- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിഘോഷിച്ച ഗവി പാക്കേജിന്റെ നിരക്ക് സ്വകാര്യടൂർ ഓപ്പറേറ്റർമാരെക്കാൾ കൂടുതൽ; സഞ്ചാരം മാത്രം വിനോദമില്ല! ഓർഡിനറി സിനിമ വേറേ, ഗവി വേറേ: സർക്കാരിന്റെ പകൽക്കൊള്ള ഇങ്ങനെ
ഗവി: വിനോദ സഞ്ചാരമെന്ന പേരിൽ സർക്കാർ നടപ്പാക്കിയ ഗവി ടൂർ പാക്കേജിലുള്ളത് സഞ്ചാരം മാത്രം; വിനോദം ഒട്ടുമില്ല. സഞ്ചരിച്ച് തളർന്നുചെല്ലുന്നവരെ കാത്തിരിക്കുന്നത് ഏതാനും മൊട്ടക്കുന്നുകൾ മാത്രം. ഇത്രയും കഷ്ടപ്പാട് സഹിച്ച് ഗവിയിലേക്ക് പോകാൻ സർക്കാരിന്റെ ടൂർ പാക്കേജ് ഉപയോഗിച്ചാലോ പോക്കറ്റ് കാലിയാകുമെന്നതു മിച്ചം. ഗവി വിനോദസഞ്ചാര പാക
ഗവി: വിനോദ സഞ്ചാരമെന്ന പേരിൽ സർക്കാർ നടപ്പാക്കിയ ഗവി ടൂർ പാക്കേജിലുള്ളത് സഞ്ചാരം മാത്രം; വിനോദം ഒട്ടുമില്ല. സഞ്ചരിച്ച് തളർന്നുചെല്ലുന്നവരെ കാത്തിരിക്കുന്നത് ഏതാനും മൊട്ടക്കുന്നുകൾ മാത്രം. ഇത്രയും കഷ്ടപ്പാട് സഹിച്ച് ഗവിയിലേക്ക് പോകാൻ സർക്കാരിന്റെ ടൂർ പാക്കേജ് ഉപയോഗിച്ചാലോ പോക്കറ്റ് കാലിയാകുമെന്നതു മിച്ചം. ഗവി വിനോദസഞ്ചാര പാക്കേജിന്റെ പേരിൽ സഞ്ചാരികളെ സർക്കാർ കൊള്ളയടിക്കുകയാണ്.
തകർന്നു തരിപ്പണമായ റോഡും വിരസമായ സഞ്ചാരവും. ഇതിനൊക്കെ പുറമേ കഴുത്തറുപ്പൻ നിരക്കുമായി സർക്കാരിന്റെ ഗവി ടൂറിസം പാക്കേജ് സഞ്ചാരികളുടെ നടുവൊടിക്കുന്നു. പത്തനംതിട്ട ജില്ലയിലെ മൂന്നു ഇക്കോ ടൂറിസം സെന്ററുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗവി ടൂറിസം പാക്കേജ് കഴിഞ്ഞ ഒക്‌ടോബർ മുതലാണ് നിലവിൽ വന്നത്. കോന്നി ആനക്കൂട്, അടവി കുട്ടവഞ്ചിയാത്ര, ഗവി എന്നിവ ഉൾക്കൊള്ളിച്ചുള്ള പാക്കേജിൽ എ.സി. വാഹനത്തിലാണെങ്കിൽ ആളൊന്നിന് ഭക്ഷണം സഹിതം 1600 രൂപയും നോൺ എ.സിക്ക് ആളൊന്നിന് 1300 രൂപയുമാണ് നിരക്ക്. ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ഭരണകൂടവും വനംവകുപ്പും ചേർന്നൊരുക്കിയിരിക്കുന്ന ഈ പാക്കേജ് സഞ്ചാരികളെ കൊള്ളയടിക്കുന്നതാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
രണ്ടിടത്തുനിന്നുമാണ് ടൂർ പാക്കേജ് ആരംഭിക്കുന്നത്. പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസ് പരിസരം, കോന്നി ആനക്കൂട് എന്നിവിടങ്ങളിൽനിന്നും രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി എട്ടിന് വള്ളക്കടവ്, വണ്ടിപ്പെരിയാർ, മുണ്ടക്കയം, എരുമേലി, റാന്നി വഴി പുറപ്പെട്ട സ്ഥലത്തു തന്നെ തിരികെയെത്തും.
