തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. സുഹൃത്ത് പ്രവീൺ കരുതിക്കൂട്ടിത്തന്നെയാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഗായത്രിയെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഈ സാഹചര്യത്തിൽ പ്രവീണിന്റെ ഭാര്യയെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗായത്രിയെ ഒഴിവാക്കാൻ ഭാര്യയുടെ പ്രേരണയുണ്ടായിരുന്നോ എന്നാണ് സംശയം. പ്രവീൺ കൊല ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് പ്രവീണിന്റെ ഭാര്യ പറഞ്ഞിരുന്നു. ഇത്രയേറെ പ്രത്യക്ഷ തെളിവുകള്ള കേസിൽ പ്രവീണിനെ പരസ്യമായി ഭാര്യ ന്യായീകരിക്കുന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം ബസിൽ പരവൂരിലേക്കു മടങ്ങിയ പ്രവീൺ, രാത്രി 12.30-ഓടെയാണ് ഹോട്ടലിൽ വിളിച്ച് ഗായത്രി മരിച്ചുകിടക്കുന്ന കാര്യം അറിയിച്ചത്. ഇതിനിടെ ഭാര്യയേയും ഇയാൾ കണ്ടുവെന്നാണ് സൂചന. ഇതാണ് ഭാര്യയുടെ പങ്കിലേക്ക് സംശയം നീളുന്നത്. രക്ഷപ്പെടാനാവില്ലെന്നു കണ്ടതോടെ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം കീഴടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് പിടിയിലായത്. പിന്നീട് കുറ്റസമ്മതവും നടത്തി. ഭാര്യയെ പിരിയാൻ പറ്റാത്തതു കൊണ്ടാണ് ഇയാൾ ഇതു ചെയ്തുവെന്നാണ് സൂചന.

ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് ഗായത്രിയെ കൊല ചെയ്തതിന് തൊട്ട് പിന്നാലെ പ്രവീൺ യുവതിയുടെ ഫോൺ കൈക്കലാക്കിയിരുന്നു .തുടർന്ന് രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ വാട്‌സാപ്പിൽ സ്റ്റാറ്റസാക്കി ഇടുകയായിരുന്നു. ഇത് പൊലീസിനെ വഴി തെറ്റിക്കാൻ പ്രവീൺ ചെയ്തതായിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് വഴക്കുണ്ടായെന്നും തുടർന്ന് ഗായത്രി ആത്മഹത്യ ചെയ്തു എന്ന് വരുത്താനുമായിരുന്നു ശ്രമം.

ശനിയാഴ്ച രാവിലെ തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം, കാട്ടാക്കടയിൽ പോയാണ് ഇരുചക്രവാഹനത്തിൽ ഗായത്രിയെ കൂട്ടിക്കൊണ്ടുവന്നത്. തമിഴ്‌നാട് തിരുവണ്ണാമലയിലെ ജൂവലറിയിലേക്കു സ്ഥലംമാറി പോകുന്നതിനു മുൻപ് പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാണ് വിളിച്ചുവരുത്തിയതെന്നാണ് പ്രവീൺ പറയുന്നത്. എന്നാൽ, തന്നെയും ഒപ്പം കൊണ്ടുപോകണമെന്ന് ഗായത്രി നിർബന്ധംപിടിക്കുകയായിരുന്നു. ഭാര്യയുമായി വീണ്ടും അടുക്കാൻ ശ്രമം നടത്തിവന്ന പ്രവീൺ അതിനു തയ്യാറായില്ല.

