മസ്‌ക്കറ്റ്: ജിസിസി രാജ്യങ്ങളിൽ നിന്ന് ചുരുങ്ങിയ അവധിക്കാലം ചെലവഴിക്കാൻ ഒമാനിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനയെന്ന് മിനിസ്ട്രി ഓഫ് ടൂറിസം. ജിസിസി ടൂറിസ്റ്റുകൾക്കിടയിൽ ഒമാൻ മികച്ച ടൂറിസം സ്‌പോട്ടായി മാറിയ അവസ്ഥയിലാണ് ഒഴിവുകാലം ചെലവഴിക്കാൻ ഒമാനിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്.

2014-ൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 701,311 ജിസിസി ടൂറിസ്റ്റുകൾ ഇവിടം സന്ദർശിക്കാനെത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭൂമിശാസ്ത്രപരമായി ഒമാന്റെ പ്രത്യേകതകൾ തന്നെയാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. പുരാതന കോട്ടകൾ, വർധിച്ചുവരുന്ന ഗതാഗത സൗകര്യങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ പുതിയ വിമാനത്താവളങ്ങൾ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. സലാല അടക്കമുള്ള മനോഹരമായ ഭൂപ്രദേശങ്ങളും വിനോദസഞ്ചാരികളെ ഹരം കൊള്ളിക്കുന്നു.

മരുപ്പച്ചകളും അരുവികളും ജലാശയങ്ങളും പുരാതന സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളും സന്ദർശകരെ ആകർഷിക്കുന്നു. പ്രകൃതിയുടെ വരദാനം പോലെ പഴവർഗങ്ങൾ നിറഞ്ഞുനിൽക്കുന്ന കാലാവസ്ഥയുള്ള ജബൽ അഖ്തർ അടക്കമുള്ള ഭൂപ്രദേശങ്ങളും ജി.സി.സിയിൽ നിന്നുള്ള സന്ദർശകർ ഇഷ്ടപ്പെടുന്നു. കൂടുതൽ സന്ദർശകരെ ആകർഷിക്കാനാണ് വിനോദസഞ്ചാര മന്ത്രാലയം പദ്ധതികൾ തയാറാക്കുന്നത്.