- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടതെല്ലാം പൊന്നാക്കി ഗൗതം അദാനിയുടെ കുതിപ്പു തുടരുന്നു; ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ നാലാമതായി അദാനി; ബിൽ ഗേറ്റ്സ് 20 ബില്ല്യൺ ഡോളർ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെച്ചതോടെ ഇന്ത്യൻ കോടീശ്വരൻ മുന്നിലേക്ക്; മുകേഷ് അംബാനിയെയും പിന്തള്ളി കുതിപ്പ്
ന്യൂഡൽഹി: ഫോബ്സ് മാസികയുടെ പുതുക്കിയ അതിസമ്പന്നരുടെ പട്ടികയിൽ നാലാമതായി ഗൗതം അദാനി. മൈക്രോ സോഫ്റ്റ് സ്ഥാപപകൻ ബിൽ ഗേറ്റ്സ് തന്റെ സ്വത്തിൽനിന്നു 20 ബില്ല്യൺ ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ നേതൃത്വത്തിലുള്ള ബിൽ ആൻഡ് മിലിൺഡ ഗേറ്റ്സ് ഫൗണ്ടേഷനായി മാറ്റിവച്ചതോടെയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനിയുടെ സ്ഥാപകനും ചെയർമാനുമാനുമായ ഗൗതം അദാനി നാലാം സ്ഥാനത്തേക്കു എത്തിയത്.
തന്റെ സമ്പത്ത് മുഴുവനായും തന്നെ ബിൽ ആൻഡ് മിലിൺഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ബിൽഗേറ്റ്സിന്റെയും മുൻ ഭാര്യ മിലിൺഡയുടെയും പേരിലുള്ളതാണ് ഈ ഫൗണ്ടേഷൻ. താൻ സമൂഹത്തിനായി ചെയ്യുന്നത് ഒരു ത്യാഗമല്ലെന്നും തന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും വിശ്വസിക്കുന്നതായും ഗേറ്റ്സ് വ്യക്തമാക്കിയുരുന്നു. ഫോബ്സിന്റെ പുതിയ കണക്കുകൾ പ്രകാരം ബിൽ ഗേറ്റ്സിന് 102 ബില്ല്യൺ യു.എസ് ഡോളർ ആസ്ഥിയാണ് ഇനി അവശേഷിക്കുക.
ഫോബ്സിന്റെ കണക്കുകൾ പ്രകാരം ഗൗതം അദാനിക്ക് 114 ബില്ല്യൺ യു.എസ് ഡോളറിന്റെ ആസ്ഥിയാണുള്ളത്. ഇതുവരെയും ഏഷ്യയിലെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തേയും ശതകോടീശ്വരനായിരുന്നു ഗൗതം അദാനി. 2021 2022 കാലത്ത് 50 കോടിയിൽനിന്ന് 90 ബില്ല്യൺ ഡോളറായി ഗൗതം അദാനിയുടെ സമ്പത്ത്് ഉയർന്നിരുന്നു. 2022 ജൂലൈ 19ന്റെ കണക്കു പ്രകാരം ഏഴു പബ്ലിക് ലിസ്റ്റഡ് കമ്പനികളിലായി 197.49 ബില്ല്യൺ ആസ്ഥിയാണ് അദാനി ഗ്രൂപ്പിന് മൊത്തമായുള്ളത്. തുറമുഖം, ഊർജ്ജം, ഖനനം, പ്രകൃതിവാതകം, പ്രതിരോധ രംഗം, വിമാനത്താവളം, ലോജിസ്റ്റിക്സ് തുടങ്ങിയവയിലാണ് അദാനി ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അറുപതുകാരനായ ഗൗതം അദാനി ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമതായിരുന്ന റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാനും എം.ഡിയുമായ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ഗൗതം അദാനി തന്റെ സ്വത്തിൽനിന്ന് 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് തുക നൽകുകയെന്നും ഗൗതം അദാനി വെളിപ്പെടുത്തിയിരുന്നു.
ജൂൺ 23ന് തന്റെ 60ാം ജന്മ ദിനത്തിന്റെ ഭാഗമായായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സംഭാവന ആയിരിക്കും ഇതെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർക്ക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, വാറൻ ബഫെറ്റ്, തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകിയത്.
മറുനാടന് ഡെസ്ക്