തിരുവനന്തപുരം: സൈബർ ലോകം പലപ്പോഴും ക്രൂരമാണ്. സെലിബ്രിറ്റികളുടെ കാര്യമാകുമ്പോൾ പറയുകയും വേണ്ട. ഒരിത്തിരി കിട്ടിയാൽ നൂറുമടങ്ങായി പൊലിപ്പിക്കുക എന്നത് ഇപ്പോൾ സോഷ്യൽ മീഡിയയുടെ 'അവകാശ'മായിത്തന്നെ മാറിയിരിക്കുകയാണ്. പലരെയും 'കൊല്ലുക' പോലും ചെയ്ത സൈബർ ലോകം നടിമാരുടേതെന്ന പേരിൽ അശ്ലീല വീഡിയോകളും പരമാവധി ഷെയർ ചെയ്യാറുണ്ട്.

അത്തരത്തിൽ ഒരു വലിയ പണി കിട്ടിയ താരമാണ് പരസ്പരം സീരിയലിലെ നായിക ഗായത്രി അരുൺ. തന്റെ പേരിൽ പ്രചരിച്ച വീഡിയോ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി ഗായത്രി പറഞ്ഞു. സീരിയൽ രംഗത്ത് പേരെടുത്തു വരുന്ന സമയത്താണ് ഗായത്രിക്ക് സൈബർ ലോകത്തുനിന്ന് ആദ്യ ദുരനുഭവമുണ്ടായത്. സമൂഹമാദ്ധ്യമങ്ങൾ വഴി ഗായത്രിയുടേതെന്ന പേരിൽ വാട്‌സ്ആപ് നമ്പർ പ്രചരിച്ചു.

ഇതിനു പിന്നാലെ ഗായത്രിയുടെ പേരിൽ അശ്ലീല ചിത്രങ്ങളും പരാമർശങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലും സജീവമായി. തുടർന്ന് വാട്‌സ്ആപ് വഴി അശ്ലീല വീഡിയോയും പ്രചരിച്ചു. അഞ്ചുവർഷത്തോളം പഴക്കമുള്ള വീഡിയോയാണ് തന്റെ പേരിൽ പ്രചരിച്ചതെന്ന് ഗായത്രി പറഞ്ഞു. എന്നാൽ തന്നെ അടുത്തറിയുന്നവരാരും ഇതു വിശ്വസിച്ചില്ല. കുടുംബത്തിന്റെ ശക്തമായ പിന്തുണയും തനിക്ക് ഉണ്ടായിരുന്നു. എങ്കിലും വീഡിയോ വൈറലായത് നിരവധി ബുദ്ധിമുട്ടുകൾക്കു കാരണമായി.

ഇതെക്കുറിച്ച് സൈബർ സെല്ലിൽ പരാതി നൽകി. അക്കാര്യം തന്റെ ഫേസ് ബുക്ക് വഴി പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് അശ്ലീല കമന്റുകൾക്ക് ശമനമായത്. ഗായത്രിയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈൽ സൃഷ്ടിച്ചയാളെ അന്വേഷിച്ച പൊലീസ് ഒടുവിൽ പിടികൂടിയത് വെഞ്ഞാറമൂട് സ്വദേശിയായ കൗമാരക്കാരനെയാണ്. ഈ കുട്ടിയെ അറസ്റ്റു ചെയ്തു. എന്നാൽ, അശ്ലീല വീഡിയോ അപ്‌ലോഡ്‌ചെയ്തയാൾ ആരെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. ഐപി അഡ്രസ് ചെന്നൈയിൽ ഉള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, പ്രതിയെക്കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.