കൊല്ലം: പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ വിവാദ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനമാണ് കാർബൺ ന്യൂട്രൽ പദ്ധതി എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കുന്നത്. ഇതുസംബന്ധിച്ച ശുപാർശ വനംവകുപ്പിനു മുമ്പാകെ എത്തിയിട്ടുണ്ട്. മാതൃഭൂമിയിൽ രതീഷ് രവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നെതർലൻഡ്‌സ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ആംഗ്ലോ-ഡച്ച് എണ്ണ-വാതക കമ്പനിയാണ് പിന്നിലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലും വ്യക്തമായി. അമേരിക്കൻ ഏജൻസിയാണ് ഇതിന് പിന്നിലെ ഇടനിലക്കാരൻ. കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കി. വർഷംതോറും കമ്പനി നൽകാമെന്നേറ്റ തുകയിലും കുറവുവരുത്തിയതായി സൂചനയുണ്ട്.

തയ്യാറാകുന്ന കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇന്ത്യൻ വന നിയമം, വന്യജീവിസംരക്ഷണ നിയമം, പരിസ്ഥിതിസംരക്ഷണ നിയമം, ജൈവവൈവിധ്യസംരക്ഷണ നിയമം എന്നിവയെല്ലാം ഇതോടെ അപ്രസക്തമാകും. ബ്രിട്ടീഷ് കോടതിയിലാകും കേസുകൾ നടത്തേണ്ടതെന്നാണ് സൂചന. ഗവി അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങൾ നിലവിൽ ഭംഗിയായി കാർബൺ പരിപാലനം ചെയ്യുന്ന ആവാസവ്യവസ്ഥയാണ്. വിദേശ കമ്പനിയെ ഇവിടേക്ക് കാർബൺ പരിപാലനം എന്ന പേരിൽ കൊണ്ടുവരുന്നത് ഇന്ത്യകൂടി ഭാഗഭാക്കായ 2010-ലെ നഗോയ പ്രോട്ടോകോളിന്റെ ലക്ഷ്യങ്ങൾ തകർക്കുമെന്നും സൂചനയുണ്ട്.

പത്തു കോടിയാണ് കമ്പനി മുമ്പോട്ട് വച്ച ഓഫർ. ഇത് രണ്ടരക്കോടിയിലേക്ക് ചുരുക്കുകയായിരുന്നു. വനം വകുപ്പിൽ അടുത്ത വിരമിക്കാൻ പോകുന്ന ഉദ്യോഗസ്ഥർക്ക് ഉന്നത ജോലി അടക്കം കമ്പനി വാഗ്ദാനം ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കേരളത്തിലെ വനത്തിലേക്ക് വിദേശ കമ്പനിക്ക് ഇടപെടൽ നടത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്. ശബരിമലയുമായി അടുത്ത് നിൽക്കുന്ന വനപ്രദേശമാണ് ഗവി. അതീവ സുരക്ഷ വേണ്ട സാഹചര്യം. തമിഴ് പുലികളുടെ അടക്കം സാന്നിധ്യം ഈ മേഖലയിൽ ഉണ്ടെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ടാണ് ഈ ഇടപെടൽ വിവാദമാകുന്നത്.

പെരിയാർ വന്യജീവി സങ്കേതത്തിലാണ് ഗവി. ശബരിമല വിശ്വാസത്തിന്റെ ഭാഗമായ പൊന്നമ്പലമേട് ഗവിക്ക് ഏറെ അടുത്താണ്. ആരേയും കയറ്റി വിടാത്ത വനമേഖലയാണ് ഇത്. തീർത്ഥാടന കാലത്ത് ഈ ഭാഗത്ത് നിന്ന് വെള്ളൊഴുകിയെത്തുന്ന അരുവികൾക്ക് പോലും സുരക്ഷ ഏർപ്പെടുത്താറുണ്ട്. അത്തരമൊരു പ്രദേശത്താണ് വിദേശ കമ്പനിയുടെ നിയന്ത്രണം വരാൻ പോകുന്നത്.

വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തി. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദർശിച്ചു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ അനുമതി വാങ്ങിയില്ലെന്നാണ് റിപ്പോർട്ട്.

വിദേശ കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാഫണ്ട് സ്വീകരിച്ച് ജൈവവൈവിധ്യ കലവറയായ ഗവിയിലെ ഭൂമി കൈമാറുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകാം. അതീവ പരിസ്ഥിതിപ്രാധാന്യമുള്ള (ബയോഡൈവേഴ്‌സിറ്റി ഹോട്ട് സ്‌പോട്ട്) പശ്ചിമഘട്ടമേഖലയിൽ വിദേശ കമ്പനി ജൈവവൈവിധ്യം സംബന്ധിച്ച ഗവേഷണം നടത്താനും അത് ചൂഷണം ചെയ്യാനും സാധ്യതയുണ്ട്.

വിഭാവനം ചെയ്തിരിക്കുന്ന കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇന്ത്യൻ വന നിയമം, വന്യജീവിസംരക്ഷണ നിയമം, പരിസ്ഥിതിസംരക്ഷണ നിയമം, ജൈവവൈവിധ്യസംരക്ഷണ നിയമം എന്നിവയെല്ലാം നോക്കുകുത്തിയാകുമെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഗവി അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങൾ നിലവിൽ ഭംഗിയായി കാർബൺ പരിപാലനം ചെയ്യുന്ന ആവാസവ്യവസ്ഥയാണ്. വിദേശ കമ്പനിയെ ഇവിടേക്ക് കാർബൺ പരിപാലനം എന്ന പേരിൽ കൊണ്ടുവരുന്നത് ഇന്ത്യകൂടി ഭാഗഭാക്കായ 2010-ലെ നഗോയ പ്രോട്ടോകോളിന്റെ ലക്ഷ്യങ്ങൾക്കു കടകവിരുദ്ധമാണെന്ന് വിമർശമുയർന്നിട്ടുണ്ട്.