തിരുവനന്തപുരം: ചരിത്രം കുറിച്ചാണ് തിരുവനന്തപുരം കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. 54 വോട്ടുകൾ നേടിയാണ് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ആര്യ തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനിൽ ആയതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. ആര്യ രാജേന്ദ്രൻ (എൽഡിഎഫ്) - 54, സിമി ജ്യോതിഷ് (എൻഡിഎ) - 35, മേരി പുഷ്പം (യുഡിഎഫ്) - 09 എന്നിങ്ങനെയായിരുന്നു വോട്ട് നില. കഴിഞ്ഞ രണ്ട് ​​ദിവസങ്ങളായി ആര്യ തന്നെയായിരുന്നു രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞ് നിന്നിരുന്നതെങ്കിൽ ഇപ്പോഴിതാ, അ​ദാനി ​ഗ്രൂപ്പ് ചെയർമാൻ സാക്ഷാൽ ഗൗതം അദാനി തന്നെ ആര്യയെ അഭിനന്ദിച്ച് രം​ഗത്തെത്തി.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ആര്യയ്ക്ക് ആശംസ അറിയിച്ചത്. തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കൾ അവരുടേതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാൻ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. 'ഇതാണ് അവിശ്വസനീയമായ ഇന്ത്യ' വാർത്ത പങ്കുവച്ച് അദാനി കുറിച്ചു.

ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമൽ ഹാസനും രം​ഗത്തെത്തിയിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം. അമ്മ ശക്തിയിൽ തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമൽ ട്വിറ്ററിൽ കുറിച്ചു. നേരത്തെ മോഹൻലാൽ ആര്യയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവന്മുഗൾ വാർഡിൽ നിന്നുമാണ്‌ ആര്യ വിജയിച്ചത്‌. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്‌. ബിഎസ്‌സി രണ്ടാം വർഷഗണിത വിദ്യാർത്ഥിനിയാണ്‌ ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌.മേയർ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്‌ ആര്യ.

ആൾ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാർത്ഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.