ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കഴിഞ്ഞ 17 വർഷമായി ഗൗരിയും സഹോദരനും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006-ൽ ഗൗരി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്തത്.

ഗൗരി കൊല്ലപ്പെട്ട സംഭവത്തിൽ നക്‌സലുകളുടെ ഭീഷണിയുണ്ടെന്ന് ഇന്ദ്രജിത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നക്‌സൽ പ്രവർത്തകരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചവരായിരുന്നു ഗൗരിയെന്നും ഇതിന്റെ തുടർച്ചയായിട്ടാണ് ഭീഷണിയെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞിരുന്നത്.

എന്നാൽ, അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാരിന്റെ അന്വേഷണ സമിതിയിൽ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുകൊണ്ടു തന്നെ ഇന്ദ്രജിത്ത് അന്വേഷണ സംഘവുമായി സഹകരിക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ.