ പുറത്താക്കിയത്?' സിപിഎമ്മിൽ നിന്നു പുറത്താക്കിയപ്പോൾ രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനിച്ചെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരമാണ് തിരികെ വന്നതെന്നും ഗൗരിയമ്മ അന്നുപറഞ്ഞു. തന്നെ മുഖ്യമന്ത്രിയാക്കുന്നത് ഇ.എം.എസിന് ഇഷ്ടമല്ലായിരുന്നു എന്നും തുറന്നടിച്ചു.
എന്തിനായിരുന്നു ആ കടക്കുപുറത്ത്?
1994ൽ സി പിഎമ്മിൽ നിന്നും പുറത്തായി. ആലപ്പുഴ ജില്ലാ വികസന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുറത്താക്കൽ നടപടിയിലേക്ക് നയിച്ചത്. എം വി ആറും കെ കരുണാകരനും ചേർന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാർട്ടി നിരീക്ഷണം. ഈ കെണിയിൽ ഗൗരിയമ്മ വീണു എന്നതായിരുന്നു പാർട്ടി സെക്രട്ടറിയേറ്റിന്റെ പ്രമേയം. പുറത്താക്കപ്പെടും മുൻപ് തന്നെ അവർ പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്നു. ജെ എസ്സ് എസ്സിന് രൂപം കൊടുത്തു. ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) രൂപീകരിച്ച് ഗൗരിയമ്മ തന്റെ ജന പിന്തുണ പാർട്ടിക്ക് വെളിപ്പെടുത്തി കൊടുത്തു. 'കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഒറ്റക്കല്ല' എന്നിങ്ങനെ ഉള്ള മുദ്രാവാക്യങ്ങൾ പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു. യു ഡി എഫ് പാളയത്തിലേക്ക് പോയ ജെ എസ്സ് എസ് ആദ്യ കാലങ്ങളിൽ, ആലപ്പുഴയിൽ പാർട്ടിക്ക് തിരിച്ചടി നൽകി.
2001ഇൽ യു ഡി എഫ് മന്ത്രി സഭയിൽ ഗൗരിയമ്മ കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഈ കൂടാരത്തിൽ നിലയുറപ്പിക്കാൻ അവർക്കായില്ല. നിരന്തരമായ തിരഞ്ഞെടുപ്പ് പരാജയങ്ങൾ ജെ എസ്സ് എസ്സിനും ഗൗരിയമ്മക്കും ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ യു ഡി എഫിൽ ഗൗരിയമ്മയുടെ പ്രഭ മങ്ങി. പല ചർച്ചകൾക്കൊടുവിൽ യുഡിഎപ് വിട്ടു.
2011 വരെ എല്ലാ നിയമസഭാതിരഞ്ഞെടുപ്പുകളിലും മത്സരിച്ച ഏക വ്യക്തി
1957ൽ ലോകത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്യുണിസ്റ്റ് മന്ത്രി സഭയുടെ റവന്യു മന്ത്രിയായി. സഹചാരിയായ സഖാവ് ടി വി തോമസ്സിനെ പാർട്ടി നിർദ്ദേശപ്രകാരം 1957ൽ തന്നെ ജീവിത പങ്കാളിയാക്കി. 1964ൽ പാർട്ടി സിപിഐ എം,സിപിഐ എന്നിങ്ങനെ രണ്ടായി പിളർന്നു. ടി വി തോമസ്സും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു ഗൗരിയമ്മ. 'പ്രായമല്ല ജനങ്ങളുടെ കൂടെ നിൽക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പ്രവർത്തകയുടെ മാനദണ്ഡം എന്നായിരുന്നു ഗൗരിയമ്മയുടെ മതം. 'മീൻ വെള്ളത്തിൽ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിൽ ജീവിക്കണം' എന്നു പറഞ്ഞ മക്കളില്ലാത്ത ഗൗരിയമ്മക്ക് പാർട്ടിയും സഹപ്രവർത്തകരും എല്ലാമെല്ലാം ആയിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം 2011 വരെ നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച ഏക വ്യക്തിയാണ് ഗൗരിയമ്മ. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച വ്യക്തി. കേരള നിയമസഭയിലേക്ക് 10 തവണയും തിരുകൊച്ചി നിയമസഭയിലേക്ക് രണ്ടു തവണയും വിജയിച്ചു
തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ 1948 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ചേർത്തല ദ്വയാംഗ മണ്ഡലത്തിൽ ജനറൽ സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു ഗൗരിയമ്മ. കമ്യൂണിസ്റ്റ് സ്ഥാനാർത്ഥികൾ മുഴുവൻ പരാജയപ്പെട്ടെങ്കിലും കെട്ടിവച്ച കാശ് തിരികെക്കിട്ടിയ നാലു കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു ഗൗരിയമ്മ. തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചശേഷം 1952 ൽ നടന്ന തിരഞ്ഞെടുപ്പിൽ കന്നിവിജയം നേടിയ ഗൗരിയമ്മ 1954 ലും വിജയം ആവർത്തിച്ചു.
