- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സമയവും പരാമർശവും തെറ്റായിപ്പോയി; അവതാരകൻ എന്നോട് ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു; വോണിനെ താരതമ്യം ചെയാനോ വിലയിരുത്താനോ ഉചിതമായ സമയം ഇതായിരുന്നില്ല'; വിവാദ പരാമർശത്തിൽ ഖേദവുമായി ഗാവസ്‌കർ
മുംബൈ: അന്തരിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ നായകനും കമന്റേറ്ററുമായ സുനിൽ ഗാവസ്‌കർ. വോൺ അന്തരിച്ചതിനു പിന്നാലെ, 'ഏറ്റവും മികച്ച സ്പിന്നറായി അദ്ദേഹത്തെ വിശേഷിപ്പിക്കാൻ കഴിയില്ലെ'ന്ന ഗാവസ്‌കറിന്റെ പരാമർശത്തിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് നിലപാട് വിശദീകരിച്ചും ഖേദം പ്രകടിപ്പിച്ചും ഗാവസ്‌കർ രംഗത്തെത്തിയത്. വോണിനെക്കുറിച്ച് നടത്തിയ പരാമർശം അനുചിതമായ സമയത്തായിരുന്നുവെന്ന് ഗാവസ്‌കർ ഏറ്റുപറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് തന്റെ പരാമർശത്തിലുള്ള ഖേദം പ്രകടിപ്പിക്കുന്നത്. ഒരിക്കലും അവതാരകൻ ആ ചോദ്യം ചോദിക്കരുതായിരുന്നുവെന്നും, താൻ ആ ചോദ്യത്തോട് പ്രതികരിക്കരുതെന്നുമായിരുന്നു ഗാവസ്‌കർ പറയുന്നത്.
'അവതാരകൻ ഒരിക്കലും ആ ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു. ഞാൻ അതിന് ഉത്തരം പറയുകയും ചെയ്യരുതായിരുന്നു. അത് താരതമ്യം ചെയ്യാനോ വിലയിരുത്തലുകൾ നടത്താനോ പറ്റിയ സമയമായിരുന്നില്ല,' ഗാവസ്‌കർ പറഞ്ഞു.
'തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്ത് അത്തരമൊരു ചോദ്യം ചോദിക്കുകയോ ഞാൻ അതിന് ഉത്തരം നൽകുകയോ ചെയ്യരുതായിരുന്നുവെന്ന് മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ കരിയർ വിലയിരുത്തുവാനോ താരതമ്യം ചെയ്യാനോ ഉള്ള സമയമായിരുന്നില്ല അത്' ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഗാവസ്‌കർ വ്യക്തമാക്കി.
'ക്രിക്കറ്റ് ലോകം കണ്ട മഹാന്മാരായ താരങ്ങളിൽ ഒരാൾ തന്നെയാണ് ഷെയ്ൻ വോൺ. റോഡ്‌നി മാർഷും ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്നു. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി നേരുന്നു' ഗാവസ്‌കർ വ്യക്തമാക്കി.
അവതാരകൻ ചോദിച്ച ചോദ്യത്തിന് തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും ആരെയും വിലകുറച്ചു കാണാൻ ശ്രമിച്ചിട്ടില്ലെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു. തന്നെ സംബന്ധിച്ച് വോൺ ലോകത്തിലെ ഏറ്റഴും വലിയ സ്പിന്നർ അല്ലായെന്നും ഇന്ത്യൻ ബൗളേഴ്സും മുത്തയ്യ മുരളീധരനും വോണിനെക്കാൾ മികച്ച സ്പിൻ ബൗളേഴ്സുമാണെന്നായിരുന്നു ഗാവസ്‌കർ പറഞ്ഞത്.
ഷെയ്ൻ വോണുമായി ബന്ധപ്പെട്ട് ഒരു ചോദ്യമുയർന്നപ്പോൾ, ആത്മാർഥമായും സത്യസന്ധമായും ഉത്തരം നൽകുകയാണ് ചെയ്തതെന്നും ഗാവസ്‌കർ വിശദീകരിച്ചു. ഷെയ്ൻ വോണിൽനിന്ന് ചില മാന്ത്രിക പന്തുകൾ പിറക്കുകയും ബാറ്റർമാരെ വീഴ്‌ത്തുന്നതിൽ അദ്ദേഹം പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും എക്കാലത്തേയും മികച്ച സ്പിന്നർ എന്ന് അദ്ദേഹത്തെ വിളിക്കാനാകില്ലെന്നായിരുന്നു ഗാവസ്‌കറിന്റെ നിലപാട്. ഇന്ത്യയ്‌ക്കെതിരെ വോണിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാവസ്‌കർ തന്റെ നിലപാട് സാധൂകരിച്ചത്.
'ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഷെയ്ൻ വോണാണെന്ന് ഞാൻ പറയില്ല. എന്നെ സംബന്ധിച്ച് ഇന്ത്യൻ സ്പിന്നർമാരും മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനേക്കാൾ മികച്ച സ്പിന്നർമാരായിരുന്നു. കാരണം, ഇന്ത്യയ്ക്കെതിരെ ഷെയ്ൻ വോണിന്റെ പ്രകടനം നോക്കൂ. സാധാരണ പ്രകടനം മാത്രമാണത്.
ഇന്ത്യയിൽവച്ച് ഒരിക്കൽ മാത്രമാണ് വോണിന് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനായത്. അതും സഹീർ ഖാന്റെ പിഴവുകൊണ്ട് സംഭവിച്ചതായിരുന്നു. സ്പിന്നർമാരെ നേരിടുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്ന ഇന്ത്യൻ ബാറ്റർമാർക്കെതിരായ പ്രകടനം കണക്കിലെടുക്കുമ്പോൾ, ഏറ്റവും മികച്ച സ്പിന്നറെന്ന് വോണിനെ വിളിക്കാനാകില്ല. ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോർഡുള്ള മുരളീധരനാണ് വോണിനേക്കാൾ ഭേദം' ഇതായിരുന്നു ഗാവസ്‌കറിന്റെ പരാമർശം.
'വോണാണ് എക്കാലത്തേയും മികച്ച സ്പിന്നർ എന്ന് ഞാൻ ഒരിക്കലും പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സ്പിന്നേഴ്‌സും മുത്തയ്യ മുരളീധരനുമാണ് വോണിനെക്കാളും ഏറ്റവും മികച്ച സ്പിൻ ബൗളേഴ്‌സ്.
ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡ് പോലുമില്ലാത്ത ഓർഡിനറി ബൗളറാണ് വോൺ. നാഗ്പൂരിൽ വെച്ച് അഞ്ച് വിക്കറ്റ് നേട്ടം ഒരിക്കൽ മാത്രമാണ് നേടാനായിട്ടുള്ളത്. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനങ്ങളൊന്നും തന്നെ വോണിന്റെ പേരിലില്ല. ഞാൻ മുത്തയ്യ മുരളീധരനെയാണ് വോണിനേക്കാളും മുകളിൽ റാങ്ക് ചെയ്യുന്നത്,' എന്നായിരുന്നു ഗാവസ്‌കർ പറഞ്ഞത്.
എന്നാൽ ഗാവസ്‌കറിന്റെ ഈ പരാമർശത്തിന് പിന്നാലെ നിരവധി ആരാധകർ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു അവർ ഗവാസ്‌കറിനുള്ള മറുപടി നൽകിയത്. ഗാവസ്‌കർ ഇന്ത്യൻ ക്രിക്കറ്റിന് അപമാനമാണെന്നും, ഈയൊരു സാഹചര്യത്തിൽ ഗാവസ്‌കറിന്റെ പരാമർശം ഉചിതമായില്ലെന്നുമുള്ള തരത്തിലാണ് ആരാധകർ ട്വീറ്റ് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹൃദയാഘാതം മൂലം ഓസീസ് സെൻസേഷൻ ഷെയ്ൻ വോൺ അന്തരിച്ചത്. തായ്ലാഡിലെ കോ സാമുയിയിലെ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായ വോൺ, 1992ലാണ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ് ഷെയ്ൻ വോൺ. 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകളായിരുന്നു വോൺ നേടിയത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.
ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്നായി ആയിരത്തിലധികം വിക്കറ്റുകളാണ് വോൺ നേടിയത്. മുത്തയ്യ മുരളീധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററാണ് വോൺ. 2008ലെ പ്രഥമ ഐ.പി.എൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസ് കിരീടം ചൂടിയതും ക്യാപ്റ്റൻ കം കോച്ചായ ഷെയ്ൻ വോണിന്റെ നേതൃത്വത്തിലായിരുന്നു.




