ബാംഗ്ലൂർ: അഭിപ്രായ സ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ച ധീര രക്തസാക്ഷിയായി ഗൗരി ലങ്കേഷിനെ രാജ്യം ഏറ്റെടുത്തു കഴിഞ്ഞു. വിട്ടുവീഴ്‌ച്ചയില്ലാതെ പോര് നയിച്ച ഗൗരിയുടെ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കാശ്മീർ മുതൽ കന്യാകുമാരി വരെ പ്രകടനങ്ങൾ നടന്നു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇനിയാരും ഈ രാജ്യത്തുകൊല്ലപ്പെടരുത് എന്ന പൊതുവികാരമാണ് രാജ്യമെങ്ങും ഉയർന്നത്. രാജ്യതലസ്ഥാനത്ത് നൂറുകണക്കിനാളുകൾ മെഴുകുതിരി പ്രയാണം നടത്തി; 'ഗൗരിക്കു മരണമില്ല' എന്നു രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായി ഇന്ത്യാ ഗേറ്റിൽ സംഗമിച്ചു. ബാംഗ്ലൂരിലും രാജ്യത്തെ മറ്റു നഗരങ്ങളിലും കേരളത്തിൽ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

പുരോഗമന നിലപാടിലൂടെ മാധ്യമ ലോകത്ത് എന്നും തലഉയർത്തി നിന്ന ഗൗരിക്ക് നാടും വീരോചിതമായി വിട നൽകി. അവകാശ പോരാട്ടങ്ങളുടെ മുന്നണി പോരാളിക്ക് സംസ്ഥാന ബഹുമതികളോടെ ബെംഗളൂരു ചാമരാജപേട്ട ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുൾപ്പെടെ പ്രമുഖരും സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരും ആദരാഞ്ജലി അർപ്പിച്ചു. നൂറ് കണക്കിന് ആളുകൾ ഗൗരിയെ അവസാനമായി കാണാൻ എത്തി. ഗൗരിയെ വെടിയുണ്ടകളാൽ തീർത്തെങ്കിലും അവർ കൊളുത്തിവെച്ച ആശയം രാജ്യം മുഴുവൻ ഏറ്റെടുക്കുന്ന കാഴ്‌ച്ചയാണ് എങ്ങും കണ്ടത്.

കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കൊലപാതകമായി ഗൗരി ലങ്കേഷിന്റെ മരണം മാറിയതോടെ അന്വേഷണത്തിന് പ്രത്യക സംഘത്തിന് പൊലീസ് രൂപം നല്കി. ഐജി (ഇന്റലിജൻസ്) ബി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കർണാടക സർക്കാർ രൂപംനൽകി. കേസ് സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രത്യേക സംഘത്തിനു വിടാനാണു കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, കുടുംബാംഗങ്ങളുടെ ആവശ്യം മുൻനിർത്തി, സിബിഐ അന്വേഷണത്തോടുപോലും തുറന്ന മനസ്സാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

പുരോഗമനാശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പ്രമുഖർക്കു പ്രത്യേക പൊലീസ് സുരക്ഷ നൽകാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോടു റിപ്പോർട്ട് തേടി. നെഞ്ചത്തും വയറ്റിലുമേറ്റ വെടിയാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഗൗരിയോട് ഫേസ്‌ബുക്കിൽ നിരന്തരം പോരാടിയ യുവാവ് അറസ്റ്റിൽ

അതേസമയം ഗൗരി ലങ്കേഷിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ചിക്കമഗളൂരു സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ ഫേസ്‌ബുക് പോസ്റ്റുകളോടു രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്ന ഇയാൾ ഈയിടെ ബെംഗളൂരുവിൽ എത്തിയതാണു സംശയത്തിനിടയാക്കിയത്. രണ്ടു മാസം മുൻപു നഷ്ടപ്പെട്ട ഫോൺ ബെംഗളൂരുവിലാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് എത്തിയതായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.