കേരള രൂപീകരണത്തിനു ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ൽ ആയിരുന്നു. അന്നു മുതൽ 2011 വരെ നീണ്ട 54 വർഷം, 13 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഗൗരിയമ്മ പരാജയപ്പെട്ടത് മൂന്നു തവണ മാത്രം. 1977 ൽ, അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പുകാലം ഗൗരിയമ്മയ്ക്ക് വ്യക്തിപരമായി ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്ന കാലം കൂടിയായിരുന്നു. ഏറെക്കാലം പിരിഞ്ഞു ജീവിച്ചെങ്കിലും ജീവന്റെ പാതിയായിരുന്ന ടി.വി.തോമസിനെ നഷ്ടമായത് അക്കാലത്താണ്. ആ തിരഞ്ഞെടുപ്പിലാണ് ഗൗരിയമ്മ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യമായി പരാജയപ്പെട്ടത്.
പിന്നീട് 2006, 2011 വർഷങ്ങളിലും ജനവിധി ഗൗരിയമ്മയ്‌ക്കെതിരായി. ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പിലും ചേർത്തലയിൽ നിന്നു വിജയിച്ച ഗൗരിയമ്മ പിന്നീട് എട്ടു തവണ അരൂരിൽ നിന്നാണു നിയമസഭയിലെത്തിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി, സിപിഎം, ജെഎസ്എസ് എന്നിങ്ങനെ മൂന്നു പാർട്ടികളുടെ എംഎൽഎയായിരുന്നു. സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട ശേഷം 1996 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെയും പിന്തുണയില്ലാതെയാണ് സ്വന്തമായി രൂപീകരിച്ച ജെഎസ്എസിന്റെ സ്ഥാനാർത്ഥിയായി അരൂരിൽ നിന്നു വൻവിജയം നേടിയത്.
'കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ.ഗൗരി ഭരിച്ചീടും' സ്വപ്നം മാത്രമായി
1987 ലെ തിരഞ്ഞെടുപ്പിൽ കെ.ആർ.ഗൗരിയമ്മയുടെ പ്രചാരണത്തിന്റെ തുടക്കം അരൂരിൽ നിന്നായിരുന്നു. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ.വാസുദേവൻനായരും കൂടിയാണ്. ആ വേദിയിൽ വച്ചാണ് ഇരുവരും കെ.ആർ.ഗൗരിയമ്മ ജയിച്ചാൽ അരൂരിനു മുഖ്യമന്ത്രിയെ ലഭിക്കുമെന്നു പ്രഖ്യാപിച്ചത്.
ഗൗരിയമ്മ അത്തവണ ഈസിയായി ജയിച്ചെങ്കിലും പാാർട്ടിയിലെ ഉൾപ്പോരിൽ മുഖ്യമന്ത്രി സ്ഥാനം അകന്നുപോയി. അതിനു പിന്നിൽ ഇഎംഎസിന്റെ ചരടുവലികൾ ആയിരുന്നുവെന്ന് ഗൗരിയമ്മ പിൽക്കാലത്ത് ആരോപിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയാക്കുന്നത് ഇ.എം.എസിന് ഇഷ്ടമല്ലായിരുന്നു എന്ന് രണ്ടുവർഷം മുമ്പ് ഗൗരിയമ്മ തുറന്നടിച്ചത്. അത്തവണ ഇ.കെ.നായനാർക്കാണ് നറുക്ക് വീണത്.