ഇതിനിടയിൽ ആനക്കൂടും കൂട്ടവഞ്ചിയാത്രയും ഒരുക്കുമെന്നാണ് പറയുന്നത്. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് പരിപാടിക്ക് രൂപം നൽകിയവർക്കു പോലും അറിയില്ല. നടുവൊടിക്കുന്ന റോഡാണ് ഗവിയിലേക്കുള്ളത്. പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്ക് എത്തണമെങ്കിൽ നൂറുകിലോമീറ്റർ സഞ്ചരിക്കണം. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാറ്റിൽ എത്തണമെങ്കിൽ 35 കി.മീറ്റർ പോകണം. കോന്നി ആനക്കൂട് ഒന്നു വെറുതേ ചുറ്റിക്കറങ്ങി കാണണമെങ്കിൽ ഒരു മണിക്കൂർ വേണം, പിന്നെ തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചിയാത്ര. കോന്നിയിൽ നിന്ന് അടവിയിലെത്താൻ അരമണിക്കൂർ. കുട്ടവഞ്ചിയാത്രയെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഗവി പാക്കേജിൽ ഉള്ളവർക്ക് വഞ്ചിയിൽ കയറാനൊന്നും കഴിയില്ല. കരയ്ക്ക് നിന്ന് വഞ്ചി കണ്ടു സംതൃപ്തി നേടാം. ഇനി അതിലൊന്ന് കയറണമെങ്കിൽ തലയൊന്നിന് രൂപ 400 വീതം നൽകണം. കുറഞ്ഞ ദൂരമാണെങ്കിൽ 200 കൊടുക്കണം. ദൂരം കൂടിയാലും കുറഞ്ഞാലും കുട്ടവഞ്ചിയിൽ ഒന്നു കറങ്ങണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണം. ഫലത്തിൽ ആറരയ്ക്ക് പുറപ്പെട്ടാലും ആനക്കൂടും അടവിയും സന്ദർശിച്ചു കഴിയുമ്പോഴേക്കും മണി പത്താകും.
അവിടെ നിന്ന് പുറപ്പെട്ടാൽ പിന്നെ ചിറ്റാർ-അച്ചൻകോവിൽ മലയോര ഹൈവേയുടെ ഭാഗമായ നീലിപിലാവ് റോഡിലൂടെയാണ് പോകേണ്ടത്. നിർമ്മാണത്തിലിരിക്കുന്ന ഈ റോഡിലേക്ക് വാഹനം കയറുമ്പോൾ തന്നെ നടുവിന്റെ നട്ടും ബോൾട്ടും ഇളകിത്തുടങ്ങും.
ഗവിയിലേക്കുള്ള കുഴികൾ ഇവിടെ നിന്ന് തുടങ്ങും. ആടിക്കുലുങ്ങി കൊച്ചാണ്ടി ചെക് പോസ്റ്റിൽ ചെന്നുകഴിഞ്ഞാൽ പിന്നെ കുറേ ദൂരത്തേക്ക് കുഴികൾ മാത്രമേയുള്ളൂ. ഇനിയാണ് യഥാർഥ നരകയാത്ര തുടങ്ങുന്നത്. മൂഴിയാർ പവർഹൗസിന് വശത്തുകൂടിയുള്ള ഗവി റോഡിൽ (അതിനെ റോഡെന്ന് വിളിക്കാമെങ്കിൽ) പൊളിയാൻ ഇനിയൊന്നും ബാക്കിയില്ല. ഇതൊരു ടാർ റോഡാണ് എന്ന് ഓർമിപ്പിക്കും വിധം ഇടയ്ക്കിടെ മെറ്റിൽ ഒലിച്ചിറങ്ങി കിടക്കുന്നതു കാണാം. വൻകുഴികളിൽ കാട്ടാറു പോലെ വെള്ളംകെട്ടിക്കിടക്കുന്നു. വാഹനം എ.സി യാണെങ്കിലും അല്ലെങ്കിലും ഈ കുഴിയിൽ വീണാൽ സഞ്ചാരികളുടെ മനം കുളിർക്കില്ലെന്ന് മാത്രമല്ല, ശരീരം നന്നായൊന്ന് ഇളകുകയും ചെയ്യും. വനത്തിന് നടുവിലൂടെയാണ് റോഡെങ്കിലും ഇതിന്റെ ഉടമസ്ഥാവകാശം പൊതുമരാമത്തിന്റെയാണ്. നിർമ്മിച്ചതിന് ശേഷം ഇത് റീ ടാർ ചെയ്തിട്ടുമില്ല. പി.കെ.വി റോഡെന്ന് അറിയപ്പെടുന്ന ഈ പാതയുടെ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ എട്ടുകോടി രൂപയെങ്കിലും വേണം. ഇതിനായി എട്ടു കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടം തയാറാക്കി കേന്ദ്രസർക്കാരിന് നൽകാനിരിക്കുകയാണ്.
നിലവിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കേരളാ വനം വികസനവകുപ്പ് ട്രെക്കിങ് അടക്കമുള്ള പാക്കേജ് ഗവിയിൽ നൽകിയിട്ടുണ്ട്. സർക്കാരിന്റെ പാക്കേജിൽ ഇതു കൂടി ലയിപ്പിക്കുമെന്നാണ് പറയുന്നത്. അതേസമയം, ഗവിയിലെ മൊട്ടക്കുന്നുകളിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നത് തടഞ്ഞിട്ടുമുണ്ട്. നടുവൊടിക്കുന്ന റോഡിലൂടെ 100 കി.മീറ്റർ യാത്ര ചെയ്‌തെത്തുന്ന സഞ്ചാരികൾക്ക് ഗവിയിലെത്തിയാൽ പിന്നെ ഒന്നിനും കഴിയില്ലെന്നതാണ് സത്യം. രാവിലെ ആറു മണിക്ക് പുറപ്പെട്ടാലും ഗവിയിലെത്തുമ്പോൾ വൈകിട്ട് അഞ്ചുമണിയോടടുക്കും. അപ്പോഴേക്കും നേരമിരുട്ടും. പിന്നെ ബോട്ടിംഗിനും ട്രെക്കിംഗിനുമൊന്നും സമയമില്ലെന്നതാണ് വാസ്തവം.
ഓർഡിനറി സിനിമയിലൂടെയാണ് ഗവിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം വർധിച്ചത്. സിനിമയിൽ കാണിച്ച മനോഹരമായ സ്ഥലങ്ങൾ എല്ലാം ഗവിയുടെ ഭാഗമാണെന്ന് കരുതിയാണ് സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടായത്. എന്നാൽ സിനിമയിൽ ക്ലൈമാക്‌സിലെ ഒരു സീനിൽ മാത്രമാണ് ഗവിയുണ്ടായിരുന്നത്. ഇക്കാര്യമറിയാതെ എത്തുന്നവർ നിരാശരായിട്ടാണ് ഏറെക്കുറെ ഗവിയിൽനിന്നു മടങ്ങുന്നത്. മണിക്കൂറുകൾ നീളുന്ന ഗവിയാത്രയിൽ മറ്റു മനോഹര കാഴ്ചകൾ ഒന്നും തന്നെയില്ല. കക്കി, ആനത്തോട്, കൊച്ചുപമ്പ എന്നീ ഡാമുകൾ മാത്രമാണ് അൽപമെങ്കിലും ആശ്വാസം പകരുന്നത്. ഗവിയാത്ര വിരസമാണെന്നതും പ്രത്യേകിച്ച് മനോഹാരിതയൊന്നുമില്ലെന്നുമുള്ള സത്യം മറച്ചു വച്ചാണ് സർക്കാർ ചെലവിൽ കൊള്ളയടിക്ക് നീക്കം നടക്കുന്നത്. ഒരു സാധാരണക്കാരന് ഗവി വരെ പോകുന്നതിനാണ് 1600/1300 രൂപ വീതം ഈടാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഗവി-കുമളി സർവീസിൽ കയറിയാൽ 90 രൂപയ്ക്ക് ഗവിയിൽ ഇറങ്ങാം. ഒരു ഭക്ഷണപ്പൊതി കൂടി കരുതിയാൽ സംഗതി കുശാൽ. പ്രധാനപ്പെട്ട പോയിന്റുകളിലൊക്കെ സഞ്ചാരികൾ ആവശ്യപ്പെട്ടാൽ ബസ് നിർത്തി ഫോട്ടോയെടുക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യും. വെറുതേ കാട്ടിലൂടെ കറങ്ങുന്നതിന് സഞ്ചാരികളെ കൊള്ളയടിക്കുകയാണ് സർക്കാരെന്നാണ് പരാതി.
വനപാലകർ പറയുന്നത് ഗവി റൂട്ടിൽ നിറയെ കാട്ടുമൃഗങ്ങളെ കാണാൻ സാധിക്കുമെന്നാണ്. പക്ഷേ, അതിന് വാഹനങ്ങൾക്കും സഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തണം. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന സമയത്ത് കാനനപാതയ്ക്ക് അരികിൽ മാൻ, മുയൽ, മലയണ്ണാൻ, കാട്ടുപോത്ത്, കേഴ, ആന തുടങ്ങിയ മൃഗങ്ങളെ കാണാം. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വല്ലപ്പോഴും മാത്രം കാനനപാത തുറന്നു കൊടുത്താൽ മൃഗങ്ങളെ കണ്ടെങ്കിലും സഞ്ചാരികൾക്ക് നിർവൃതിയടയാമെന്നാണ് അവരുടെ പക്ഷം.