കൊച്ചി:കേരളത്തിൽ ആരു കണ്ടൽ വെട്ടിയാലും കേസെടുക്കും. കണ്ടൽ വെട്ടിയതിന്റെ പേരിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി തന്നെ ഏറ്റവും കൂടുതൽ പഴി കേട്ട നാടാണ് കേരളം. കണ്ണൂരിൽ കണ്ടൽ കാട് വെട്ടി നശിപ്പിച്ചെന്ന പേരിലാണ് സിപിഐ(എം) ഏറെ പഴി കേട്ടത്. എന്നാൽ പ്രതിപക്ഷത്തിനെതിരെ ഇപ്പോൾ കേരളത്തിൽ എന്തു കേസ് വേണമെങ്കിലുമെടുക്കാം, തങ്ങൾ എന്തു തോന്നിവാസവും കാണിക്കുമെന്നാണ് ഭരണകക്ഷിയിലെ ചിലരുടെ മനസിലിരുപ്പ്.

മത്സ്യകൃഷിയുടെ മറവിൽ ഗ്രേറ്റർ കൊച്ചി ഡെവലപ്‌മെന്റ് അഥോറിറ്റി പള്ളുരുത്തി മാനാശേരിയിൽ ഏക്കർ കണക്കിനു കണ്ടൽ ചെടികൾ വെട്ടി നശിപ്പിക്കുന്നതായി പരാതി. പള്ളുരുത്തി രാമേശ്വരം ഡിവിഷനിലെ 25 ഏക്കറിൽപരം വരുന്ന ജിസിഡിഎയുടെ സ്ഥലത്താണ് പുതിയ പദ്ധതിയുടെ മറവിൽ വൻ പരിസ്ഥിതി നശീകരണം നടക്കുന്നത്. പള്ളുരുത്തി പ്രദേശത്തെ പ്രകൃതിക്ഷോഭത്തിൽ നിന്നും മറ്റും രക്ഷിക്കാനായി സംരക്ഷിക്കുന്ന കണ്ടൽ ചെടികളാണ് ചെയർമാനും കെ. കരുണാകരന്റെ പ്രിയ ശിഷ്യനുമായ എൻ വേണുഗോപാലെന്ന ഐ കോൺഗ്രസ്സ് നേതാവിന്റെ ഒത്താശയോടെ വെട്ടുന്നത്.

കണ്ടൽ നിറഞ്ഞ ചതുപ്പുനിലത്തിൽ മണ്ണ് കുഴിച്ചെടുത്ത് 25 ഏക്കറിന് ചുറ്റും നികത്തിയെടുക്കാനാണ് നീക്കമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പ്രദേശത്തെ ആറ് ഏക്കറിലാണ് ജൈവ മത്സ്യകൃഷി നടത്താൻ ജിസിഡിഎ പദ്ധതിയിട്ടിരിക്കുന്നത്. ഏതാണ്ട് ആറര കോടി രൂപയോളമാണ് ഇതിന് ചെലവായി അഥോറിറ്റി നീക്കിവച്ചിരിക്കുന്നത്. തീരദേശപരിപാലന അഥോറിറ്റിയുടെ സർവെ പ്രകാരം സിആർഇസെഡ് ഒന്നാം സോണിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.നിയമപ്രകാരം ഒരു ചെടിക്ക് എന്തെങ്കിലും തരത്തിൽ നാശനഷ്ടമുണ്ടായാൽ വനം വകുപ്പിനും പൊലീസിനും കേസെടുക്കാമെന്നിരിക്കെയാണ് അവരുടെയെല്ലാം കൺമുൻപിൽ നഗ്നമായ നിയമ ലംഘനം നടക്കുന്നത്.

