ന്യൂഡൽഹി: ചൊവ്വാഴ്ച രാത്രി ആക്രമികൾ വെടിവെച്ച് കൊന്ന മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെതിരെ വിദ്വേഷം വളർത്തുന്നതും അധിക്ഷേപിക്കുന്നതുമായ ട്വീറ്റുകൾ വ്യാപകമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പിന്തുടരുന്നവരും ഗൗരി ലങ്കേഷിനെതിരെയുള്ള ട്വീറ്റുകൾ പ്രചരിപ്പിക്കുന്നവരിൽ ഉൾപ്പെടുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുടെ അക്കൗണ്ടുകളിലും ഇത്തരം ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പാർക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 

വിദ്വേഷ ട്വീറ്റുകൾക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നതോടെ ഐടി മന്ത്രി രവിശങ്കർ പ്രസാദ് പരസ്യമായി രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രചാരണത്തെ താൻ അപലപിക്കുന്നുവെന്നും ഒരു കൊലപാതകത്തെ ആഘോഷിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി വജയ് ഗോയലും പിന്തുടരുന്ന ആശിഷ് മിശ്ര എന്നയാൾ നിരവധി വിദ്വേഷ ട്വീറ്റുകളാണ് ഗൗരി ലങ്കേഷിനെതിരെ പോസ്റ്റ് ചെയ്തിട്ടുള്ളത്. സോഷ്യൽ നെറ്റ് വർക്കിങ് സർവീസായ ലിങ്ക്ഡ് ഇനിൽ ഇയാൾ ഐടി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ ഉപദേശകനായാണ് പരിചയപ്പെടുത്തുന്നത്.

മോദി പിന്തുടരുന്ന മറ്റൊരാളായ നിഖിൽ ഡാദിച്ച് എന്നയാളുടെ അക്കൗണ്ടിൽ നിന്നും അപകീർത്തികരമായ ട്വീറ്റുകളാണ് വന്ന് കൊണ്ടിരുന്നത്. ഇയാൾ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. നക്‌സൽ അനുഭാവിയാണ് ഗൗരി ലങ്കേഷെന്നും നിങ്ങളുടെ പ്രവർത്തികളാണ് നിങ്ങൾ കൊലചെയ്യപ്പെടാൻ കാരണമെന്നുമുള്ള ട്വീറ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. ബിജെപിയോട് അനുഭാവം പുലർത്തുന്ന ചില മാധ്യമ പ്രവർത്തകരും ഗൗരി ലങ്കേഷിനെതിരായ ട്വീറ്റുകൾ പ്രചരിപ്പിക്കുന്നവരിലുണ്ട്.