അക്രമിയുടെ ചിത്രം ലഭിച്ചു, കൊലയാളി സംഘത്തിൽ മൂന്നുപേർ

രാജരാജേശ്വരി നഗറിലെ ഗൗരിയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന നാലു സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകം. ചൊവ്വാഴ്ച ബസവനഗുഡിയിലെ 'ഗൗരി ലങ്കേഷ് പത്രികെ' ഓഫിസിൽനിന്ന് കാർ ഓടിച്ച് വീട്ടിലെത്തിയ ഗൗരി, ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ രാത്രി 7.56നാണ് ഹെൽമറ്റ് ധരിച്ച ഒരാൾ വെടിയുതിർത്തത്. തുടർന്ന് വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ മൂന്നു തവണ കൂടി വെടിയേറ്റ് നടക്കല്ലിനു മുന്നിൽ വീഴുകയായിരുന്നു. ഇടതു ഭാഗത്തു നെഞ്ചിലും വയറ്റിലുമാണു വെടിയേറ്റത്. അക്രമി മടങ്ങുന്ന ബൈക്ക് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ല. വീടിനു മുന്നിൽ വെളിച്ചം കുറവായിരുന്നതാണ് അന്വേഷണത്തിനു തടസ്സം. ഇതേസമയം, അക്രമികൾ മൂന്നുപേർ ഉണ്ടായിരുന്നുവെന്നാണ് അയൽവാസികളുടെ മൊഴി.

ജാക്കറ്റും ഹെൽമെറ്റും ധരിച്ച ആളാണ് നിറയൊഴിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാളുൾപ്പെടെ അക്രമിസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ബൈക്കിലെത്തിയ അക്രമിസംഘം വെടിവെച്ചത്. ഓഫീസിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴി അക്രമികൾ ഗൗരിയെ നിരീക്ഷിച്ചെന്നാണ് പൊലീസിന്റെ നിഗമനം. കാർ നിർത്തി വീടിന്റെ ഗേറ്റുതുറന്ന് അകത്തേക്ക് കടക്കുമ്പോഴാണ് വെടിവെച്ചത്. വീടിന്റെ വാതിൽ ലക്ഷ്യമാക്കി ഓടിയെങ്കിലും ഗൗരി വീണുപോയി. ഓഫീസ് മുതൽ വീടുവരെയുള്ള സ്ഥലങ്ങളിലെ അഞ്ഞൂറോളം സി.സി.ടി.വി. ക്യാമറകൾ പൊലീസ് ശേഖരിച്ചു.

ഏഴുതവണ അക്രമി വെടിവെയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നെറ്റിക്കും വയറിനുമാണ് വെടിയേറ്റത്. മൃതദേഹപരിശോധനയിൽ മൂന്ന് വെടിയുണ്ടകൾ കണ്ടെത്തി. നാലെണ്ണം വീടിന്റെ പരിസരത്തുനിന്ന് ലഭിച്ചു. പത്തടി അകലത്തുനിന്ന് 0.32 എം.എം. പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പൊലീസ് കരുതുന്നു. ഗൗരിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തെത്തി. ഹിന്ദുത്വ ആശയങ്ങളെ എതിർക്കുന്നതോടൊപ്പം പുരോഗമന സാഹിത്യകാരന്മാർക്ക് നൽകിയ പിന്തുണയാണ് ഭീഷണിക്ക് കാരണം. പുരോഗമന സാഹിത്യകാരൻ എം.എം. കൽബുർഗി കൊല്ലപ്പെട്ടതിനുശേഷം സ്വീകരിച്ച നിലപാടുകൾ കൂടുതൽ എതിപ്പിനിടയാക്കി.

രണ്ടുമാസംമുമ്പ് രണ്ടുപേർ ഫോണിൽ വധഭീഷണി മുഴക്കിയെന്ന് പറഞ്ഞിരുന്നതായി സുഹൃത്തും മുൻ മന്ത്രിയുമായ ബി.ടി. ലളിതാ നായിക് പറഞ്ഞു. എന്നാൽ, ജീവന് ഭീഷണിയുണ്ടെന്നതരത്തിൽ ഒന്നും അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഒരിക്കൽ വിളിച്ച് കാണണമെന്നും പറഞ്ഞു. ഭീഷണിയുടെ കാര്യം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.