കഴിഞ്ഞ ദിവസം അന്തരിച്ച കല്ലേൻ പൊക്കൂടൻ ഉൾപ്പെടെയുള്ള കണ്ടലുകളുടെ കാവലാളുകൾ കണ്ടൽചെടിയുടെ സംരക്ഷണത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിവന്ന നാട്ടിലാണ് സർക്കാർ അഥോറിറ്റി തന്നെ നഗ്‌നമായ പരിസ്ഥിതി നശീകരണം നടത്തുന്നത്. ജൈവമത്സ്യകൃഷി നടത്താൻ കണ്ടൽ വെട്ടാമെന്ന് ഉത്തരവ് തങ്ങൾക്കുണ്ടെന്നാണ് ജിസിഡിഎയുടെ അവകാശവാദം. എന്നാൽ ഇത് എവിടെ നിന്നുള്ള ഉത്തരവാണെന്നതിൽ ആർക്കും വ്യക്തതയില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ കണ്ടൽ വെട്ടാനും നിലവിലെ നിയമം അനുവദിക്കുന്നില്ല. കൂട്ടമായി നിൽക്കുന്ന നൂറുകണക്കിന് കണ്ടലുകളാണ് ഇവിടെ യാതൊരു മാനദണ്ഡവും കൂടാതെ വെട്ടി നശിപ്പിച്ചത്. വലിയ ഹിറ്റാച്ചി ചതുപ്പിലിറക്കിയാണ് ട്രഞ്ചിങ്ങ് നടത്തുന്നത്.

നിയമ ലംഘനം ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ കെ ടി ചെഷയർ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്. ചെഷയറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കണ്ടൽ കാട് വെട്ടുന്നത് നിർത്തിവയ്ക്കാൻ അവരും തയ്യാറായിട്ടില്ല. കണ്ടൽ വെട്ടുന്നത് വനനിയമപ്രകാരവും കുറ്റകരമാണ്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയില്ലെന്നാണു വിവരം. മുൻ എംഎൽഎ ആയിരുന്ന സി എം ദിനേശ്മണി പള്ളുരുത്തിയിൽ അദ്ദേഹത്തിന്റെ കാലത്ത് ഒരു സീവേജ് പ്ലാന്റ് സ്ഥാപിക്കാൻ ഈ സ്ഥലത്ത് ഉദ്യോഗസ്ഥരെ വച്ച് സർവ്വെ നടത്തിയിരുന്നു.

അതിന്റെ ഭാഗമായി കണ്ടൽ വെട്ടിയെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരായി കേസെടുക്കാൻ പ്രയത്‌നിച്ചവർ തന്നെയാണ് ഇപ്പോൾ ഈ പരിസ്ഥിതി നശീകരണത്തിനു പിന്നിലെന്നാണ് കൗതുകകരമായ വസ്തുത. ജിസിഡിഎ ഇപ്പോൾ നടത്തുന്നത് തട്ടിപ്പ് പദ്ധതിയാണെന്ന് സിഎം ദിനേശ്മണി മറുനാടൻ മലയാളിയോട് പറഞ്ഞു. മത്സ്യ കൃഷി ഈ ചതുപ്പിൽ നടക്കുമോയെന്നു പോലും സംശയിക്കുന്നവർ പ്രദേശത്തുണ്ട്. സിപിഎമ്മിന് കാര്യമായ സ്വാധീനമുള്ള മേഖലയായിട്ടുപോലും അവരും വിഷയത്തിൽ മൗനം പാലിക്കുകയാണ്.

ആറ് ഏക്കറിൽ നിന്ന് എടുക്കുന്ന ചെളി മുഴുവൻ മറ്റു കണ്ടലുള്ള ഭാഗത്തേക്ക് കൂടി ഇട്ട് നികത്തി ഭൂമിക്കച്ചവടമാണ് ജിസിഡിഎ ചെയർമാനും കൂട്ടരും ഉദ്ദേശിക്കുന്നതെന്ന് പരാതിക്കാരനായ ചെഷയർ ആരോപിച്ചു. സമീപഭാവിയിൽ തന്നെ പ്രദേശത്തെ മറ്റു കണ്ടൽ കാടുകൾക്കും ഇതേ അവസ്ഥ തന്നെ വരുമെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ അഥോറിറ്റി തന്നെ നഗ്നമായ നിയമലംഘനം നടത്തിയിട്ടും മറ്റു വകുപ്പുകൾ നടപടിയെടുക്കാതെ നോക്കുകുത്തികളായി നിൽക്കുകയാണ്. എന്നാൽ വിഷയം അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിലാണ് ജില്ലാഭരണകൂടത്തിന്റെ ഇപ്പോഴത്തെ നിലപാട്്.

സ്ഥിരം പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാറുള്ള സ്വയം പ്രഖ്യാപിത പരിസ്ഥിതി ബുദ്ധിജീവികളെയും പള്ളുരുത്തി വഴിക്ക് കാണാത്തതും ദുരൂഹമാണ്.