ജീവിതരേഖ
ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള പുരാതനമായ ഈഴവ കുടുംബത്തിൽ 1919 ജൂലൈ മാസം 14ാം തീയതിയാണ് ചാത്തനാട്ട് കെ എ രാമന്റെയും പാർവതി അമ്മയുടെയും മകളായി ഗൗരിയമ്മ ജനിച്ചത്. മിഥുനമാസത്തിലെ തിരുവോണം നക്ഷത്രം. അന്ന് അവിടുള്ള ഈഴവ പിന്നോക്ക വിഭാഗങ്ങളിലെ പെൺകുട്ടികളുടെ ദുരവസ്ഥ ഗൗരിയമ്മക്കുണ്ടായില്ല. ജനിച്ച തറവാടിന്റെ പ്രതാപവും സാമ്പത്തികവും മൂലം അവൾക്ക് മികച്ച വിദ്യാഭ്യാസം ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിലും സെന്റ് തേരാസ്സസ് കോളേജിലുമായി ബിരുദപഠനം പൂർത്തിയാക്കി.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ ബിരുദവും എറണാകുളം ലാ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി.
ജ്യേഷ്ഠ സഹോദരൻ സുകുമാരനാണ് ഗൗരിഅമ്മയെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. ഉന്നത വിദ്യഭ്യാസത്തിനായി ഗൗരിയമ്മ തിരുവനന്തപുരം ലോകോളെജിലെത്തി. ക്വിറ്റ് ഇന്ത്യ സമരനാളുകളിൽ നിയമവിദ്യഭ്യാസം പൂർത്തിയാക്കിയ ഗൗരിയമ്മ ചേർത്തല കോടതികളിൽ അഭിഭാഷകയായി എത്തുന്നത് പുന്നപ്ര വയലാർ സമരത്തിന് ശേഷമാണ്. 1957ൽ കമ്മ്യൂണിസ്റ്റ് സർക്കാരിൽ മന്ത്രിമാരായിരിക്കെ ടി.വി.തോമസും ഗൗരിഅമ്മയും വിവാഹിതരായി. 1964ൽ പാർട്ടി പിളർന്നപ്പോൾ ടി.വി.തോമസ് സിപിഐക്കൊപ്പവും ഗൗരിഅമ്മ സിപിഎമ്മിനൊപ്പവും നിലകൊണ്ടു. ഇതോടെ ഇരുവരും മാനസികമായി അകന്നു. തുടർന്ന് പിരിഞ്ഞ് താമസിച്ചു. ഇരുവർക്കും കുട്ടികളില്ലായിരുന്നു.
1952ൽ തിരുകൊച്ചി നിയമസയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയാക്കിയത് ഗൗരിയമ്മയെയാണ്. അന്ന് നേടിയ വൻഭൂരിപക്ഷം 1954 ലെ തെരഞ്ഞെടുപ്പിലും ആവർത്തിച്ചു. ഐക്യകേരള രൂപീകരണശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിലും ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും പാർട്ടിക്ക് നിർദ്ദേശിക്കാനില്ലായിരുന്നു. അന്നുമുതൽ അരനൂറ്റാണ്ടുകാലം ചേർത്തല അരൂർ മണ്ഡലങ്ങളിൽ നിന്നായി വൻഭൂരിപക്ഷത്തിൽ ഗൗരിയമ്മ തെരഞ്ഞെടുക്കപ്പെട്ടു.
