തിരുവനന്തപുരം: കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയിൽനിന്ന് ചാടിയ പത്താംക്ലാസുകാരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂൾ കെട്ടിടത്തിൽ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. പതിനഞ്ചുകാരിയായ ഗൗരിയാണ് മരിച്ചത്.

സംഭവത്തിൽ രണ്ട് അദ്ധ്യാപികമാരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അദ്ധ്യാപികമാരുടെ പേരിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടി മരിച്ചതോടെ ഇവർക്കെതിരെ ശക്തമായ നടപടികൾ പൊലീസ് എടുക്കും. പെൺകുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. രണ്ട് അദ്ധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പിതാവ് മൊഴി നൽകിയത്.

ഇതേസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസിൽ സംസാരിച്ചതിന് ക്രെസന്റ് എന്ന അദ്ധ്യാപിക ആൺകുട്ടികൾക്കിടയിൽ ഇരുത്തിയിരുന്നു. ഇത് വീട്ടിൽ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാർ സ്‌കൂളിലെത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.

കുട്ടികൾ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെൺകുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതർക്കമുണ്ടായി. ഇതേക്കുറിച്ച് അദ്ധ്യാപികമാർ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അദ്ധ്യാപികമാർ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പൊലീസിന് മൊഴി നൽകിയത്. അതുകൊണ്ട് തന്നെ അദ്ധ്യാപകർക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കേണ്ടി വരും. ആശുപത്രിയിലായ ശേഷം കുട്ടിയിൽ നിന്നും കാര്യങ്ങൾ തിരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അബോധാവസ്ഥയിലായിരുന്നു കുട്ടി.