ജിദ്ദ: വിട്ടുമാറാത്തതും പഴക്കം ചെന്നതുമായ രോഗങ്ങളുള്ളവർക്ക് ഇനി മുതൽ ജിസിസി രാജ്യങ്ങളിൽ പ്രവേശനമില്ല. പൂർണ ആരോഗ്യവാന്മാരായ വിദേശീയരെ മാത്രം ജോലിക്കെടുക്കാൻ തീരുമാനിച്ചതായി ജിസിസി രാഷ്ട്രങ്ങൾ. ഗൾഫ് മേഖലയിലെ ഹെൽത്ത് സർവീസിന് അധിക ഭാരം ചുമത്താതെ വിദേശ ജോലിക്കാരെ നിയമിക്കാനാണ് സൗദിയടക്കമുള്ള ജിസിസി രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

പ്രതിവർഷം റിക്രൂട്ട് ചെയ്യപ്പെടുന്ന രണ്ടു മില്യണോളം പ്രവാസി ജോലിക്കാരിൽ പത്തു ശതമാനത്തോളം പേർ പ്രമേഹം, കൂടിയ രക്തസമ്മർദം എന്നീ രോഗങ്ങൾ ഉള്ളവരാണെന്നുള്ള റിപ്പോർട്ടിനെ തുടർന്നാണ് ഈ തീരുമാനം. ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മേഖലയ്ക്ക് കൂടുതൽ സമ്മർദം ചെലുത്താതെ ഇത്തരം വിട്ടുമാറാത്ത രോഗമുള്ളവരെ അകറ്റി നിർത്താനാണ് ജിസിസി രാജ്യങ്ങൾ ഒന്നു ചേർന്ന് തീരുമാനിച്ചിട്ടുള്ളതെന്ന് ഗൾഫ് ഹെൽത്ത് മിനിസ്റ്റേഴ്‌സ് കൗൺസിൽ ഡയറക്ടർ ജനറൽ തൗഫീക് ഖോജ വ്യക്തമാക്കി.

ഇത്തരം രോഗമുള്ളവർ ഇതുവരെ ജിസിസി രാജ്യങ്ങളുടെ പൊതുആരോഗ്യത്തിന് ഭീഷണി ഉളവാക്കിയിട്ടില്ലെന്നും തൗഫീക് ഖോജ പറഞ്ഞു. അതേസമയം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്ത വിദേശത്ത് പ്രവർത്തിക്കുന്ന അംഗീകൃത മെഡിക്കൽ ടെസ്റ്റ് സെന്ററുകൾ താത്ക്കാലികമായി അടയ്ക്കുകയും മൂന്ന് എണ്ണം സ്ഥിരമായി പൂട്ടുകയും ചെയ്തുവെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് അടക്കം 18 രാജ്യങ്ങളിൽ ജിസിസി അംഗീകൃത മെഡിക്കൽ ടെസ്റ്റ് സെന്ററുകൾ തുറന്നിട്ടുണ്ട്. ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഈ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തുന്നത്.

അടുത്ത കാലത്ത് സൗദിയിലെത്തിയ തൊഴിലാളികളിൽ നടത്തിയ മെഡിക്കൽ ടെസ്റ്റിനെ തുടർന്ന് 14 പേരെ തിരിച്ചയയ്ക്കുകയായിരുന്നു. അതാത് രാജ്യങ്ങളിലുള്ള അംഗീകൃത മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ നടത്തുന്ന പരിശോധനയിലൂടെ ജിസിസി രാജ്യങ്ങളിലേക്ക് പകർച്ചവ്യാധികളുമായി തൊഴിലാളികൾ എത്തുന്നത് തടയാനാവുമെന്നും ഖോജ കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളെ ആരോഗ്യപരമായി കാത്തുസൂക്ഷിക്കാൻ സ്വീകരിക്കുന്ന ഇത്തരം നടപടികളിലൂടെ രോഗബാധിതരായ വിദേശീകളുടെ വരവ് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഖോജ വ്യക്തമാക്കി. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇത്തരക്കാരുടെ എണ്ണം എണ്ണം 25 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം അഞ്ചു ശതമാനമായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.