തുടർന്ന് ഗായത്രി ആത്മഹത്യാശ്രമം നടത്തിയതായും ഇയാളുടെ മൊഴിയിലുണ്ട്. വിവാഹചിത്രം ഉൾപ്പെടെയുള്ളവ വാട്‌സാപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് കൊലപ്പെടുത്തിയെന്നുമാണ് പ്രവീണിന്റെ മൊഴി. ഗായത്രിയെ തന്ത്രത്തിൽ വിഷം കൊടുക്കാൻ പ്രവീൺ ശ്രമിച്ചോവെന്നും സൂചയുണ്ട്. ഒപ്പം ജീവിക്കാൻ ഗായത്രി നിർബന്ധംപിടിക്കുകയാണെങ്കിൽ കൊലപ്പെടുത്താനും തുടർന്ന് ആത്മഹത്യയാക്കി മാറ്റാനുമാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതിന് പിന്നിൽ ഭാര്യയുടെ പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അഞ്ചരയ്ക്ക് ഹോട്ടൽമുറി പൂട്ടി പോയ പ്രവീൺ, ഗായത്രിയുടെ ഫോണും എടുത്തിരുന്നു. ഗായത്രിയുടെ ഫോണിൽ നിന്നുതന്നെ അവരുടെ ഫേസ്‌ബുക്കിൽ കയറി വാട്‌സാപ്പ് സ്റ്റാറ്റസിൽ പങ്കുവച്ച ഫോട്ടോകൾ രാത്രി ഏഴുമണിയോടെ 'ലവ് യു' എന്ന തലക്കെട്ടോടെ പ്രവീൺ ഫേസ്‌ബുക്കിൽ പങ്കുവച്ചു. താനുമായി പിണങ്ങി ഗായത്രി ആത്മഹത്യചെയ്തുവെന്ന് വരുത്താനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. പ്രവീണിന്റെ ഭാര്യയെയും തമ്പാനൂർ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇനി വിശദമായി വീണ്ടും അവരെ ചോദ്യം ചെയ്യും.

കൊലയ്ക്ക് ശേഷം ബന്ധുക്കൾ ഗായത്രിയുടെ ഫോണിൽ വിളിച്ചപ്പോൾ ഇയാളാണ് സംസാരിച്ചത്. അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെ ഗായത്രിയുടെ ഒരു ബന്ധു വിളിച്ചപ്പോൾ, ഗായത്രിയെ കല്യാണംകഴിച്ച ആളാണെന്നും ഫോൺ കൊടുക്കാനാവില്ലെന്നുമാണ് പ്രവീൺ പറഞ്ഞത്. തുടർന്ന് ഒരുമിച്ചു ജോലിചെയ്ത ആളാണെന്നും കൊല്ലത്താണ് വീടെന്നും പ്രവീൺ പറഞ്ഞു.

ഗായത്രിയുടെ കൊലപാതകത്തിനു ശേഷമാണ് മൊബൈൽ ഫോണിലേക്ക് സഹോദരി ജയശ്രീയുടെ കോൾ വരുന്നത്. ഗായത്രി തന്റെയൊപ്പമുണ്ടെന്നും ഇനിയാരും അവളെ അന്വേഷിക്കരുതെന്നും പറഞ്ഞ് സഹോദരിയെ പ്രവീൺ ഭീഷണിപ്പെടുത്തി. തുടർന്നാണ് ഇവർ കാട്ടാക്കട പൊലീസിൽ പരാതി നൽകിയിത്.

പരവൂർ പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പായി പ്രവീൺ കൊല്ലത്തെ ഒരു അഭിഭാഷകന്റെ സഹായം തേടിയതായും സൂചനയുണ്ട്.തലസ്ഥാനത്തെ ജോയ് ആലുക്കാസ് ജുവലറിയിൽ ജീവനക്കാരായിരുന്ന ഗായത്രിയും പ്രവീണും രണ്ട് വർഷം മുൻപാണ് അടുപ്പത്തിലായത്. വിവാഹിതനായിരുന്നെങ്കിലും അത് മറച്ചു വച്ചാണ് ഇയാൾ ഗായത്രിയെ വശത്താക്കിയത്. എന്നാൽ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീൺ വാക്ക് നൽകിയിരുന്നു.