സംഭവബഹുലമായ 16345 ദിവസത്തെ നിയമസാപ്രവർത്തനം കേരളത്തിൽ 1957 മുതൽ 2001 വരെ 5 മന്ത്രിസകളിൽ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ ഭരണം കാഴ്ചവച്ചു. 1991 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു. കെ.കരുണാകരൻ വീണ്ടും കേരള മുഖ്യമന്ത്രിയായി. കാലാവിധി തീരുംമുമ്പ് നിയമസാ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പാർട്ടിയിൽ തർക്കവിഷയമായി.
അന്ന് വി എസ് പാർട്ടി സെക്രട്ടറിയായിരുന്നു. ഗൗരിയമ്മയുടെ നിലപാട് വി എസ്സിനെതിരായിരുന്നു. വി എസ്സിനൊപ്പം നിന്ന ഗൗരിയമ്മയും ഈ വിഷയത്തിൽ നിലപാട് മാറ്റിയത് പാർട്ടിക്കുള്ളിൽ ആ കാലത്ത് സജീവചർച്ചയായിരുന്നു. ഗൗരിയമ്മയെ പിന്തുണക്കാൻ പാർട്ടിയിലെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് അന്ന് കഴിയാതെ പോയി. 1994 ജനുവരി മാസം ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്തായി.
ഗൗരി അമ്മയുടെ റെക്കാഡുകൾ
ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാൻ കഴിയാത്ത റെക്കാഡുകളുടെ ഉടമയാണ് ഗൗരിഅമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം, 2006 മാർച്ച് 31വരെ 16,832 ദിവസം നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി. 1948ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് മത്സരിച്ചാണ് ഗൗരിഅമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി. തിരുകൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിഅമ്മ 13 എണ്ണത്തിൽ വിജയിച്ചു.
11 തവണ നിയമസഭാംഗമായി. 1948 ലെ കന്നിയങ്കത്തിലും 1977, 2006, 2011 വർഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്. 1987ലെ തിരഞ്ഞെടുപ്പിൽ കേരളത്തെ കെ.ആർ.ഗൗരിഅമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്നാണ് ഗൗരിഅമ്മ മത്സരിച്ച് വിജയിച്ചത്.
ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിഅമ്മയ്ക്കുണ്ട്. 1960ൽ സിപിഐ സ്ഥാനാർത്ഥിയായി ചേർത്തലയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1965, 67, 70, 80, 82, 87, 91 വർഷങ്ങളിൽ സിപിഎം സ്ഥാനാർത്ഥിയായി അരൂരിൽ നിന്ന് ജനവിധി തേടി വിജയം കൊയ്തു. 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയായി. നൂറാം വയസിലും ഊർജ്ജസ്വലയായി ഒരു പാർട്ടിയെ നയിക്കുന്ന വനിത രാജ്യത്തല്ല, ലോകത്തുതന്നെ ചരിത്രമാണ്.
അവസാന കാലത്ത് ഗൗരിയമ്മ തീർത്തും ഒറ്റപ്പെട്ട നിലയിലായിരുന്നു. ആലപ്പുഴ വൃദ്ധസദനത്തിൽ വയോജനദിനാഘോഷത്തിന് എത്തിയ ഒരവസരത്തിൽ അവർ പറഞ്ഞു: 'നിങ്ങളെപ്പോലെ തന്നെയാണ് ഞാനും. എനിക്കാരുമില്ല. ഞാൻ അനാഥയാണ്. സർക്കാർ അനുവദിച്ച ഒരു ഗൺമാന്റെ കൂട്ടാണ് എനിക്കാകെയുള്ളത്.' കരയാത്ത ഗൗരി എന്ന് കവി പാടിയെങ്കിലും, ഗൗരിയമ്മയെ ഏകാന്തതാബോധം അലട്ടിയിരുന്നും. അത് അധികം ആരെയും അറിയിക്കാതെ പരിഭവങ്ങൾ ഉള്ളിലൊതുക്കി ധീരനേതാവ് വിടവാങ്ങി.
ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോൾ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനൽ മാത്രമാകും
കനലാറിടുമ്പോൾ ചുടുചാമ്പലാകും
ചെറുപുൽക്കൊടിക്കും വളമായിമാറും-ചുള്ളിക്കാട്


