ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകയും സംഘപരിവാർ വിമർശകയുമായ ഗൌെരി ലങ്കേഷിന്റെ കൊലപാതക കേസ്ഉടൻ പൂർത്തിയാക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ഒരാഴ്ചയ്ക്കകം വധത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെക്കുറിച്ചുള്ള യഥാർഥ ചിത്രം ലഭിച്ചുകഴിഞ്ഞു. തെളിവ് ശേഖരണം നടന്നുവരികയാണ്. ധാബോൽക്കർ, പൻസാരെ വധക്കേസുകൾപോലെ അന്വേഷണം വഴിമുട്ടില്ല. ലങ്കേഷിന്റെ ഘാതകരെ പിടികൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

''കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് എല്ലാ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രതികളെ പിടികൂടുമെന്നകാര്യം ഉറപ്പാണ്. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്'' -മന്ത്രി പറഞ്ഞു.

ഡിവൈ.എസ്‌പി. എം.കെ. ഗണപതിയുടെ ആത്മഹത്യാ കേസിൽ സിബിഐ. കേസെടുത്തതിനാൽ മന്ത്രി കെ.ജെ. ജോർജ് രാജിവയ്ക്കണമെന്ന ബിജെപി.യുടെ ആവശ്യത്തെ ആഭ്യന്തരമന്ത്രി തള്ളി. സംഭവത്തിൽ നേരത്തേ സിഐഡി. കേസെടുത്തപ്പോൾ ജോർജ് രാജിവെച്ചതാണെന്നും ഇപ്പോൾ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി.യുടെ ആവശ്യം രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.